കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ വൈസ് ചാൻസലർക്കെതിരെ പോസ്റ്ററുകളും ബാനറുകളും പാടില്ലെന്ന് രജിസ്ട്രാറുടെ കത്ത്. ലീഗ് അനുകൂല സംഘടനയായ സോളിഡാരിറ്റി ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസിനാണ് രജിസ്ട്രാർ കത്തയച്ചത്. സ്ഥാപിച്ച പോസ്റ്ററുകളും ബാനറുകളും ഉടൻ നീക്കം ചെയ്യാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
നേരത്തെ ചാൻസലർ ആരിഫ് മുഹമ്മദ് ഖാൻ്റെ സന്ദർശനത്തോട് അനുബന്ധിച്ചും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ പോസ്റ്ററുകളും ബാനറുകളുമായി ബന്ധപ്പെട്ട് വിവാദം ഉണ്ടായിരുന്നു. അന്ന് ചാൻസലർ കൂടിയായ ഗവർണർക്കെതിരെ ക്യാമ്പസിലുടനീളം എസ്എഫ്ഐ പോസ്റ്ററുകൾ പതിക്കുകയും ബാനറുകൾ ഉയർത്തുകയും ചെയ്തിരുന്നു. ഗവർണർ കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസിലെത്തിയ സമയം 'ഗോ ബാക്ക് ഗവർണർ' എന്നെഴുതിയ കൂറ്റൻ ബാനർ പൊലീസിനെക്കൊണ്ട് ഗവർണർ നേരിട്ട് നീക്കം ചെയ്യിച്ചിരുന്നു.
ഇതിന് പിന്നാലെ വിസി അടക്കമുള്ളവരോട് ഈ വിഷയത്തിൽ ഗവർണർ വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വിസിക്കെതിരായ പോസ്റ്ററുകളും ബാനറുകളും പാടില്ലെന്ന് രജിസ്ട്രാർ കത്തയച്ചിരിക്കുന്നത്.