കൊച്ചി: എംപി ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് വ്യാജ പ്രചരണം നടത്തിയെന്നാരോപിച്ച് വക്കീല് നോട്ടീസ് അയച്ച് കൊടിക്കുന്നില് സുരേഷ് എംപി. വക്കീല് നോട്ടീസ് ലഭിച്ച് മൂന്ന് ദിവസത്തിനകം പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കില് കേസ് ഉള്പ്പെടെയുള്ള നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും കൊടിക്കുന്നില് സുരേഷ് പറഞ്ഞു. മാവേലിക്കര മണ്ഡലത്തില് കഴിഞ്ഞ അഞ്ചുവര്ഷക്കാലയളവില് ആറ് കോടിയിലധികം രൂപ എംപി ഫണ്ട് ഇനത്തില് വിനിയോഗിക്കാതെ നഷ്ടപ്പെടുത്തി കളഞ്ഞുവെന്ന പ്രചാരണത്തിനെതിരെയാണ് എംപി രംഗത്തെത്തിയത്.
എം വി ഗോപകുമാര്, ജെയിംസ് സാമുവല്, ജിസ്മോന് ടി ടി എന്നിവര്ക്കെതിരെയാണ് ഇപ്പോള് വക്കീല്നോട്ടീസ് അയച്ചിരിക്കുന്നത്. എം പി ലാഡ്സ് പദ്ധതി പ്രവര്ത്തനങ്ങളുടെ നോഡല് ഓഫീസ് ആയ ജില്ലാ പ്ലാനിങ് ഓഫീസില് എംപി ഫണ്ട് വിനിയോഗത്തെ പറ്റിയുള്ള കൃത്യമായ കണക്ക് ലഭിക്കുമെന്നിരിക്കെ വ്യക്തിപരമായി അധിക്ഷേപിക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രം മുന്നിര്ത്തിയാണ് അപ്ഡേറ്റ് അല്ലാത്തതും അനൗദ്യോഗികവും വിശ്വാസയോഗ്യവുമല്ലാത്തതുമായ ഡേറ്റാ സോഴ്സുകളെ മുന്നിര്ത്തി പ്രസ്തുത കക്ഷികള് അപവാദ പ്രചരണം നടത്തുന്നതെന്ന് എം പിയും മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്ത്ഥിയുമായ കൊടിക്കുന്നില് സുരേഷ് പറഞ്ഞു.
'പ്രാദേശിക വികസന ഫണ്ട് പൂര്ണ്ണമായും ചെലവഴിച്ചു'; ആരോപണം നിഷേധിച്ച് കൊടിക്കുന്നില് സുരേഷ്, കണക്ക്പ്രതികരണത്തിന്റെ പൂര്ണ്ണരൂപം-
എംപി ഫണ്ട് വിനിയോഗം - വ്യാജ പ്രചരണം നടത്തിയവര്ക്കെതിരെ വക്കീല് നോട്ടീസ് അയച്ചു.മാവേലിക്കര പാര്ലമെന്റ് മണ്ഡലത്തില് കഴിഞ്ഞ അഞ്ചുവര്ഷക്കാലയളവില് 6 കോടിയിലധികം രൂപ എംപി ഫണ്ട് ഇനത്തില് വിനിയോഗിക്കാതെ നഷ്ടപ്പെടുത്തി കളഞ്ഞു എന്ന തരത്തില് പൊതുജനമധ്യത്തില് താറടിച്ചു കാണിക്കുവാനും വ്യക്തിപരമായി, അധിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടുകൂടിയും വിവിധ പത്ര ദൃശ്യ നവയുഗ മാധ്യമങ്ങളില് കൂടി നിരന്തരം വസ്തുതാ വിരുദ്ധമായ കാര്യങ്ങള് പ്രചരിപ്പിച്ച് മുഴുവന് ഫണ്ടും പൂര്ണമായും ചിലവഴിച്ച എന്റെ പ്രവര്ത്തനങ്ങളെ പൊതുജനങ്ങള്ക്ക് തെറ്റിദ്ധാരണ ഉണ്ടാകുന്ന തരത്തില് കുപ്രചരണം നടത്തിയ എം വി ഗോപകുമാര്, ജെയിംസ് സാമുവല്, ജിസ്മോന് ടി ടി എന്നിവര്ക്കെതിരെയാണ് ആദ്യഘട്ടത്തില് വക്കീല് നോട്ടീസ് അയക്കുന്നത്.
വക്കീല് നോട്ടീസ് ലഭച്ച് മൂന്നു ദിവസത്തിനുള്ളില് പരസ്യമായി പത്ര ദൃശ്യ നവയുഗ മാധ്യമങ്ങളില് കൂടി മാപ്പ് പറയാത്ത പക്ഷം കേസ് രജിസ്റ്റര് ചെയ്ത് നിയമനടപടികളുമായി മുന്നോട്ട് പോകുന്നതായിരിക്കും.
എം പി ലാഡ്സ് പദ്ധതി പ്രവര്ത്തനങ്ങളുടെ നോഡല് ഓഫീസ് ആയ ജില്ലാ പ്ലാനിങ് ഓഫീസില് എംപി ഫണ്ട് വിനിയോഗത്തെ പറ്റിയുള്ള കൃത്യമായ കണക്ക് ലഭിക്കുമെന്നിരിക്കെ വ്യക്തിപരമായി അധിക്ഷേപിക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രം മുന്നിര്ത്തിയാണ് അപ്ഡേറ്റ് അല്ലാത്തതും അനൗദ്യോഗികവും വിശ്വാസയോഗ്യവുമല്ലാത്തതുമായ ഡേറ്റാ സോഴ്സുകളെ മുന്നിര്ത്തി പ്രസ്തുത കക്ഷികള് അപവാദ പ്രചരണം നടത്തുന്നത്.
എംപി ഫണ്ട് വിനിയോഗത്തെ സംബന്ധിച്ചുള്ള കൃത്യവും സുതാര്യവുമായ വിവരങ്ങള് അറിയുവാന് ഏതൊരാള്ക്കും ജില്ലാ പ്ലാനിംഗ് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. മുന്പ് തെറ്റായ വാര്ത്ത നല്കിയ മാതൃഭൂമി, റിപ്പോര്ട്ടര് എന്നീ മാധ്യമ സ്ഥാപനങ്ങള് തങ്ങള്ക്ക് പറ്റിയ തെറ്റ് തിരുത്തുകയും വസ്തുതകള് പ്രസിദ്ധീകരിച്ചിട്ടുള്ളതുമാണ്.