കൊച്ചി: ബിജെപിയില് നിന്നും ക്ഷണം ലഭിച്ചെന്ന വാര്ത്ത തള്ളി സിപിഐ മുന് എംഎല്എ ഇ എസ് ബിജിമോള്. ബിജെപിയില് നിന്നും തന്നെ ആരും വിളിച്ചിട്ടില്ല. അത്ര ധൈര്യമുള്ളയാരും പാര്ട്ടിയില് ഇല്ലെന്നും ബിജിമോള് റിപ്പോര്ട്ടര് ലൈവിനോട് പ്രതികരിച്ചു.
'എന്നെ ആരും വിളിച്ചില്ല. അതിനിപ്പോ പ്രായമുള്ള ഒരുത്തനും ഇല്ല. അത്തരമൊരു വാര്ത്ത വന്നിട്ടുണ്ടെങ്കില് അത് തെറ്റാണ്.' ബിജി മോള്
ലോക്സഭാ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില് കേരളത്തിലെ വിവിധ പാര്ട്ടികളില് നിന്നായി നേതാക്കളെ പാളയത്തിലെത്തിക്കാന് ബിജെപി കേന്ദ്രത്തില് കളമൊരുക്കുന്നുണ്ടെന്ന റിപ്പോര്ട്ടുകള്ക്കിടെയാണ് ഇ എസ് ബിജി മോളെ ബിജെപി സമീപിച്ചുവെന്ന തരത്തില് റിപ്പോര്ട്ട് പുറത്ത് വന്നത്. എന്നാല് അത്തരമൊരു പ്രചാരണത്തിന് അടിസ്ഥാനമില്ലെന്ന് നേതാവ് സ്ഥിരീകരിച്ചു. മണ്ഡലത്തില് എല്ഡിഎഫ് സ്ഥാനാര്ത്ഥി ജോയ്സ് ജോര്ജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില് സജീവമാണ് ബിജിമോള്.
കഴിഞ്ഞ ദിവസം സിപിഐഎമ്മില് നിന്നും സസ്പെന്ഡ് ചെയ്ത മുന് എംഎല്എ എസ് രാജേന്ദ്രന് കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി ഡല്ഹിയില് നടത്തിയ കൂടിക്കാഴ്ച്ച വലിയ ചര്ച്ചകളിലേക്ക് വഴിവെച്ചിരുന്നു. എല്ഡിഎഫ് തിരഞ്ഞെടുപ്പ് കണ്വെന്ഷനില് പങ്കെടുത്തതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു ഇത്. പാര്ട്ടി പരിപാടികളില് സജീവമല്ലാത്ത എസ് രാജേന്ദ്രന് ബിജെപിയില് ചേര്ന്നേക്കുമെന്ന തരത്തിലായിരുന്നു ചര്ച്ചകള്. എന്നാല് റിപ്പോര്ട്ടുകള് തള്ളികൊണ്ട് താന് സിപിഐഎമ്മില് തുടരുമെന്നും മറ്റൊരു നീക്കത്തെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും എസ് രാജേന്ദ്രന് പ്രതികരിച്ചു.