വളരും തോറും പിളരും, പിളരും തോറും വളരും. കോട്ടയത്തിന്റെ രാഷ്ട്രീയ സമവാക്യം സിംപിളാണ്, പവർഫുള്ളും. പിളർപ്പിന്റെ രാഷ്ട്രീയ സാധ്യതകൾ ഇത്രയധികം ഉപയോഗിച്ച മറ്റൊരു മണ്ഡലം കേരളത്തില് ഉണ്ടാവില്ല. 1964-ൽ കെ എം ജോർജിന്റെ നേതൃത്വത്തില് കേരളകോൺഗ്രസ് രൂപം കൊണ്ടതുമുതല്, 2019ല് യുഡിഎഫ് പക്ഷത്തുനിന്ന് മത്സരിച്ച് ലോക്സഭയിലെത്തിയ കേരള കോണ്ഗ്രസ് മാണി വിഭാഗം നേതാവ് തോമസ് ചാഴിക്കാടന് 2020ലെ പിളര്പ്പില് എല്ഡിഎഫിലെത്തിയതുവരെ എത്തി നിൽക്കുന്നു ഈ പിളർപ്പിന്റെ ചരിത്രം. കേരളകോൺഗ്രസിന് ബ്രാക്കറ്റകളും ബ്രാക്കറ്റിനുള്ളില് വീണ്ടും ബ്രാക്കറ്റുകളും ഉണ്ടായി. നന്നായി പിളർന്നുഴുതിട്ട ഈ മണ്ണിലേയ്ക്കാണ് 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളകോൺഗ്രസും (എം (ജോസ്)) കേരളാകോൺഗ്രസും (ജോസഫ്) നേർക്കുനേർ പോരാട്ടത്തിന് ഇറങ്ങുന്നത്. യുഡിഎഫിനു വേണ്ടി ഫ്രാന്സിസ് ജോര്ജും എൽഡിഎഫിനു വേണ്ടി തോമസ് ചാഴികാടനും എന്ഡിഎയ്ക്കായി തുഷാര് വെള്ളാപ്പള്ളിയുമാണ് കോട്ടയത്ത് ജനവിധി തേടിയിറങ്ങുന്നത്.
കാലയവനികയ്ക്ക് പിന്നിൽ നിന്ന് ഈ തെരഞ്ഞെടുപ്പിൽ ഇടപെടാൻ കഴിയുന്ന രണ്ട് നേതാക്കളുടെ കൂടെ മണ്ഡലമാണ് കോട്ടയം. ഉമ്മൻ ചാണ്ടിയുടെ മരണശേഷമുള്ള ആദ്യത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് എന്നത് യുഡിഎഫിനെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. ഉമ്മൻ ചാണ്ടിക്ക് കേരളമൊന്നാകെ നൽകിയ യാത്രയയ്പ്പും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ വന് ഭൂരിപക്ഷവും കോട്ടയത്ത് കോണ്ഗ്രസിന്റെ ആത്മവിശ്വാസം കൂട്ടുന്നുണ്ട്. 20 ൽ 19 സീറ്റും തൂത്തുവാരിയ 2019 ലെ തിരഞ്ഞെടുപ്പിന് സമാനമായ സാഹചര്യം തന്നെയാണ് ഇത്തവണയും സംസ്ഥാനത്ത് എന്നതും ഫ്രാന്സിസ് ജോര്ജിന് പ്രതീക്ഷയ്ക്ക് വക നൽകുന്നുണ്ട്. കേന്ദ്രത്തിൽ ഒരു ഭരണമാറ്റം വേണമെന്ന് കേരള ജനത ആഗ്രഹിക്കുകയും കേരളത്തിൽ നിന്ന് പരമാവധി യുഡിഎഫ് സീറ്റുകൾ എന്ന് ജനം വിധി എഴുതുകയും ചെയ്താൽ വോട്ട് കോൺഗ്രസിന്റെ പെട്ടിയിലെത്തുമെന്ന് ഉറപ്പ്.
കെ എം മാണിയുടെ മരണത്തെ തുടർന്ന് കേരള കോൺഗ്രസിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് തോമസ് ചാഴികാടനെയും ഫ്രാന്സിസ് ജോര്ജിനെയും നേർക്കുനേർ പോരാട്ടത്തിലേയ്ക്ക് നയിച്ചത് എന്നത് മറ്റൊരു ചരിത്രം. 2019 ലോക്സഭ തെരഞ്ഞെടുപ്പില് യുഡിഎഫ് പക്ഷത്തുനിന്ന് മത്സരിച്ച് വിജയിച്ച കേരള കോണ്ഗ്രസ് മാണി വിഭാഗം നേതാവ് തോമസ് ചാഴികാടനാണ് ഇത്തവണ എൽഡിഎഫ് പക്ഷത്തു നിന്ന് ജനവിധി തേടുന്നത്. 2020 ൽ മാണി കോൺഗ്രസ് ജോസ് കെ മാണി പക്ഷവും പി ജെ ജോസഫ് പക്ഷവുമായി വഴി പിരിഞ്ഞതോടെ ജോസ് കെ മാണിക്കൊപ്പം ചാഴിക്കാടനും എൽഡിഎഫിലെത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തങ്ങളുടെ കൂടി അധ്വാനത്തിന്റെ ഫലമായി ജയിച്ച സ്ഥാനാർത്ഥി ഒറ്റവർഷത്തിനുള്ളിൽ എതിർപക്ഷത്തിലെത്തിയതിൽ സാക്ഷാൽ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് അസ്വസ്ഥരുമാണ്. ഈ അസ്വസ്ഥതയെ മുഖ്യ പ്രചാരണ ആയുധമായി ഉപയോഗിക്കുന്നുമുണ്ട് യുഡിഎഫ്.
എന്നാല് കേരളാ കോൺഗ്രസ് എമ്മിനെ മുന്നണിയിൽ നിന്ന് പുറത്താക്കിയതിൻ്റെ ഡിജിറ്റൽ തെളിവുകൾ അടക്കം നിലനിൽക്കെ ജാള്യത മറികടക്കാനാണ് യുഡിഎഫ് അവാസ്തവം പ്രചരിപ്പിക്കുന്നതെന്നാണ് എല്ഡിഎഫിന്റെ പ്രചാരണം. ഇങ്ങനെയൊരു വ്യാജ പ്രചാരണത്തിന് നേതൃത്വം നൽകുന്നതില് നിന്ന് മുതിർന്ന യുഡിഎഫ് നേതാക്കൾ പിൻമാറണമെന്നാണ് എല്ഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടൻ്റെ ആവശ്യം. തങ്ങള് യുഡിഎഫ് വിട്ടു പോയതല്ലെന്നും നിർബന്ധിച്ചു പുറത്താക്കിയതാണെന്നും വോട്ടർമാരെ ബോധിപ്പിക്കുന്നതിനായി കേരളാ കോൺഗ്രസ് എം ഭവന സന്ദർശന ക്യാമ്പയിനുകളും മണ്ഡലത്തില് നടത്തുന്നുണ്ട്.
ഇടതും വലതും പലകുറി മാറിയ ചരിത്രമുണ്ട് യുഡിഎഫ് സ്ഥാനാർത്ഥിയായ ഫ്രാന്സിസ് ജോർജിനും. 1999, 2004 വർഷങ്ങളിലെ ലോക്സഭ തെരഞ്ഞെടുപ്പുകളിൽ കേരള കോൺഗ്രസ് ജോസഫ് പാർട്ടി ടിക്കറ്റിൽ ഇടുക്കിയെ പ്രതിനിധീകരിച്ച് പാർലമെൻ്റിലെത്തി. 2009 ൽ സിറ്റിംഗ് സീറ്റായ ഇടുക്കിയിൽ നിന്ന് വീണ്ടും മത്സരിച്ചെങ്കിലും കോൺഗ്രസ് നേതാവായ പി ടി തോമസിനോട് പരാജയപ്പെട്ടു. 2010 ല് ഇടതുമുന്നണി ബന്ധം ഉപേക്ഷിച്ച് പി ജെ ജോസഫിനൊപ്പം ഐക്യ ജനാധിപത്യ മുന്നണിയിൽ എത്തി, മാണി ഗ്രൂപ്പിൽ ലയിച്ചു. എന്നാല് 2014-ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ സീറ്റ് തർക്കത്തിനൊടുവിൽ മാണി ഗ്രൂപ്പിൽ നിന്ന് പിളർന്ന് ജനാധിപത്യ കേരള കോൺഗ്രസ് എന്ന പാർട്ടി രൂപീകരിച്ച് വീണ്ടും ഇടത് മുന്നണിയിലെത്തി. 2016-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഇടുക്കിയിൽ നിന്ന് മത്സരിച്ചെങ്കിലും മാണി ഗ്രൂപ്പിൻ്റെ സ്ഥാനാർത്ഥിയായ റോഷി അഗസ്റ്റിനോട് പരാജയപ്പെട്ടു. പിന്നീട് 2020 ലാണ് സ്വന്തം പാർട്ടി വിട്ട് വീണ്ടും യുഡിഎഫിൽ തിരിച്ചെത്തിയത്. യുഡിഎഫിന്റെ ആരോപണങ്ങളെ ചാഴികാടനും സംഘവും പ്രതിരോധിക്കുന്നതും ഈ കൂടുമാറ്റത്തിന്റെ ചരിത്രത്തെ മുൻനിർത്തിയാണ്. ഫ്രാൻസിസ് ജോർജിൻ്റെ യു ഡി എഫിലേക്കുള്ള ചുവടുമാറ്റത്തിനു പിന്നിൽ വ്യക്തിതാത്പര്യങ്ങൾ മാത്രമാണെന്നാണ് എല്ഡിഎഫിന്റെ ആരോപണം.
കോട്ടയത്ത് സ്ഥിരതാമസമാക്കിയ കോട്ടയംകാരന് എന്നതും ചാഴികാടന് അനുകൂലഘടകമാണ്. ഒരു ചാറ്റേർഡ് അക്കൗണ്ടന്റായി ഔദ്യോഗിക ജീവിതമാരംഭിച്ച തോമസ് ചാഴികാടൻ തികച്ചും യാദൃശ്ചികമായാണ് രാഷ്ട്രീയ രംഗത്ത് എത്തിയത്. 1991-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഏറ്റുമാനൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായിരുന്ന ബാബു ചാഴികാടൻ ഇടമിന്നലേറ്റ് മരണപ്പെടുന്നു. ബാബു ചാഴികാടന്റെ വിയോഗത്തെ തുടർന്ന് ഈ സീറ്റിൽ മത്സരിക്കാനുള്ള അവസരം സഹോദരൻ തോമസ് ചാഴികാടനെ തേടിയെത്തി. അങ്ങനെ 1991-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഏറ്റുമാനൂരിൽ നിന്ന് നിയമസഭ അംഗമായി തോമസ് ചാഴികാടൻ തെരഞ്ഞെടുക്കപ്പെട്ടു. എല്ലാക്കാലത്തും മാണി ഗ്രൂപ്പിന്റെ വിശ്വസ്തൻ. 1996-2001 കേരള കോൺഗ്രസ് (എം.) ചീഫ് വിപ്പായും 2001-2006 കേരള കോൺഗ്രസ് (എം.) പാർലമെൻററി പാർട്ടി സെക്രട്ടറിയായും പ്രവർത്തിച്ചു. 2019-ൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ സിറ്റിംഗ് എംപിയും രാജ്യസഭാ അംഗവുമായിരുന്ന ജോസ് കെ മാണിക്ക് പകരം കോട്ടയം ലോക്സഭ മണ്ഡലത്തിൽ നിന്ന് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ചു. സിപിഐഎമ്മിൻ്റെ കോട്ടയം ജില്ലാസെക്രട്ടറിയായ വി എൻ വാസവനെ പരാജയപ്പെടുത്തിയാണ് തോമസ് ചാഴികാടൻ ആദ്യമായി ലോക്സഭയില് എത്തിയത്. 2020 ല് പാർട്ടി പിളരുമ്പോൾ നിസംശയം ജോസ് കെ മാണിക്ക് ഒപ്പം യുഡിഎഫ് വിട്ടിറങ്ങുകയായിരുന്നു ചാഴികാടൻ.
തോമസ് ചാഴികാടനും ഫ്രാൻസിസ് ജോർജും തമ്മിലുള്ള പോരാട്ടത്തിനിടയ്ക്ക് എന്ഡിഎ സ്ഥാനാർത്ഥി തുഷാര് വെള്ളാപ്പള്ളിക്ക് എത്രത്തോളം വോട്ടുകൾ പെട്ടിയിലാക്കാൻ കഴിയുമെന്നതാണ് അടുത്ത ചോദ്യം? യുഡിഎഫും എൽഡിഎഫും തമ്മിലുള്ള പോരാട്ടം ഇഞ്ചോടിഞ്ച് മുറുകിയാൽ എത്ര വോട്ട് എൻഡിഎയ്ക്ക് പിടിക്കാനാകുമെന്നതും, ആ വോട്ടുകൾ ആർക്കാവും നഷ്ടമാവുക എന്നതും നിർണായകമാണ്. എസ്എന്ഡിപിക്ക് സ്വാധീനമുളള കോട്ടയം മണ്ഡലത്തില് ബിഡിജെഎസ് പ്രസിഡന്റാണ് ഇത്തവണ എൻഡിഎ സ്ഥാനാർത്ഥിയായി എത്തുന്നത്. 2019 ൽ വയനാട് നിയോജകമണ്ഡലത്തിൽ രാഹുൽ ഗാന്ധിയ്ക്ക് എതിരെ എൻഡിഎ ഇറക്കിയതും തുഷാർ വെള്ളാപ്പള്ളിയെ ആയിരുന്നു.
കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ, കോട്ടയം, പുതുപ്പള്ളി, പാല, കടുത്തുരുത്തി, വൈക്കം എന്നീ അഞ്ച് നിയമസഭാ മണ്ഡലങ്ങളും എറണാകുളം ജില്ലയിലെ പിറവം നിയമസഭാ മണ്ഡലവും ഉൾകൊള്ളുന്നതാണ് കോട്ടയം ലോകസഭാ മണ്ഡലം. ആദ്യ തിരഞ്ഞെടുപ്പ് മുതലുള്ള മണ്ഡലത്തിന്റെ ചരിത്രം പരിശോധിച്ചാല് കോട്ടയം ഏഴു തവണ ഇന്ത്യന് നാഷ്ണല് കോണ്ഗ്രസിനൊപ്പവും ആറ് തവണ കേരള കോണ്ഗ്രസിനൊപ്പവും നിന്നു. നാല് തവണ മാത്രമാണ് മണ്ഡലം ചുവപ്പണിഞ്ഞത്. ഇതില് മൂന്ന് തവണയും വിജയിച്ചത് കെ. സുരേഷ് കുറുപ്പായിരുന്നു. കണക്കുകളിൽ കോൺഗ്രസിനാണ് മുൻതൂക്കമെങ്കിലും കേരളാ കോൺഗ്രസിന്റെ തട്ടകത്തിൽ കേരളാ കോൺഗ്രസും എൽഡിഎഫും ഒന്നിക്കുമ്പോൾ വിജയം ഇടതുപക്ഷത്തിനൊപ്പമാകാനും സാധ്യതയുണ്ട്.
2019 ലോക്സഭ തെരഞ്ഞെടുപ്പില് കോട്ടയത്ത് 9,10,648 പേര് വോട്ട് രേഖപ്പെടുത്തിയപ്പോള് യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന് (കേരള കോൺഗ്രസ് എം) 421,046 വോട്ടുകളും എല്ഡിഎഫ് സ്ഥാനാർത്ഥി വി എന് വാസവന് 3,14,787 വോട്ടുകളും എന്ഡിഎ സ്ഥാനാർത്ഥി പി സി തോമസ് 1,54,658 ഉം വോട്ടുകളും സ്വന്തമാക്കി. 1,06,251 വോട്ടിന്റെ പൂരിപക്ഷത്തിലായിരുന്നു ചാഴികാടന്റെ ജയം. 2014 ലോക്സഭ തെരഞ്ഞെടുപ്പില് 120,599 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ജോസ് കെ മാണിയുടെ വിജയം. അതിനു മുന്പ് 2009 ലെ തിരഞ്ഞെടുപ്പിലും വിജയം ജോസ് കെ മാണിക്ക് ഒപ്പമായിരുന്നു. ഈ ഫലങ്ങളില് നിന്നു തന്നെ മണ്ഡലത്തിൽ കേരളകോൺഗ്രസിനുള്ള സ്വാധീനം വ്യക്തമാണ്. അപ്പോഴൊക്കെയും കേരള കോണ്ഗ്രസ് നാഷ്ണല് കോൺഗ്രസിനൊപ്പമായിരുന്നു. എന്നാല് കേരളകോൺഗ്രസും എല്ഡിഎഫും കൈകോർക്കുന്ന ഈ തിരഞ്ഞെടുപ്പില് കോട്ടയത്തിന്റെ വിധിയെഴുത്ത് എന്താണെന്ന് കാത്തിരുന്ന് കാണാം.