ഇടുക്കി: എസ് രാജേന്ദ്രന് ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില് പ്രതികരണവുമായി ഡീന് കുര്യാക്കോസ്. രാജേന്ദ്രന് കഴിഞ്ഞ ദിവസം സിപിഐഎമ്മിലേക്ക് മടങ്ങി എത്തി എന്ന് കേട്ടതാണ്. ഇപ്പോള് കേള്ക്കുന്നത് ബിജെപിയിലേക്ക് പോയെന്നാണ്. ഇതിനര്ത്ഥം ഇന്നത്തെ സിപിഐഎം നാളത്തെ ബിജെപി ആണെന്നാണ്.
ബിജെപി ഒരു പാര്ട്ടിയെ മുഴുവനായി വിഴുങ്ങിയിട്ടുണ്ടെങ്കില് അത് സിപിഐഎമ്മിനെയാണ്. ബംഗാളിലും ത്രിപുരയിലും അതാണ് കണ്ടത്. കേരളത്തിലും ഇത് ആവര്ത്തിയ്ക്കുന്നു. കഴിഞ്ഞ ദിവസം രാജേന്ദ്രനെ സ്വികരിച്ച എം എം മണി അടക്കമുള്ളവര് മറുപടി പറയണമെന്നും ഡീന് കുര്യാക്കോസ് ആവശ്യപ്പെട്ടു.
അതേസമയം ഡല്ഹിയില് പ്രകാശ് ജാവദേക്കറുമായി നടത്തിയത് സൗഹൃദ സന്ദര്ശനമാണെന്നാണ് എസ് രാജേന്ദ്രന് പ്രതികരിച്ചത്. ബിജെപിയിലേക്ക് പോകാന് ഉദ്ദേശിച്ചിട്ടില്ല. പ്ലാന്റേഷന് വിഷയവുമായി ബന്ധപ്പെട്ടാണ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത്. സിപിഐഎമ്മുമായുള്ള അഭിപ്രായ വ്യത്യാസം പരിഹരിച്ച ശേഷം അംഗത്വം പുതുക്കുമെന്നും എസ് രാജേന്ദ്രന് പ്രതികരിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു രാജേന്ദ്രന് ഡല്ഹിയില് കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത്. ജാവദേക്കറിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച നടന്നത്.