എം വി ജയരാജനെതിരെ വ്യാജ വീഡിയോ പ്രചരണം; ഇലക്ഷൻ കമ്മീഷന് പരാതി നൽകി എൽഡിഎഫ്

യുഡിഎഫ് നേതൃത്വത്തിന്റെ അറിവോടെയാണ് വീഡിയോ നിർമ്മിച്ചതെന്ന് എൽഡിഎഫ്

dot image

കണ്ണൂർ: എം വി ജയരാജനെതിരെ വ്യാജ വീഡിയോ പ്രചരണമെന്നാരോപിച്ച് ഇലക്ഷൻ കമ്മീഷന് പരാതി നൽകി എൽഡിഎഫ്. ഇത് കൂടാതെ ജില്ലാ പൊലീസ് മേധാവിക്കും ജില്ലാ കളക്ടർക്കും എൽഡിഎഫ് പരാതി നൽകി. 14 കൊല്ലം മുൻപ് നടന്ന ഒരു സംഭവത്തിന്റെ വീഡിയോയിൽ കൃത്രിമമായ അടിക്കുറിപ്പ് ചേർത്താണ് പ്രചരണം നടക്കുന്നത്. മതസ്പർദ്ധ വളർത്താനുദ്ദേശിച്ചുകൊണ്ട് തിരഞ്ഞെടുപ്പുകാലത്ത് ആസൂത്രിതമായാണ് വീഡിയോ തയ്യാറാക്കിയതെന്നും യുഡിഎഫ് നേതൃത്വത്തിന്റെ അറിവോടെയാണ് വീഡിയോ നിർമ്മിച്ചതെന്നും എൽഡിഎഫ് ആരോപിക്കുന്നു. കണ്ണൂർ ലോക്സഭാ എൽഡിഎഫ് സ്ഥാനാർത്ഥിയാണ് എം വി ജയരാജൻ. കെപിസിസി അധ്യക്ഷൻ കെ സുധാകരനാണ് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി. കണ്ണൂരിലെ സിറ്റിങ് എംപികൂടിയാണ് സുധാകരൻ.

നേരത്തെ, വടകര എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജക്കെതിരായ 'കൊവിഡ് കള്ളി' പരാമർശത്തിലും തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. വടകര ലോക്സഭാ മണ്ഡലം എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് പരാതി നൽകിയത്. കൊവിഡ് കള്ളി ഉൾപ്പടെ കെ കെ ശൈലജയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ നടന്ന സൈബർ ആക്രമണങ്ങൾക്കെതിരെയാണ് പരാതി.

കെ കെ ശൈലജയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയാണെന്നും വടകര യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെ അറിവോടെയാണ് ഇത്തരം പ്രചാരണങ്ങൾ നടക്കുന്നതെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൽ എല്ഡിഎഫ് പറയുന്നു. കേരളാ മുഖ്യമന്ത്രി, ഡിജിപി, ഐജി, റൂറൽ എസ്പി, ജില്ലാ കളക്ടർ എന്നിവർക്കും പരാതി നൽകിയിരുന്നു.

ശൈലജക്കെതിരായ 'കൊവിഡ് കള്ളി' പരാമർശം; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us