തിരുവനന്തപുരം: ഡോ. ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസിൽ ആരോപണ വിധേയയായ കലാമണ്ഡലം സത്യഭാമ ബിജെപി അംഗമാണെന്ന വാദത്തിൽ പ്രതികരണവുമായി ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. സത്യഭാമ സിപിഐഎമ്മുകാരിയാണെന്ന് സുരേന്ദ്രൻ പറഞ്ഞു. ഒന്നാന്തരം സഖാത്തിയാണ് സത്യഭാമ. മെമ്പർഷിപ്പ് പരിപാടിയിൽ താൻ പങ്കെടുത്തിട്ടില്ല. തൻ്റെ കാലത്ത് അംഗത്വം എടുത്തിട്ടില്ല. 2020-ൽ ആണ് അധ്യക്ഷനായത്. 2019-ൽ ബിജെപി അംഗത്വം എടുത്തയാൾക്ക് എന്തിനാണ് സിപിഐഎം ബ്രാഞ്ച് കമ്മിറ്റി കത്ത് കൊടുക്കുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു. സിപിഐഎം ആണെന്ന് ബോധ്യപ്പെട്ടതു കൊണ്ടല്ലേ കത്ത് കൊടുത്തതെന്നും സുരേന്ദ്രൻ ആരോപിച്ചു. മുൻ ബിജെപി സംസ്ഥാന പ്രസിഡൻ്റ് ശ്രീധരൻ പിള്ളയുടെ കയ്യിൽ നിന്ന് സത്യഭാമ അംഗത്വം സ്വീകരിക്കുന്ന ചിത്രവും കുറിപ്പും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. പിന്നാലെയാണ് സുരേന്ദ്രന്റെ പ്രതികരണം.
അതേസമയം, മുഖ്യമന്ത്രിയുടെ സിഎഎയ്ക്കെതിരായ പ്രചരണങ്ങൾ സമുദായിക ധ്രുവീകരണം ലക്ഷ്യം വച്ചുള്ളതാണെന്നും സുരേന്ദ്രൻ ആരോപിച്ചു. തിരഞ്ഞെടുപ്പ് തീരുമാനിച്ചതിനു ശേഷമാണ് സിഎഎ കേസുകൾ പിൻവലിക്കുന്നത്. ഇത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണെന്നും ബിജെപി അധ്യക്ഷൻ പറഞ്ഞു. ജനങ്ങളെ പ്രീതിപ്പെടുത്താനാണിത്. തിരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കണം. സിഎഎ ആരുടെയും പൗരത്വം നിഷേധിക്കുന്നില്ല. മുസ്ലീങ്ങളെ ഒറ്റ തിരിഞ്ഞ് വേട്ടയാടുകയാണെന്നും പൗരത്വം നിഷേധിക്കുകയാണെന്നും മുഖ്യമന്ത്രി എല്ലാ ദിവസവും പ്രചരണം നടത്തുകയാണ്. വ്യാജ പ്രചരണം നടത്തരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞിട്ടുണ്ട്.
മുഖ്യമന്ത്രി വ്യാജ പ്രചരണം നടത്തുകയാണ്. പ്രതിപക്ഷം ഈ വിഷയത്തിൽ മത്സരിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു. റഷ്യയിലെ ഭീകരാക്രമണത്തെ പറ്റി ആർക്കും മിണ്ടാട്ടമില്ല. പച്ചയായ വർഗീയ പ്രീണന നയമാണിത്. വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യം വച്ച് സർക്കാർ കൈവിട്ട കളിയാണ് കളിക്കുന്നത്. എന്തുകൊണ്ട് ശബരിമല വിഷയത്തിൽ എടുത്ത കേസുകൾ പിൻവലിക്കാൻ തയ്യാറാകുന്നില്ലെന്ന് ചോദിച്ച സുരേന്ദ്രൻ ശബരിമല തീർത്ഥാടകർ രണ്ടാനമ്മയുടെ മക്കളാണോയെന്നും ചോദിച്ചു. സർക്കാർ കാണിക്കുന്നത് ഇരട്ട നീതിയാണ്. എൽഡിഎഫും യുഡിഎഫും തിരഞ്ഞെടുപ്പിൽ കൈകോർത്ത് മുന്നോട്ട് പോവുകയാണ്. ബിജെപിക്ക് എൽഡിഎഫുമായോ യുഡിഎഫുമായോ ഒരു ധാരണയും ഇല്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.