തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല് കോളേജിലെ ഡോക്ടര് അഭിരാമിയുടെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു. മരണത്തില് ആരും ഉത്തരവാദികളല്ലെന്ന് ആത്മഹത്യാ കുറിപ്പിലുണ്ട്. ജീവിതം മടുത്തു. അതിനാല് പോകുന്നുവെന്നും കുറിപ്പിലെഴുതിയിട്ടുണ്ട്. അഭിരാമി മരിച്ചു കിടന്ന മുറിയില് നിന്നാണ് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തത്.
ആത്മഹത്യയില് മെഡിക്കല് കോളേജ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമിത അളവില് അനസ്തേഷ്യ മരുന്ന് കുത്തി വച്ചതാണ് മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. പോസ്റ്റ് മോര്ട്ടം നടപടികള്ക്ക് ശേഷം കൂടുതല് കാര്യങ്ങള് വ്യക്തമാകും. സഹപാഠികളുടെ ഉള്പ്പെടെ മൊഴിയെടുക്കും.
ആറ് മാസം മുന്പായിരുന്നു അഭിരാമിയുടെ വിവാഹം കഴിഞ്ഞത്. കുടുംബ പ്രശ്നങ്ങളോ മറ്റ് എന്തെങ്കിലുമാണോ ആത്മഹത്യക്ക് കാരണം എന്നും പൊലീസ് പരിശോധിക്കും. കഴിഞ്ഞ ദിവസം വൈകിട്ട് ആയിരുന്നു മെഡിക്കല് കോളേജിന് സമീപമുള്ള ഫ്ലാറ്റില് അഭിരാമിയെ മരിച്ച നിലയില് കണ്ടെത്തിയത്. വെള്ളനാട് സ്വദേശിയായ അഭിരാമി തിരുവനന്തപുരം മെഡിക്കല് കോളേജ് ആശുപത്രിയില് സീനിയര് റെസിഡന്റ് ഡോക്ടര് ആയി പ്രവര്ത്തിക്കുകയാണ്.
(ജീവിതത്തിലെ വിഷമസന്ധികള്ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്ദ്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. 1056 എന്ന നമ്പറില് വിളിക്കൂ, ആശങ്കകള് പങ്കുവെയ്ക്കൂ)