പത്തനംതിട്ട: മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി പത്തനംതിട്ടയിൽ യുഡിഎഫിനായി പ്രചാരണത്തിനെത്തുന്നതിനെ തള്ളി മകനും ബിജെപി സ്ഥാനാർത്ഥിയുമായ അനിൽ കെ ആന്റണി. പ്രധാനമന്ത്രി നരേന്ദ്രമോദി വന്ന് പ്രചാരണം നടത്തിയ പത്തനംതിട്ടയിൽ മറ്റാരും പ്രചാരണം നടത്തിയിട്ട് കാര്യമില്ലെന്ന് അനിൽ ആന്റണി പറഞ്ഞു. തന്റെ പിതാവിന് 84 വയസ്സാണ്, അദ്ദേഹം രണ്ട് വർഷം മുമ്പ് സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചതാണ്. നിലവിലെ സജീവ പ്രവർത്തകരായ മുതിർന്ന കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി അടക്കമുള്ളവർ പ്രചാരണത്തിന് വന്നിട്ട് പോലും പത്തനംതിട്ടയിൽ കാര്യമില്ലെന്നും മോദി ഉണ്ടാക്കിയ ഇംപാക്ട് മറ്റൊരു നേതാവിനുമുണ്ടാക്കാൻ കഴിയില്ലെന്നും അനിൽ ആന്റണി കൂട്ടിച്ചേർത്തു.
എ കെ ആന്റണിയുടെ മകൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ അനുഗ്രഹം തനിക്കുണ്ടെന്നും രണ്ട് രാഷ്ട്രീയമാണെങ്കിലും വീട്ടിൽ രാഷ്ട്രീയം സംസാരിക്കാറില്ലെന്നും താൻ തന്റെ രാഷ്ട്രീയവുമായി മുന്നോട്ട് പോകുമെന്നും അനിൽ ആന്റണി വ്യക്തമാക്കി. രാഷ്ട്രീയ എതിരാളികൾ വ്യാജ പ്രചാരണം നടത്തുന്നുവെന്നായിരുന്നു സിറോ മലബാർ സഭയുടെ കേന്ദ്രസർക്കാരിനെതിരായ ആരോപണങ്ങളിലെ അനിൽ ആന്റണിയുടെ പ്രതികരണം. ക്രൈസ്തവ ദേവാലയങ്ങൾക്കും സ്ഥാപനങ്ങൾക്കും നേരെ ആക്രമണങ്ങൾ നടക്കുന്നതിന് പിന്നിൽ കേന്ദ്രത്തിന് പങ്കുണ്ടോ എന്ന് സംശയിക്കുന്നുവെന്നായിരുന്നു സിറോ മലബാർ സഭ വക്താവിന്റെ ആരോപണം.
മകന് അനില് കെ ആന്റണി ബിജെപി സ്ഥാനാര്ത്ഥിയായി മത്സരിക്കുന്ന പത്തനംതിട്ട ലോക്സഭ മണ്ഡലത്തില് പാര്ട്ടി സ്ഥാനാര്ത്ഥിക്ക് വേണ്ടി പ്രചരണത്തിന് പോകുമോ എന്ന മാധ്യമപ്രവര്ത്തകരുടെ ചോദ്യത്തോട് ആരോഗ്യസ്ഥിതി പോലിരിക്കുമെന്നായിരുന്നു എ കെ ആന്റണിയുടെ പ്രതികരണം. 'ഇത് ഡു ഓര് ഡൈ തെരഞ്ഞെടുപ്പ്' ആണ്. കെപിസിസി തീരുമാനിക്കുന്ന പട്ടിക അനുസരിച്ച് പ്രചാരണം നടത്തും. കഴിഞ്ഞ തിരഞ്ഞെടുപ്പില് താന് തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് പ്രവര്ത്തിച്ചത്. ആരോഗ്യം അനുവദിക്കുന്നതു പോലെ തിരുവനന്തപുരത്തെ എല്ലാ സ്ഥലങ്ങളിലും പ്രചാരണത്തിന് എത്തും. ഭരണഘടന സംരക്ഷിക്കാന് മോദിയെ അധികാരത്തില്നിന്ന് താഴെയിറക്കേണ്ടത് അനിവാര്യമാണെന്നും ആന്റണി പറഞ്ഞിരുന്നു.
ക്രൈസ്തവ വോട്ടുകളിൽ കണ്ണ് വച്ച് മുന്നണികൾ; പത്തനംതിട്ടയിൽ ജാതി സമവാക്യം ആരെ തുണയ്ക്കും?