തിരുവനന്തപുരം: മകന് അനില് കെ ആന്റണി ബിജെപി സ്ഥാനാര്ത്ഥിയായി മത്സരിക്കുന്ന പത്തനംതിട്ട ലോക്സഭ മണ്ഡലത്തില് പാര്ട്ടി സ്ഥാനാര്ത്ഥിക്ക് വേണ്ടി പ്രചരണത്തിന് പോകുമോ എന്ന മാധ്യമപ്രവര്ത്തകരുടെ ചോദ്യത്തോട് പ്രതികരിച്ച് കോണ്ഗ്രസ് മുതിര്ന്ന നേതാവ് എ കെ ആന്റണി. ആരോഗ്യസ്ഥിതി പോലിരിക്കുമെന്നാണ് ആന്റണിയുടെ പ്രതികരണം.
'ഇത് ഡു ഓര് ഡൈ തെരഞ്ഞെടുപ്പ്' ആണ്. കെപിസിസി തീരുമാനിക്കുന്ന പട്ടിക അനുസരിച്ച് പ്രചാരണം നടത്തും. കഴിഞ്ഞ തിരഞ്ഞെടുപ്പില് താന് തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് പ്രവര്ത്തിച്ചത്. ആരോഗ്യം അനുവദിക്കുന്നതു പോലെ തിരുവനന്തപുരത്തെ എല്ലാ സ്ഥലങ്ങളിലും പ്രചാരണത്തിന് എത്തും. ഭരണഘടന സംരക്ഷിക്കാന് മോദിയെ അധികാരത്തില്നിന്ന് താഴെയിറക്കേണ്ടത് അനിവാര്യമാണെന്നും ആന്റണി പറഞ്ഞു.
ഇന്ത്യ മുന്നണി അധികാരത്തില് വന്നാല് സിഎഎ പിന്വലിക്കുമെന്നും ആന്റണി പറഞ്ഞു. ഇക്കാര്യം രാഹുല് ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പലവട്ടം പറഞ്ഞുകഴിഞ്ഞു.
ഒരിക്കല്ക്കൂടി ബിജെപി അധികാരത്തില് വന്നാല് പലതും സംഭവിക്കാം. എന്ത് വന്നാലും കേന്ദ്രത്തില് മോദി സര്ക്കാരിന് ഭരണത്തുടര്ച്ച ഉണ്ടാവുക സാധ്യമല്ല. ഈ ലോക്സഭാ തിരഞ്ഞെടുപ്പില് മോദി സര്ക്കാരിന് അന്ത്യം കുറിക്കുമെന്നും ആന്റണി പറഞ്ഞു.