പൗരത്വസമരത്തിനെതിരായ കേസുകൾ പിൻവലിക്കരുത്: ബിജെപി

ഒരു കേസ് മാത്രം പിൻവലിക്കുന്നത് ഇരട്ടനീതിയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് പറഞ്ഞു

dot image

കോഴിക്കോട്: പൗരത്വസമരത്തിനെതിരായ കേസുകൾ പിൻവലിക്കരുതെന്ന ആവശ്യവുമായി ബിജെപി. കലാപമുണ്ടാക്കാൻ ശ്രമിച്ചവർക്കെതിരായ കേസ് പിൻവലിക്കരുത്. ശബരിമല പ്രക്ഷോഭത്തിൽ നാമജപഘോഷയാത്ര നടത്തിയവർക്കെതിരെ ഇപ്പോഴും കേസുണ്ട്. ഒരു കേസ് മാത്രം പിൻവലിക്കുന്നത് ഇരട്ടനീതിയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് പറഞ്ഞു.

സിഎഎ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാനുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കിയിരുന്നു. പൗരത്വ ഭേഗഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിൻ്റെ പേരിൽ കേരളത്തിൽ നേരത്തെ 835 കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ ഗൗരവ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാനാണ് സർക്കാർ അനുമതി നൽകിയത്. നേരത്തെ കേസുകൾ പിൻവലിക്കാത്തത് പ്രതിപക്ഷം ആയുധമാക്കിയിരുന്നു. സിഎഎ വിരുദ്ധ പ്രക്ഷോഭത്തിൻ്റെ പേരിൽ എടുത്ത കേസുകൾ പിൻവലിക്കാൻ നിലപാട് എടുത്തിട്ടുണ്ടെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു.

സിഎഎ വിരുദ്ധ സമരത്തിൻ്റെ ഭാഗമായി 835 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ 206 കേസുകൾ മാത്രമാണ് ബാക്കിയുള്ളത്. 84 കേസുകൾ പിൻവലിക്കാൻ സർക്കാർ സമ്മതം നൽകിക്കഴിഞ്ഞുവെന്നും അന്വേഷണ ഘട്ടത്തിൽ ഉള്ളത് ഒരു കേസ് മാത്രമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. കേസ് പിൻവലിക്കുന്ന വിഷയത്തിൽ കോടതികളാണ് തീരുമാനം എടുക്കേണ്ടതെന്നും കേസ് പിൻവലിക്കാൻ അപേക്ഷ കൊടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. അപേക്ഷ നൽകാത്ത കേസുകളും ഗുരുതര കുറ്റകൃത്യത്തിൻ്റെ പേരിലുള്ള കേസുകളും മാത്രമാണ് പിൻവലിക്കാതെ ബാക്കിയുള്ളത്. ഗുരുതര സ്വഭാവം ഉള്ള കേസുകൾ മാത്രമെ തുടരൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

dot image
To advertise here,contact us
dot image