തിരുവനന്തപുരം: മോദി സർക്കാരിന്റെ നഗ്നമായ സ്വേച്ഛാധിപത്യ ശൈലി അടിയന്തരാവസ്ഥയെ ഓർമിപ്പിക്കുന്നുവെന്ന് അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനോട് പ്രതികരിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. അപ്രഖ്യാപിത അടിയന്തരാവസ്ഥയായിരുന്നു ആദ്യം. എന്നാൽ കെജ്രിവാളിന്റെ അറസ്റ്റോടെ അത് പ്രഖ്യാപിതമായിരിക്കുന്നുവെന്നും എം എ ബേബി പറഞ്ഞു.
മോദിയുടെ സേവകരായി നിൽക്കുന്നവർക്ക് എന്ത് അഴിമതിയും കാണിക്കാം. ലോക്സഭാ തിരെഞ്ഞെടുപ്പിൽ മോദിക്ക് ധൈര്യമില്ല. ആംആദ്മി പാർട്ടിയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ കഴമ്പുണ്ടോ എന്നറിയില്ല. അഴിമതിക്കാരെ മോദിയുടെ വാഷിംഗ് മെഷീനിൽ ഇട്ടാൽ കറ കളഞ്ഞുകൊടുക്കുമെന്നും എം എ ബേബി പരിഹസിച്ചു.
അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് മോദിക്ക് ധൈര്യം ഇല്ലെന്ന് വെളിപ്പെടുത്തുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷനിലുള്ള മൂന്ന് പേരും മോദിയാൽ തിരഞ്ഞെടുക്കപ്പെട്ടവരാണ്. മോദി തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു. സർക്കാരിന്റെ ഊതിപ്പെരിപ്പിച്ച നേട്ടങ്ങൾ മോദി പ്രചരിപ്പിക്കുകയാണ്. മോദിക്ക് ബുദ്ധിമുട്ടുള്ള ഒരു നിർദേശവും കമ്മീഷൻ പുറപ്പെടുവിച്ചിട്ടില്ല. സിസോദിയയെ അറസ്റ്റ് ചെയ്ത സമയത്ത് കെജ്രിവാളിനെ അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസ് പറഞ്ഞിരുന്നുവെന്നും എം എ ബേബി.
ബഹുജന ഐക്യം രൂപപ്പെടുത്തേണ്ട സമയമാണിത്. ഇടതുപക്ഷത്തിന് അനുകൂലമായി ചിന്തിക്കാൻ ജനങ്ങൾക്ക് കഴിയും. മോദി സർക്കാരിന് ക്രിമിനൽ ബുദ്ധിയാണ്, കൃത്രിമ തെളിവുകൾ ഉണ്ടാക്കുകയാണ് അവർ ചെയ്യുന്നത്. ഇപ്പോൾ നടക്കുന്നത് ഭരണകൂട ഭീകരതയെന്നും എം എ ബേബി കൂട്ടിച്ചേർത്തു.
ഭരണത്തിലിരിക്കെ അറസ്റ്റിലാകുന്ന ആദ്യ മുഖ്യമന്ത്രി, കെജ്രിവാളിൻ്റെ അറസ്റ്റ് അത്യപൂർവ്വ സംഭവം