മുഖ്യമന്ത്രി വർഗ്ഗീയത ആളിക്കത്തിക്കുന്നു; പ്രതിപക്ഷ നേതാവ് ഇതൊന്നും കാണുന്നില്ലേയെന്ന് കെ സുരേന്ദ്രൻ

പ്രതിപക്ഷ നേതാവ് ഇതൊന്നും കാണുന്നില്ലേയെന്നും കെ സുരേന്ദ്രൻ

dot image

കൊച്ചി: കേരളത്തിൽ എൻഡിഎ ചരിത്രം കുറിക്കുമെന്നും മോദിയെ അംഗീകരിക്കാൻ കേരളം തയ്യാറായിരിക്കുന്നുവെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. വികസനത്തെ കുറിച്ച് മുഖ്യമന്ത്രി സംസാരിക്കുന്നില്ലെന്നും മുഖ്യമന്ത്രി വർഗ്ഗീയത ആളിക്കത്തിക്കുകയാണെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. നഗ്നമായ തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണ് മുഖ്യമന്ത്രി നടത്തുന്നത്. പ്രതിപക്ഷ നേതാവ് ഇതൊന്നും കാണുന്നില്ലേയെന്നും കെ സുരേന്ദ്രൻ ചോദിച്ചു.

മുഖ്യമന്ത്രിയോട് മത്സരിക്കുകയാണ് യുഡിഎഫ്. ശബരിമല തീർത്ഥാടകർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കുന്നില്ല. ഒരു വിഭാഗത്തിൻ്റെ വോട്ട് മാത്രം ലക്ഷ്യമിടുകയാണ് യുഡിഎഫും എൽഡിഎഫും. സിഎഎ നിയമം പൗരത്വം നൽകാനാണെന്നും ആരുടേയും പൗരത്വം എടുക്കാനല്ലെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാണിച്ചു. ഇത് അറിയുന്ന മുഖ്യമന്ത്രി നുണ പ്രചാരണം നടത്തുകയാണെന്നും മുസ്ലിം സമൂഹത്തെ ഭീതിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുറ്റപ്പെടുത്തി.

രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ ടൂറിസ്റ്റ് വിസയാണെന്ന് കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. ഒരു പൊറോട്ട കഴിച്ച് വീഡിയോ ഇൻസ്റ്റാഗ്രാമിൽ ഇടുന്നു. വയനാട്ടിൽ കഴിഞ്ഞ അഞ്ച് വർഷം എന്താണ് ചെയ്തത്. ടൂറിസ്റ്റ് വിസയിൽ വയനാടിന് ഒരാളെ ആവശ്യമുണ്ടോയെന്നും ഉത്തരവാദിത്വമില്ലാത്ത എം പിയെ എന്തിനാണ് വയനാടിന് ആവശ്യമെന്നും സുരേന്ദ്രൻ ചോദിച്ചു. രാഹുൽ ഗാന്ധി വയനാടിന് വേണ്ടി പാർല്ലമെൻ്റിൽ സംസാരിച്ചോ? രാഹുൽ വയനാടിന് വേണ്ടി എന്ത് ചെയ്തു? ഒരാഴ്ച്ച വയനാട്ടിൽ തങ്ങിയിട്ടുണ്ടോ? സുരേന്ദ്രൻ ചോദിച്ചു. ദില്ലിയിൽ പോയി ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ കൂക്കിവിളിക്കുക മാത്രമാണ് കേരള എം പിമാർ ചെയ്തത്. കേരള എം പിമാർ നാടിന് പ്രയോജനം ഇല്ലാത്തവരാണെന്നും സുരേന്ദ്രൻ പരിഹസിച്ചു.

dot image
To advertise here,contact us
dot image