ഹിറ്റ്ലറുടെ ആശയം ആണ് ആർഎസ്എസ് ഇന്ത്യയിൽ നടപ്പിലാക്കുന്നത്: പിണറായി വിജയൻ

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതിനെതിരെ സിപിഐഎമ്മിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ സംരക്ഷണ സമിതി മലപ്പുറത്ത് സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു പിണറായി വിജയൻ

dot image

മലപ്പുറം: രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ഉത്കണ്ഠയുണ്ടെന്നും ഭരണഘടനാ മൂല്യങ്ങൾ ബോധപൂർവം തകർക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വ നിയമ ഭേദഗതി നിയമം നടപ്പിലാക്കുന്നതിനെതിരെ സിപിഐഎമ്മിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ സംരക്ഷണ സമിതി മലപ്പുറത്ത് സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു പിണറായി വിജയൻ. രാജ്യം നേരിടുന്ന ഗുരുതരമായ സ്ഥിതിയാണ് ഇത്തരം പരിപാടിക്ക് കാരണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഭരണഘടനയെ തള്ളിപ്പറഞ്ഞ കൂട്ടരാണ് ആർഎസ്എസ്. ബിജെപിയാണ് ഇപ്പോൾ കേന്ദ്രം ഭരിക്കുന്നത്. ബിജെപി ആർഎസ്എസിന്റെ അജണ്ട നടപ്പാക്കുകയാണ്. ആർഎസ്എസിന്റെ അജണ്ട നേരത്തെ തീരുമാനിച്ചതാണെന്നും ആർഎസ്എസിന്റെ ആശയത്തിന് ആർഷ ഭാരത സംസ്കാരവുമായി ഒരു ബന്ധവുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഹിറ്റ്ലറുടെ ആശയം ആണ് ആർഎസ്എസ് ഇവിടെ നടപ്പിലാക്കുന്നത്. ആർഎസ്എസ് ഇവിടെയുള്ള ന്യുനപക്ഷത്തെ ലക്ഷ്യമിടുന്നു. ജർമനിയിൽ ഹിറ്റ്ലർ നടപ്പിലാക്കിയതാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നാസികൾ ജൂതരെ ലക്ഷ്യമിട്ടത് പോലെ ആർഎസ്എസ് മുസ്ലിങ്ങളെ ലക്ഷ്യമിടുന്നു. വാജ്പേയ് സര്ക്കാരിന്റെ കാലത്താണ് ഇതിന് തുടക്കമിട്ടത്. അനധികൃത കുടിയേറ്റക്കാർ എന്ന് അന്ന് പറഞ്ഞു. മതാടിസ്ഥാനത്തിലാണെന്ന് അന്ന് പറഞ്ഞില്ല. അത് ആർഎസ്എസിന്റെ അജണ്ടയുടെ തുടക്കമായിരുന്നു. എൻആർസി കൊണ്ടുവന്നതും അതിന്റെ ഭാഗം. സംഘ്പരിവാറിൻ്റെ അജണ്ട വെറുപ്പിന്റെ പ്രത്യശാസ്ത്രമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മൗലിക അവകാശങ്ങളെ ഹനിക്കുന്ന ഒരു നിയമവും പാസാക്കാൻ ഇവിടെ ഒരു സർക്കാരിനും കഴിയില്ല. അത് ഭരണഘടനാ ലംഘനമാണ്. കുടിയേറ്റക്കാരെ മുസ്ലിം എന്നും അമുസ്ലിം എന്നും വേർതിരിക്കുന്നു. ഇന്ത്യ എന്ന ആശയത്തിന് എതിരെയുള്ള വെല്ലുവിളിയാണിത്. ദേശീയ ജനസംഖ്യ രജിസ്റ്റർ സെൻസസിൻ്റെ ഭാഗമാണെന്ന് ചിത്രീകരിക്കാൻ നോക്കി. ആർഎസ്എസ് അജണ്ട നടപ്പാക്കില്ലെന്ന് കേരളം ഒറ്റക്കെട്ടായി പറഞ്ഞതാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

ആർഎസ്എസിൻ്റെ ആശയം ഹിറ്റ്ലറുടേതും, സംഘടനാ രീതി മുസോളിനിയുടെയും ആണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. മുസ്ലിങ്ങളെ രണ്ടാംകിട പൗരനാക്കി മാറ്റുന്നു. മുസ്ലിങ്ങളെ നിഷ്കാസനം ചെയ്യേണ്ട വിഭാഗമായി സംഘപരിവാർ കാണുന്നു. താജ്മഹലും, ജുമാമസ്ജിദും നിർമ്മിച്ചത് മുഗൾ രാജാക്കന്മാരാണ്. ഇന്ത്യയുടെ സ്വത്ത് ആയാണ് ഇവയെ കാണുന്നത്. ഷാജഹാൻ ചക്രവർത്തിയുടെ മകൻ ധാരഷിക്കോഹ് സംസ്കൃതം പഠിച്ച് അൻപത് ഉപനിഷത്തുകൾ പേർഷ്യയിലേക്കു തർജമ ചെയ്തു. ഇതൊന്നും ആർ എസ് എസിന് അറിയില്ല . ഭാരത് മാതാ കീജയ് മുദ്രാവാക്യം ഉണ്ടാക്കിയത് അസിമുള്ള ഖാനാണ്. സംഘപരിവാറുകാർ ഈ ചരിത്രം തിരിച്ചറിയണമെന്നും മുഖ്യമന്ത്രി ഓർമ്മപ്പെടുത്തി.

പൗരത്വ വിഷയത്തിൽ കോൺഗ്രസ് വ്യത്യസ്ത സമീപനം സ്വീകരിക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കോൺഗ്രസിന് ഈ വിഷയത്തിൽ ആത്മാർത്ഥമായ നിലപാടില്ല. അതിന്റെ ഭാഗമാണ് കെപിസിസി പ്രസിഡണ്ടിൻ്റെ ചുമതലയുള്ള വ്യക്തി നിയമസഭാ പ്രമേയത്തെ തള്ളിപ്പറഞ്ഞത്. യോജിച്ച പ്രതിഷേധത്തിന് ഇല്ല എന്ന് കോൺഗ്രസ് അറിയിച്ചു. ഈ നിലപാട് ആരെയാണ് സഹായിക്കുക എന്ന് ചോദിച്ച മുഖ്യമന്ത്രി ദേശീയ തലത്തിലെ പ്രക്ഷോഭത്തിന് കോൺഗ്രസിന്റെ ഒരാളെയും കണ്ടില്ലെന്നും കുറ്റപ്പെടുത്തി.

നേരത്തെ മാര്ച്ച് 22 ന് കോഴിക്കോടും 23ന് കാസർകോടും പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതിനെതിരെ സിപിഐഎമ്മിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ സംരക്ഷണ സമിതി റാലികൾ സംഘടിപ്പിച്ചിരുന്നു. മലപ്പുറത്ത് ഇന്ന് നടന്ന റാലി മലബാറിലെ അവസാനത്തെ പരിപാടിയാണ്. മാർച്ച് 27 ന് കൊല്ലത്തും ഭരണഘടനാ സംരക്ഷണ സമിതി റാലി സംഘടിപ്പിക്കും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us