'ഉത്തരേന്ത്യയിലെ ഏതോ ഉൾഗ്രാമത്തിലാണോ ഇവർ ജീവിക്കുന്നത്'; ആർഎൽവി രാമകൃഷ്ണന് പിന്തുണയുമായി സീമ ജി നായർ

'സത്യത്തിൽ പുച്ഛം തോന്നുന്നു. ഇന്നും ഇവിടെയൊക്കെ ഇത് നിലകൊള്ളുന്നല്ലോയെന്നോർത്തു'

dot image

ആർഎൽവി രാമകൃഷ്ണന് നേരെ നടന്ന ജാതി അധിക്ഷേപത്തിൽ പ്രതികരിച്ച് നടി സീമ ജി നായർ. കലാമണ്ഡലം എന്ന കലാലയത്തിന്റെ പേര് സ്വന്തം പേരിനോട് ചേർത്തുവെക്കുന്ന ഒരു കലാകാരി ആർഎൽവി രാമകൃഷ്ണനെ നിരന്തരം ആക്ഷേപിക്കുന്നു. ഈ നൂറ്റാണ്ടിലും ജാതിയും മതവും പറയുന്ന ഈ വ്യക്തി ഉത്തരേന്ത്യയിലെ ഏതെങ്കിലും ഉൾഗ്രാമത്തിലാണോ ജീവിക്കുന്നത് എന്ന് സീമ ജി നായർ ചോദിച്ചു. ആർഎൽവി രാമകൃഷ്ണന് ഇത്തരം അധിക്ഷേപങ്ങൾ അതിജീവിച്ച് മുന്നോട്ട് പോകാൻ സാധിക്കട്ടെ എന്നും സീമ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

സീമ ജി നായരുടെ കുറിപ്പിന്റെ പൂർണ്ണ രൂപം

കലാമണ്ഡലം എന്ന വലിയൊരു കലാലയത്തിന്റെ പേര് സ്വന്തം പേരിനോട് ചേർത്തുവെക്കുന്ന ഒരു കലാകാരി രാമകൃഷ്ണനെ നിരന്തരം ആക്ഷേപിക്കുന്നുവെന്ന്. താഴ്ന്ന ജാതിക്കാരനായതുകൊണ്ടും കറുത്തവനായതുകൊണ്ടും തന്റെ കഴിവുകൾ തനിക്കു ചേർന്നതല്ലയെന്നതാണ് ഭവതിയുടെ ഭാഷ്യം. ഈ ഭവതി ആരാണെന്നു എനിക്കറിയില്ല, ഏതേലും വലിയ കോലോത്തെ തമ്പുരാട്ടിയാണൊന്നും എനിക്കറിയില്ല. പക്ഷെ ഒന്നറിയാം, സ്വന്തം ചേട്ടൻ (കലാഭവൻ മണിയെന്ന ആ വലിയ മനുഷ്യന്റെ) ആഗ്രഹത്തിനൊത്തു പഠിച്ചുയർന്നത് കേരളത്തിലെ പ്രശസ്ത കലാലയങ്ങളിലൂടെ തന്നെയാണ്. അത് മാത്രവുമല്ല, തൊട്ടതെല്ലാം പൊന്നാക്കി, റാങ്കുകൾ വാരികൂട്ടിയാണ് പഠിച്ചിറങ്ങിയതും. പിന്നെ എവിടെയാണ് ഇവർക്കു തെറ്റിയത്.

'കലാ-സാംസ്കാരിക രംഗത്തിന് ശാപമായ വാക്കുകൾ'; നിയമനടപടി സ്വീകരിക്കുമെന്ന് ആർഎൽവി രാമകൃഷ്ണൻ

അതൊക്കെ പോട്ടെ, ഈ നൂറ്റാണ്ടിലും സവർണ്ണൻ, അവർണ്ണൻ, താഴ്ന്ന ജാതി, മേൽജാതി, ഉത്തരേന്ത്യയുടെ ഏതോ ഉൾഗ്രാമത്തിൽ ആണോ ഇവർ ജീവിക്കുന്നത്. ഏതു ജാതിയാണേലും നമ്മുടെ ശരീരത്തു നിന്ന് വരുന്ന ചോരയുടെ നിറം ഒന്നാണ്. സത്യത്തിൽ പുച്ഛം തോന്നുന്നു. ഇന്നും ഇവിടെയൊക്കെ ഇത് നിലകൊള്ളുന്നല്ലോയെന്നോർത്തു. രാമകൃഷ്ണാ എനിക്കൊന്നേ പറയാനുള്ളു, ഈ താഴ്ത്തികെട്ടലിനെ കാറ്റിൽ പറത്തി, ഇതൊന്നും നമ്മളെ ബാധിക്കുന്നില്ലായെന്നു മനസിനെ പറഞ്ഞു പഠിപ്പിച്ചു മുന്നോട്ടു പോവുക. നിന്റെ കലയിൽ കൂടുതൽ ശ്രദ്ധ കൊടുക്കുക. പുലമ്പുന്നവർ പുലമ്പട്ടെ... നീ ഒരു ഫിനിക്സ് പക്ഷിയായി മാറുക.

'കണ്ട് കഴിഞ്ഞാൽ കാക്കേടെ നിറം'; ആർഎൽവി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം, വ്യാപക പ്രതിഷേധം

ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കലാമണ്ഡലം സത്യഭാമ ഡോ ആർഎൽവി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയത്. മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന വ്യക്തികൾ. പുരുഷന്മാരാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കില് സൗന്ദര്യമുള്ള പുരുഷന്മാരായിരിക്കണം. ചിലരുണ്ട്, കാക്കയുടെ നിറമാണ്. മോഹിനിയാട്ടത്തിന് കൊള്ളില്ല. പെറ്റതള്ള പോലും കണ്ടാൽ സഹിക്കില്ലെന്നും സത്യഭാമ പറഞ്ഞിരുന്നു. പിന്നാലെ, ആരോപണം തനിക്കെതിരെയാണെന്ന് വ്യക്തമാക്കി ആർഎൽവി രാമകൃഷ്ണന് രംഗത്തെത്തുകയായിരുന്നു. 

dot image
To advertise here,contact us
dot image