അധിക്ഷേപം ആവര്ത്തിച്ച് സത്യഭാമ; സൗന്ദര്യം ഇല്ലാത്തവര് മോഹിനിയാട്ടം കളിക്കേണ്ട

മോഹിനിയാട്ടം കളിക്കണമെങ്കിൽ അത്യാവശ്യം സൗന്ദര്യം വേണം. നിറത്തിന് സൗന്ദര്യത്തിൽ പ്രാധാന്യമുണ്ട്. ഇല്ലെങ്കിൽ ഏതെങ്കിലും കറുത്ത കുട്ടിക്ക് സൗന്ദര്യമത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ടോ?

dot image

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും വിമർശനം ഉയർന്നിട്ടും അധിക്ഷേപ നിലപാടിൽ ഉറച്ചു നിൽക്കുന്ന സമീപനം സത്യഭാമ തുടർന്നത്.

'യൂണിവേഴ്സിറ്റി, സ്കൂൾ കലോത്സവങ്ങളിൽ വിധികർത്താവായി ഇരുന്നിട്ടുണ്ട്. അവിടെ മാർക്കിടുന്നതിന് നൽകുന്ന പേപ്പറിൽ ആദ്യ കോളത്തിലെ ചോദ്യം കുട്ടിയുടെ സൗന്ദര്യത്തെക്കുറിച്ചാണ്. എന്റെ അഭിപ്രായത്തിൽ മോഹനിയാട്ടം ചെയ്യുന്ന കുട്ടി മോഹിനിയായിരിക്കണം, മോഹനൻ ആകരുത്. മോഹനൻ മോഹിനിയാട്ടം കളിച്ചാൽ ശരിയാവില്ല. മോഹിനിയാട്ടം കളിക്കണമെങ്കിൽ അത്യാവശ്യം സൗന്ദര്യം വേണം. നിറത്തിന് സൗന്ദര്യത്തിൽ പ്രാധാന്യമുണ്ട്. ഇല്ലെങ്കിൽ ഏതെങ്കിലും കറുത്ത കുട്ടിക്ക് സൗന്ദര്യമത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ടോ? ആരൊക്കെ വന്നാലും എന്റെ അഭിപ്രായത്തിൽ ഉറച്ചുനിൽക്കും. ഞാൻ ഒരു വ്യക്തിയുടെ പേരും ജാതിയും മതവും ഒന്നും പറഞ്ഞിട്ടില്ല. എന്റെ സ്വന്തം അഭിപ്രായമാണ് പറഞ്ഞത്. മോഹിനിയാട്ടം പഠിക്കാൻ വരുന്ന കുട്ടികൾക്ക് വികാരവും വിചാരവും തിരിച്ചറിയാനാവണം. അതുകൊണ്ടാണ് എൽപി സെക്ഷനിൽ നിന്ന് മോഹിനിയാട്ടം എടുത്തുകളഞ്ഞതെന്നായിരുന്നു മാധ്യമങ്ങളോടുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രതികരണം.

'ഈ ലോകത്ത് ഒരുപാട് കലാകാരന്മാരുണ്ട്. അവരിൽ ചിലർക്ക് കറുത്ത പയ്യനും പെണ്ണും മോഹനിയാട്ടം കളിക്കുന്നതിൽ വിരോധം കാണില്ല. അവർ അത് കൊണ്ടുനടന്നോട്ടെ. ഞാൻ എന്റെ അഭിപ്രായമല്ലേ പറഞ്ഞത്. ഞാൻ വ്യക്തിപരമായി ആരെയും പരാമർശിച്ചിട്ടില്ല. ഞാൻ ഒരു വ്യക്തിയെയും അധിക്ഷേപിച്ചിട്ടില്ല, ജാതി പറഞ്ഞിട്ടില്ല, മതം പറഞ്ഞിട്ടില്ല. ഞാൻ ഇപ്പോൾ 66 വയസ്സായിട്ടും ഇങ്ങനെ ഇരിക്കുന്നില്ല? അതുമതി. നിങ്ങൾ ആരുടെയെങ്കിലും വീട്ടിലുള്ള കുട്ടികൾക്ക് പൊള്ളുന്ന തരത്തിൽ ഞാൻ വല്ലതും പറഞ്ഞോ? നിങ്ങളെ സംബന്ധിച്ചിത് വെറും പ്രോഗ്രാം. നിങ്ങൾ ആ വ്യക്തിയുടെ കൂടെ അങ്ങ് കൂടിക്കൊള്ളൂ. ഞാൻ ഇനിയും പറയും, ഇതിൽ ഒരു കുറ്റബോധവുമില്ലെ'ന്നും കലാമണ്ഡലം സത്യഭാമ ആവർത്തിച്ചു.

താൻ സൗന്ദര്യത്തെക്കുറിച്ച് മാത്രമാണ് പറഞ്ഞതെന്നും നിങ്ങളാരും ജോലി ചെയ്യുന്ന മേഖലയല്ലിതെന്നും കലാമണ്ഡലം സത്യഭാമ മാധ്യമ പ്രവർത്തകരെ ഓർമ്മിപ്പിച്ചു. 'അത്യാവശ്യം സൗന്ദര്യം വേണം. സൗന്ദര്യം ഇല്ലാത്ത ഒരു കുട്ടിക്ക് ഒന്നാം സ്ഥാനം കൊടുത്തിട്ട് കാലിക്കറ്റ് സർവകലാശാലയിൽ എനിക്ക് ചോദ്യം നേരിടേണ്ടി വന്നിട്ടുണ്ട്. കറുത്ത കുട്ടികൾ പരിശീലനത്തിന് വന്നാൽ പരിശീലനം നൽകും, പക്ഷേ മത്സരത്തിന് പോകേണ്ടെന്ന് പറയും. മോൾ മത്സരത്തിന് പോകണ്ട, അമ്പലത്തിലും ക്ഷേത്രങ്ങളിലും കളിച്ചോ, മത്സരത്തിന് പോകുമ്പോൾ സൗന്ദര്യത്തിന് ഒരു കോളമുണ്ട് എന്ന് പറയു'മെന്നും സത്യഭാമ വ്യക്തമാക്കി.

ഞാൻ വിചാരിച്ചാൽ ഇവിടെ ഒന്നും ചെയ്യാൻ കഴിയില്ല. സർക്കാർ തലത്തിൽ ആ കോളമെടുത്ത് കളയണം. ഞങ്ങൾക്ക് തിയറിയിൽ ഒരു നർത്തകിക്ക് വേണ്ടുന്ന ലക്ഷണങ്ങൾ പറയുന്നുണ്ട്. ആർഎൽവിയുമായി എനിക്ക് യാതൊരു ബന്ധവുമില്ല. അയാൾ പറയുന്ന കാര്യങ്ങൾക്ക് തെളിവ് കൊണ്ടുവരാൻ പറയാനും സത്യഭാമ പറഞ്ഞു. 'ആർഎൽവി രാമകൃഷ്ണനുമായി ഒരു പരിചയവുമില്ല. അയാളുമായി പ്രശ്നമുണ്ടോ എന്ന് നിങ്ങളെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ലല്ലോ. എനിക്ക് നീന പ്രസാദിന്റെയും മേതിൽ ദേവികയുടെയും സർട്ടിഫിക്കറ്റ് വേണ്ട. നീന പ്രസാദ് ഏത് സ്ഥാപനത്തിൽ നിന്നാണ് ഡിപ്ലോമ എടുത്തത്. അപ്പോൾ പിന്നെ എന്തിനാണ് നീന പ്രസാദ് പറഞ്ഞുവെന്ന് പറയുന്ന'തെന്നും സത്യഭാമ ചോദിച്ചു.

'എൻ്റെ സ്വന്തം അഭിപ്രായം പറയാൻ ആരുടേയും ചെലവ് വേണ്ടല്ലോ. ഒരു സമൂഹത്തിനെക്കൊണ്ടും എനിക്ക് ഒരു ഗുണവുമില്ല. ഞാൻ പഠിപ്പിക്കുന്നു, എന്റെ കുട്ടികൾ ഫീസ് തരുന്നു, അതുകൊണ്ട് ഞാൻ കഞ്ഞി കുടിച്ച് ജീവിക്കുന്നു. അല്ലാതെ സമൂഹത്തിൽ ഇറങ്ങിയിട്ട് എനിക്ക് അവാര്ഡുകളോ പേവാർഡുകളോ കിട്ടാറില്ലെന്നും' സത്യഭാമ പരിഹസിച്ചു.

'കുറച്ച് സൗന്ദര്യമുള്ള ആളുകൾ മോഹനിയാട്ടത്തിലേക്ക് വന്നാലേ ഭംഗിയുണ്ടാവുകയുള്ളൂ. ശരീരം കൊണ്ട് ചെയ്യുന്ന പ്രവർത്തിയാണ് കൂടുതലും. ഉദാഹരണത്തിന് പൂതനാമോക്ഷം, പൂതന കൃഷ്ണന്റെ അടുത്ത് വന്നു കൃഷ്ണനെ കൊല്ലാൻ നോക്കുന്നത് എങ്ങനെയാണ്. മുലയിൽ വിഷം തേച്ചിട്ട് കൊല്ലാൻ നോക്കുന്നതാണ് കഥ. ഈ രംഗം പ്രായപൂർത്തിയായ പുരുഷൻ ചെയ്യുന്നതും കാണാൻ ഭംഗിയുള്ള ഒരു സ്ത്രീ ബ്രെസ്റ്റൊക്കെ നല്ല ലെവലിൽ നിർത്തി ചെയ്യുന്നതും തമ്മിൽ വ്യത്യാസമുണ്ടോ? ഇതൊക്കെ കണക്കാക്കിയാണ് ഞാൻ പറഞ്ഞത്. മത്സരത്തിനായി ഒരു കുട്ടി 10 മിനിറ്റിൽ കളിക്കുന്നതല്ല മോഹനിയാട്ടം. സെക്സ് രൂപേണയുള്ള ഒരുപാട് കാര്യങ്ങളാണ് മോഹനിയാട്ടത്തിലുള്ളത്. അവിടെ സൗന്ദര്യം എന്ന മാനദണ്ഡമുണ്ട്. മോഹനിയാട്ടം പെൺകുട്ടികളെ ചെയ്യാവൂ എന്നാണ് എന്റെ അഭിപ്രായമെന്നും' സത്യഭാമ വ്യക്തമാക്കി.

'ഞാൻ ആരെയും തേജോവധം ചെയ്തിട്ടില്ല. എന്റെ അറുപത്തിയാറാം വയസ്സിൽ യൂട്യൂബ് ചാനലുകാർ വരുമ്പോൾ ഞാൻ അഭിപ്രായം പറഞ്ഞു. അഭിപ്രായം പറയാൻ പാടില്ല എന്ന് നിയമമുണ്ടോ? ഞാൻ പറയും. ഒരു മര്യാദയും മാനദണ്ഡവുമില്ല. ഞാൻ എന്റെ സ്വന്തം അഭിപ്രായത്തിൽ സംസാരിച്ചൂ, അതിനെന്താ? ഇതിൽ ഒരു പൊതുവികാരവും ഉയർന്നിട്ട് കാര്യമില്ല. സങ്കടം-സന്തോഷം, രാവ്-പകൽ, കറുപ്പ്-വെളുപ്പ് എന്തിനാ ഈ വാക്കുകൾ? നല്ല കറുത്ത കുട്ടിയെ കൊണ്ടുവന്നിട്ട് നല്ല മേക്കപ്പ് ആർട്ടിസ്റ്റുകളെ കൊണ്ട് മേക്കപ്പ് ചെയ്യിപ്പിച്ച് വൃത്തിയാക്കി രക്ഷപ്പെടുന്നുണ്ടെ'ന്നും സത്യഭാമ പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us