ജോലി വാഗ്ദാനം ചെയ്ത് മനുഷ്യക്കടത്ത്; റഷ്യ-യുക്രെയ്ൻ യുദ്ധത്തില് അഞ്ചുതെങ്ങ് സ്വദേശിക്ക് പരിക്ക്

പ്രിൻസിനൊപ്പം തട്ടിപ്പിനിരയായ വിനീത്, ടിനു എന്നിവർ യുക്രെയ്ൻ യുദ്ധമുഖത്താണെന്നും മൂന്നുപേരെയും നാട്ടിലെത്തിക്കാൻ ഇടപെടണമെന്നുമാണ് ഇവരുടെ വീട്ടുകാരുടെ ആവശ്യം

dot image

തിരുവനന്തപുരം: റഷ്യയ്ക്കു വേണ്ടി യുക്രെയ്നുമായി യുദ്ധം ചെയ്യാനായി മൂന്ന് മലയാളികളെ മനുഷ്യക്കടത്തിന് ഇരയാക്കിയെന്ന് വെളിപ്പെടുത്തല്. അഞ്ചുതെങ്ങ് സ്വദേശിയായ പ്രിൻസ് സെബാസ്റ്റ്യന് യുദ്ധത്തിലും മൈൻ സ്ഫോടനത്തിലും കാലിന് മാരകമായി പരിക്കേറ്റ് ചികിത്സയിലാണ്. പ്രിൻസിനൊപ്പം തട്ടിപ്പിനിരയായ വിനീത്, ടിനു എന്നിവർ യുക്രെയ്ൻ യുദ്ധമുഖത്താണെന്നും മൂന്നുപേരെയും നാട്ടിലെത്തിക്കാൻ ഇടപെടണമെന്നുമാണ് ഇവരുടെ വീട്ടുകാരുടെ ആവശ്യം.

അഞ്ചുതെങ്ങ് സ്വദേശികളായ പ്രിൻസ്, വിനീത്, ടിനു എന്നിവരെയാണ് സെക്യൂരിറ്റി ആര്മി ഹെല്പ്പര് എന്ന തസ്തികയില് ജോലിയുണ്ടെന്ന് വാഗ്ദാനം ചെയ്ത് മനുഷ്യക്കടത്ത് സംഘം റഷ്യയിലെത്തിച്ചത്. ഒരു കുടുംബത്തിലെ അംഗങ്ങളാണ് ഇവർ മൂവരും. ഏഴ് ലക്ഷം രൂപവീതം മുടക്കിയാണ് ഇവർ റഷ്യയിലേയ്ക്കുള്ള വിസ തരപ്പെടുത്തിയത്. പലിശക്കാരിൽ നിന്നും കടം വാങ്ങിയും ലോണെടുത്തുമാണ് ഇവർക്ക് റഷ്യയ്ക്ക് പോകാനുള്ള പണം സംഘടിപ്പിച്ച് നൽകിയതെന്നാണ് വീട്ടുകാർ പറയുന്നത്.

ഈ വർഷം ജനുവരി 3ന് റഷ്യയിലേയ്ക്ക് പോയ ഇവർ രണ്ടാഴ്ച മുമ്പാണ് വീട്ടിലേയ്ക്ക് വിളിച്ച് യുദ്ധത്തിലാണെന്നും യുദ്ധത്തില് പരിക്കേറ്റെന്നും അറിയിക്കുന്നത്. തുമ്പ സ്വദേശി പ്രിയനാണ് ഇവരെ കൊണ്ടുപോയതെന്നാണ് വീട്ടുകാര് പറയുന്നത്. 22 ദിവസത്തെ ട്രെയിനിങ് കൊടുത്തു. ട്രെയിനിങ്ങിന് ശേഷം മൂവരെയും രണ്ടു ടീമുകളിലാക്കി യുദ്ധമുഖത്തേയ്ക്ക് വിടുകയായിരുന്നു. ഇതില് പ്രിൻസ് സെബാസ്റ്റ്യന് പിന്നീട് യുദ്ധത്തിൽ പരിക്കേൽക്കുകയായിരുന്നു. ചെവിക്ക് വെടിയേൽക്കുകയും മൈൻ സ്ഫോടനത്തിൽ പരിക്കേൽക്കുകയും ചെയ്ത പ്രിൻസ് ഇപ്പോൾ ചികിത്സയിലാണെന്ന് അറിയിച്ചതായാണ് വീട്ടുകാർ പറയുന്നത്. പരിക്കു പറ്റിയ പ്രിന്സ് അഞ്ചോളം ആശുപത്രികളില് ചികിത്സ തേടിയെന്ന് വിളിച്ചറിയിച്ചുവെന്നാണ് കുടുംബം പറയുന്നത്. ടിനുവും വിനീതും യുദ്ധമുഖത്താണെന്ന് പ്രിന്സ് പറഞ്ഞതായും വീട്ടുകാർ പറയുന്നു. ചികിത്സയിലിരിക്കുന്ന ആശുപത്രിയിൽ നിന്ന് ഫോൺ സംഘടിപ്പിച്ച് പ്രിൻസ് സഹോദരനെ വിളിക്കുകയായിരുന്നു. പ്രിന്സ് ചികിത്സയ്ക്ക് ശേഷം 15 ദിവസത്തെ ചികിത്സാലീവിലാണെന്ന് പറഞ്ഞതായും വീട്ടുകാര് പറയുന്നു.

മനുഷ്യതട്ടിപ്പ് സംബന്ധിച്ച് അന്വേഷിക്കുന്ന സിബിഐ സംഘം വീട്ടിലെത്തി മൊഴിയെടുത്തെന്നും പിന്നീട് ഓഫീസില് വിളിച്ച് മൊഴിയെടുത്തെന്നും വീട്ടുകാർ പറയുന്നു. മാസം രണ്ട് ലക്ഷം രൂപ ശമ്പളം വാഗ്ദാനം ചെയ്താണ് ഇവരെ ജോലിക്കെന്ന് പറഞ്ഞ് കൊണ്ടുപോയതെന്നാണ് വീട്ടുകാർ പറയുന്നത്. വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ വീട്ടിലെത്തി വേണ്ട സഹായങ്ങള് വാഗ്ദാനം ചെയ്തിരുന്നുവെന്നും മൂവരെയും സുരക്ഷിതരായി വീട്ടിലെത്തിക്കണമെന്നുമാണ് വീട്ടുകാരുടെ ആവശ്യം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us