പത്തനംതിട്ട: പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക്കിന്റെ മുഖാമുഖത്തിൽ കുടുംബശ്രീ അംഗങ്ങൾ നിർബന്ധമായും പങ്കെടുക്കണമെന്ന് സിഡിഎസ് ചെയർപേഴ്സന്റെ ഓഡിയോ സന്ദേശം. പത്തനംതിട്ട കുന്നന്താനം പഞ്ചായത്ത് സിഡിഎസ് ചെയർപേഴ്സൺ രഞ്ജിനി അജിത്തിൻ്റേതാണ് ഓഡിയോ സന്ദേശം. കുടുംബശ്രീയുടെ ഓരോ നേട്ടത്തിന് പിന്നിലും തോമസ് ഐസക്കാണെന്നും അടുത്ത വർഷത്തേക്കുള്ള പദ്ധതികൾ വരെ തോമസ് ഐസക് കൃത്യമായി ചെയ്ത് വെച്ചിട്ടുണ്ടെന്നും ഓഡിയോ സന്ദേശത്തില് പറയുന്നു.
''നാളെ നടക്കുന്ന മുഖാമുഖം പ്രോഗ്രാമിൽ ഒരു കുടുംബശ്രീയിൽ നിന്നും അഞ്ച് അംഗങ്ങൾ വീതവും, കുടുംബശ്രീ സെക്രട്ടറിയും പ്രസിഡൻ്റും നിർബന്ധമായും പങ്കെടുക്കണം. സംരംഭകരും മറ്റ് ഗ്രൂപ്പുകളും ഈ മീറ്റിങ്ങിൽ പങ്കെടുക്കേണ്ടതാണ്. കുടുംബശ്രീ എന്ന പ്രസ്ഥാനം ഇത്രയും വളർന്ന് 25 വർഷം പിന്നിടുകയാണ്. കുടുംബശ്രീയുടെ ഓരോ നേട്ടത്തിനു പിന്നിലും ഐസക് സാറിൻ്റെ പ്രവർത്തനമാണ്. കുടുംബശ്രീ സംവിധാനത്തിൻ്റെ തുടക്കം മുതലുള്ള പ്രോജക്ടുകളില് നല്ലൊരു സ്ഥാനം വഹിച്ചത് നമ്മുടെ ഐസക് സാറാണ്. അടുത്ത വർഷം നടത്തേണ്ട പ്രോജക്ടുകള് ഇപ്പോഴേ തന്നെ സർ കൃത്യമായി ചെയ്ത് വച്ചിരിക്കുകയാണ്.
ഇപ്പോൾ തന്നെ കുടുംബശ്രീകളുടെ പ്രവർത്തനമേഖല നോക്കിയാൽ അവിടെയെല്ലാം സാറിൻ്റെ കാഴ്ചപ്പാടാണ്. ഈ കാഴ്ചപ്പാടെല്ലാം നമുക്ക് വേണ്ടി പങ്കിടാനും അത് പോലെ തന്നെ ഇനി നടക്കാനിരിക്കുന്ന ഓരോ പ്രവർത്തനങ്ങളും സാറിലൂടെ തന്നെ നമുക്ക് മനസ്സിലാക്കുവാനും നമ്മുടെ ഓരോ സംശയങ്ങളും സാറിനോട് ചോദിക്കുകയും അറിയുകയും ചെയ്യാനുമുള്ള അവസരമാണിത്. ഈ അവസരം ഓരോരുത്തരും പ്രയോജനപ്പെടുത്തണം. എല്ലാവരുടെയും സഹകരണവും സാന്നിധ്യവും ക്ഷണിച്ച് കൊള്ളുന്നു. എല്ലാവരും നാളെ കൃത്യം 10 മണിക്ക് കുന്നന്താനം കമ്മ്യൂണിറ്റി ഹാളിൽ എത്തിച്ചേരണം'' - എഡിഎസിന്റെ ഓഡിയോ സന്ദേശത്തില് പറയുന്നു.
പത്തനംതിട്ട മണ്ഡലത്തില് ഇത്തവണ പോരാട്ടം ശക്തമാണ്. കോണ്ഗ്രസിന്റെ സിറ്റിങ് എംപി ആന്റോ ആന്റണിയ്ക്കെതിരെ മുൻ ധനമന്ത്രി തോമസ് ഐസക്കിനെയാണ് എൽഡിഎഫ് രംഗത്ത് ഇറക്കിയിരിക്കുന്നത്. എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണിയെ ആണ് എൻഡിഎ കളത്തിലിറക്കിയിരിക്കുന്നത്.