തൊടുപുഴ: പ്രകാശ് ജാവേദ്കറിനൊപ്പം ഫോട്ടോയെടുത്തത് വലിയ ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ദേവികുളം സിപിഐഎം മുന് എംഎല്എ എസ് രാജേന്ദ്രന്. അങ്ങനെ പടമെടുക്കുമെന്ന് വിചാരിച്ചില്ല. പ്രകാശ് ജാവേദ്കറുമായി നിൽക്കുന്ന ഫോട്ടോ പുറത്തു വന്നതിന് ശേഷം സിപിഐഎം നേതാക്കൾ വിളിച്ചിരുന്നു. അവരോട് കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്നും രാജേന്ദ്രൻ പറഞ്ഞു. കൺവെൻഷനിൽ പങ്കെടുത്തതിന് ശേഷം പ്രകാശ് ജാവദേക്കറെ കണ്ടതാണ് പ്രശ്നമായത്. ജാവ്ദേക്കറുമായുള്ള കൂടിക്കാഴ്ച ഈ അവസരത്തിൽ വേണ്ടായിരുന്നുവെന്ന് രാജേന്ദ്രൻ പറഞ്ഞു. പാർട്ടിയെ പ്രതിരോധത്തിലാക്കും എന്ന് ചിന്തിക്കാതെ പോയെന്നും ബിജെപിയിലേക്ക് പോകാനില്ലെന്ന നിലപാടിൽ മാറ്റമില്ലെന്നും രാജേന്ദ്രന് ആവർത്തിച്ച് പറഞ്ഞു.
എതിരാളികൾ ആരോപിക്കുന്നത് പോലെ ബിജെപിയിലേക്ക് ചേക്കേറാൻ പോയതല്ല ഡൽഹിയിലേക്കെന്ന് രാജേന്ദ്രൻ പറഞ്ഞു. ബിജെപിയിൽ നിന്ന് ഒരു ആനുകൂല്യം വാങ്ങുവാനും പോയതല്ല. വ്യക്തിപരമായ ആവശ്യങ്ങൾക്ക് വേണ്ടിയാണ് ഡൽഹിയിൽ പോയത്. പൊതുവിൽ സംസാരിക്കുന്ന രീതിയിൽ തിരഞ്ഞെടുപ്പ് കാര്യങ്ങളും രാഷ്ട്രീയവും സംസാരിച്ചു. മറച്ചു വെക്കേണ്ട ഒരു കാര്യവും ഉണ്ടായിട്ടില്ല. പാർട്ടിയെ സമ്മർദ്ദത്തിൽ ആക്കിയിട്ട് എന്ത് ചെയ്യാൻ. സിപിഐഎം പേടിക്കുന്ന പാർട്ടി ഒന്നുമല്ലെന്നും രാജേന്ദ്രൻ പറഞ്ഞു.
താൻ ഇപ്പോൾ ഒരു നേതാവല്ല അതിൻ്റെ പേരിൽ അല്ല പോയത് വ്യക്തിപരമായ ബന്ധത്തിൻറെ അടിസ്ഥാനത്തിലാണ് ഡൽഹിയിൽ പോയതെന്നും രാജേന്ദ്രൻ പറഞ്ഞു. പത്രവാർത്തകളിൽ കാണുന്നതുപോലെ ബിജെപിയിൽ പോകാനോ മെമ്പർഷിപ്പ് എടുക്കാനോ ഉദ്ദേശിക്കുന്നില്ല. ഇന്നുവരെ പാർട്ടിക്കെതിരെ ചിന്തിക്കുകയോ പ്രവർത്തിക്കുകയോ ചെയ്തിട്ടില്ലെന്നും രാജേന്ദ്രൻ പറഞ്ഞു.