തിരുവനന്തപുരം: കോഴിക്കോട് ബേപ്പൂർ മണ്ഡലത്തില് ഒരാൾക്ക് തന്നെ മൂന്ന് വ്യത്യസ്ത നമ്പറുകളിൽ വോട്ടേഴ്സ് ഐഡി കാർഡ് അനുവദിച്ച് വിഷയത്തിൽ പ്രതികരിച്ച് ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് കൗൾ. സംവിധാനം ശരിയല്ലെന്ന് കാണിക്കാൻ ഒരാൾ ബോധപൂർവം ചെയ്ത കാര്യമാണിതെന്നായിരുന്നു മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറുടെ പ്രതികരണം. ഈ വിഷയത്തിൽ പൊലീസ് കേസുമായി മുന്നോട്ട് പോകുമെന്നും ചീഫ് ഇലക്ടറൽ ഓഫീസർ വ്യക്തമാക്കി.
ബേപ്പൂർ സംഭവം പുറത്ത് വന്നതിന് ശേഷം സംസ്ഥാനത്താകെ പരിശോധന നടത്തിയെന്നും 0.01% ഇരട്ട വോട്ട് മാത്രമാണ് കണ്ടെത്തിയതെന്നും സഞ്ജയ് കൗൾ വ്യക്തമാക്കി. ഇരട്ട വോട്ട് കണ്ടെത്താൻ ഇലക്ഷൻ കമ്മീഷന് സോഫ്റ്റ് വെയർ ഉണ്ട്. ദുരുപയോഗം ചെയ്യാൻ സാധ്യത ഉള്ളതിനാൽ സോഫ്റ്റ്വെയര് ഫ്രീസ് ചെയ്തിരിക്കുകയാണ്. അതിനാൽ ഇപ്പോൾ മാന്വലായാണ് പരിശോധന നടത്തുന്നതെന്നും ചീഫ് ഇലക്ടറൽ ഓഫീസർ വ്യക്തമാക്കി. ബേപ്പൂർ മണ്ഡലത്തില് ഒരാൾക്ക് തന്നെ മൂന്ന് വ്യത്യസ്ത നമ്പറുകളിൽ വോട്ടേഴ്സ് ഐഡി കാർഡ് അനുവദിച്ച വിഷയം റിപ്പോർട്ടർ ടിവിയാണ് പുറത്ത് കൊണ്ടുവന്നത്.
ആറ്റിങ്ങൽ മണ്ഡലത്തിൽ 1.72ലക്ഷം ഇരട്ട വോട്ടുണ്ടെന്ന പരാതി ലഭിച്ചിട്ടുണ്ട്. എന്നാൽ 400 ഇരട്ട വോട്ടാണ് കണ്ടെത്തിയതെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ വ്യക്തമാക്കി. 2024 ൽ 46472 ഇരട്ട വോട്ടുകൾ ഒഴിവാക്കിയെന്നും 2019 ന് ശേഷം 158893 ഇരട്ട വോട്ടുകൾ ഒഴിവാക്കിയെന്നും ചീഫ് ഇലക്ടറൽ ഓഫീസർ വ്യക്തമാക്കി. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.