കോഴിക്കോട്: ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് അറസ്റ്റിലായപ്പോള് കേരള മുഖ്യമന്ത്രി പിണറായി വിജയനാണ് ഏറ്റവും വലിയ നെഞ്ചിടിപ്പെന്ന് പി സി ജോര്ജ് പറഞ്ഞു. അധികം വൈകാതെ പിണറായി വിജയനും കെജ്രിവാളിന്റെ ഗതി വരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡല്ഹി മുഖ്യമന്ത്രി ഇപ്പോള് ജയിലില് ആണ്. ഏഴുപ്രാവശ്യം ഇ ഡി നോട്ടീസ് കൊടുത്തിട്ട് ഹാജരാകാതിരുന്നാല് അറസ്റ്റ് ചെയ്യുകയല്ലാതെ ഉമ്മ കൊടുക്കണോ? മോഷ്ടിക്കുമ്പോഴും പിടിച്ചുപറിക്കുമ്പോഴും ഓര്ക്കണമായിരുന്നു. പി സി ജോർജ് പറഞ്ഞു. കെജ്രിവാളിന്റെ കാര്യത്തില് ഇടപെടാന് സുപ്രീം കോടതി എന്തുകൊണ്ട് തയ്യാറായില്ല. നോട്ടീസ് പരിഗണിക്കാതെ അഹങ്കരിച്ച് നടന്നതിനാണ് അറസ്റ്റ്. എന്തിന് മദ്യനയം തിരുത്തി എന്ന് കെജ്രിവാൾ വ്യക്തമാക്കണമെന്നും പി സി ജോർജ് പറഞ്ഞു.
കെജ്രിവാള് അകത്ത് പോയപ്പോള് പിണറായി വിജയനാണ് ഏറ്റവും വലിയ നെഞ്ചിടിപ്പ്. പിണറായി പേടിച്ചിരിക്കുകയാണ്. പിണറായിക്കും ഉടൻ തന്നെ കെജ്രിവാളിന്റെ ഗതി വരുമെന്നും പി സി ജോർജ് അഭിപ്രായപ്പെട്ടു.
അതേസമയം, ഡൽഹി മദ്യനയക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനെതിരെ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പിൻവലിച്ചു. ഹർജി പിൻവലിക്കുകയാണെന്ന് അഭിഭാഷകൻ അഭിഷേഖ് മനു സിങ്വി കോടതിയെ അറിയിച്ചു. കെജ്രിവാൾ സമർപ്പിച്ച ഹർജി മൂന്നംഗ ബെഞ്ച് ഉച്ചയ്ക്ക് ശേഷം പരിഗണിക്കാനിരിക്കെയാണ് ഹർജി പിൻവലിച്ചത്.