തൃശൂർ: ബിജെപി ലോകസഭാ സ്ഥാനാർത്ഥിയും നടനുമായ സുരേഷ് ഗോപി ക്ഷണിച്ച പരിപാടിയിൽ നൃത്തം ചെയ്യാൻ കഴിയില്ലെന്ന് ആര്എല്വി രാമകൃഷ്ണൻ. മറ്റ് പരിപാടികള് ഉള്ളതിനാലാണ് അന്നേ ദിവസം അവിടെയെത്താന് കഴിയാത്തതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
'സുരേഷ് ഗോപി ക്ഷണിച്ച നൃത്ത പരിപാടിയിൽ പങ്കെടുക്കില്ല. അന്ന് മറ്റു പരിപാടികൾ ഉണ്ട്. പക്ഷേ ഇത്തരമൊരു സാഹചര്യത്തിലെങ്കിലും സിനിമയിൽ നിന്നൊരാൾ വിളിച്ചതിൽ സന്തോഷമുണ്ട്. ഏട്ടൻ പോയി എട്ടു വർഷം കഴിഞ്ഞാണ് സിനിമയിൽ നിന്ന് ഒരു വിളി വരുന്നത്. കക്ഷി രാഷ്ട്രീയം ഇതിൽ ഇല്ല.'- ആർ എൽ വി രാമകൃഷ്ണൻ പറഞ്ഞു
കറുത്ത നിറത്തോടുള്ള നിഷേധമനോഭാവം ജീർണിച്ച സമൂഹബോധമാണ്. അതിനോട് പൊറുക്കാൻ പറ്റില്ല. വ്യക്തിപരമായി അധിക്ഷേപിച്ചതിന് നിയമ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സത്യഭാമയുടെ ഭാഗത്തു നിന്ന് ഒരു മാപ്പ് പ്രതീഷിക്കുന്നില്ല. ഒരു വ്യക്തി എന്നതിനപ്പുറം കലാകാരൻ എന്ന നിലയിൽ ഇത്തരം വിവേചനം എതിർക്കാനാണ് പ്രതിഷേധിക്കുന്നത്. സമൂഹത്തിൽ ഇതുപോലുള്ള ദുരാചാരങ്ങൾ വീണ്ടും കൊണ്ടുവരാൻ പാടില്ല എന്ന സന്ദേശം കൂടി പകരാനാണ് വേദികളിൽ എത്തുന്നത് എന്നും ആർ എൽ വി രാമകൃഷ്ണൻ പറഞ്ഞു.
കൊല്ലത്തെ കുടുംബ ക്ഷേത്രത്തിലെ ചിറപ്പ് മഹോത്സവത്തില് രാമകൃഷ്ണനെ പരിപാടിക്കായി ക്ഷണിക്കുമെന്നും പ്രതിഫലം നൽകിത്തന്നെയാണ് വിളിക്കുന്നത് എന്നുമായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.