മലപ്പുറം: എസ്ഡിപിഐ, വെൽഫെയർ പാർട്ടി ഉൾപ്പെടെയുള്ള ന്യൂനപക്ഷ പാർട്ടികളുടെ പിന്തുണ തേടുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി മലപ്പുറം ലോക്സഭ മണ്ഡലത്തിലെ മൂന്ന് മുന്നണികളുടെയും സ്ഥാനാർഥികൾ. രാഷ്ട്രീയ വിയോജിപ്പുകളുണ്ടെങ്കിലും പരമാവധി വോട്ടുറപ്പിക്കാനാണ് സ്ഥാനാർഥികളുടെ ശ്രമം.
എസ്ഡിപിഐയെ എല്ലാ കാലത്തും പരസ്യമായി എതിർത്ത പാർട്ടിയാണ് മുസ്ലിം ലീഗ്. ലീഗിന്റെ പൊന്നാപുരം കോട്ടയിൽ സ്ഥാനാർഥി എന്ന നിലയിൽ എല്ലാ ജനവിഭാഗത്തിന്റെയും വോട്ട് തേടുമെന്നാണ് യുഡിഎഫ് സ്ഥാനാർഥി ഇ ടി മുഹമ്മദ് ബഷീറിന്റെ പ്രതികരണം. ജമാഅത്ത് ഇസ്ലാമിയെ ഉൾപ്പടെ രൂക്ഷമായി വിമർശിക്കുന്ന സിപിഐഎം മലപ്പുറത്ത് എത്തുമ്പോൾ ഗിയർ മാറ്റും. വേണ്ടത്ര പിന്തുണ ലഭിക്കില്ലെങ്കിലും സംഘടന നോക്കാതെ മതനിരപേക്ഷ വിശ്വാസികളുടെ പിന്തുണ തേടുമെന്നാണ് എൽഡിഎഫ് സ്ഥാനാർത്ഥി വി വസീഫ് പ്രതികരിച്ചത്.
ഇന്ത്യൻ പൗരനാണെങ്കിൽ തനിക്ക് വേണ്ടി ആർക്കും വോട്ട് ചെയ്യാം എന്നായിരുന്നു എൻ ഡി എ സ്ഥാനാർഥി എം അബ്ദുൾ സലാമിന്റെ പ്രതികരണം. അക്രമം ഇല്ലാത്ത എസ് ഡി പി ഐ യോട് ഒരു വിരോധവും ഇല്ലെന്നും സലാം കൂട്ടിച്ചേർത്തു.