
പത്തനംതിട്ട: ഈഴവ സമുദായം സംഘടിക്കണമെന്ന് ആഹ്വാനം ചെയ്ത് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വരുന്ന ഫണ്ടുകളെല്ലാം ന്യൂനപക്ഷമെന്ന പേരിൽ ഹൈജാക്ക് ചെയ്ത് കൊണ്ടുപോകുമ്പോൾ ഭൂരിപക്ഷമെന്ന് പറയുന്ന നമുക്ക് എന്ത് കിട്ടുന്നുവെന്ന് വെള്ളാപ്പള്ളി ചോദിച്ചു. രാഷ്ട്രീയ നീതി കിട്ടുന്നുണ്ടോ, വിദ്യാഭ്യാസ നീതി കിട്ടുന്നുണ്ടോ, സാമ്പത്തിക നീതി കിട്ടുന്നുണ്ടോ? സ്ഥാനാർത്ഥിയെ നിർത്തുമ്പോൾ ഭൂരിപക്ഷത്തിന്റെ തല എണ്ണാറില്ല, ന്യൂനപക്ഷം 25 ശതമാനം ഉള്ളുവെങ്കിലും അവരെയാണ് പരിഗണിക്കുകയെന്നും സമുദായം സംഘടിക്കേണ്ടതിന്റെ ആവശ്യകത ആവർത്തിച്ച് വെള്ളാപ്പള്ളി പറഞ്ഞു.
സ്ഥാനാർത്ഥി പ്രഖ്യാപനം വരുമ്പോൾ നമ്മളെല്ലാം ഔട്ട്. അവർ സംഘടിതമായ വോട്ട് ബാങ്കാണ്. എന്നാൽ നമ്മൾ സംഘടിതരല്ല. കേരളത്തെ ആര് ഭരിക്കണമെന്ന് തീരുമാനിക്കാനുള്ള ശക്തി നമുക്കുണ്ട്. സംഘടിക്കണമെന്ന് പറഞ്ഞ സഹോദരൻ അയ്യപ്പന്റെ വാക്കുകൾ നമ്മൾ കേട്ടില്ല, എന്നാൽ മറ്റ് സമുദായക്കാർ അത് ഹൃദയം കൊണ്ട് സ്വീകരിച്ചു. ജാതിയില്ല മതമില്ലെന്ന് പറയുമ്പോഴും ജാതിയും മതവും മാത്രം നോക്കിയാണ് സ്ഥാനാർത്ഥികളെ നിർത്തുന്നതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
ജാതി ചിന്ത എന്നത്തേക്കാളും കൂടി നിൽക്കുന്ന കാലമായി മാറിയിരിക്കുകയാണ് ഇന്ന്. കേരളത്തിൽ മാത്രമല്ല, ഇന്ത്യയിലും ലോകത്തിൽ പോലും ജാതിയുടെ പേരിൽ യുദ്ധങ്ങളാണ് നടക്കുന്നത്. വോട്ട് ബാങ്കായി നിൽക്കുന്നവർക്ക് ഖജനാവിലെ പണം ചോർത്തി കൊണ്ടുപോയി വീട് വെക്കാൻ, പെൻഷൻ കിട്ടാൻ, വിദ്യാഭ്യസ സഹായം കിട്ടാൻ ചട്ടങ്ങളും സഹായങ്ങളുമുണ്ടാക്കുന്നു. എന്നിട്ട് നമുക്കെന്ത് കിട്ടി? പ്രസംഗം കേട്ട് കയ്യടിച്ച് വീട്ടില്പ്പോകുന്ന ദരിദ്ര നാരായണൻമാരാണ് നമ്മൾ. മറ്റുള്ളവർക്ക് സമുദായബോധമുണ്ട്. അവർ ഒരുമിച്ച് നിന്ന് അവരുടെ ആളുകളെ ജയിപ്പിക്കുമ്പോൾ നമ്മൾ ആനയുടെ വിലയറിയാതെ ആനക്കാരനാൽ നയിക്കപ്പെടുന്നവരായെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പി സി ജോർജ്ജ് രാഷ്ട്രീയ നികൃഷ്ട ജീവി, ഊളമ്പാറയ്ക്ക് അയയ്ക്കണം: വെള്ളാപ്പള്ളി