കോഴിക്കോട്: കോണ്ഗ്രസ് നേതാവ് 'രാഹുല് ഗാന്ധിക്ക് പകരം പ്രിയങ്കാ ഗാന്ധി' എന്ന മുദ്രാവാക്യത്തോട് പ്രതികരിച്ച് സാമൂഹിക-രാഷ്ട്രീയ നിരീക്ഷകന് എം എന് കാരശ്ശേരി. സൗന്ദര്യമല്ല, ത്യാഗത്തിന്റേതാണ് മഹിമയെന്ന് എം എന് കാരശ്ശേരി പ്രതികരിച്ചു.
'രാഹുലിന് പകരം പ്രിയങ്കയെത്തിയാല് എന്താവുമെന്ന് എനിക്ക് അറിയില്ല. കാണാന് ഭംഗിയുണ്ടാവുകയെന്നത് നേതാവിന്റെ യോഗ്യതയാണ്. ഗാന്ധി കാണാന് ഭംഗിയുണ്ടോ? കെ കാമരാജ്, ഇഎംഎസ്. ഇന്ദിരാഗാന്ധിക്ക് സൗന്ദര്യമുണ്ട്. ഞാന് അവരെ കണ്ടിട്ടുണ്ട്. വളരെ സുന്ദരിയാണ്. പ്രിയങ്കാഗാന്ധിക്ക് സൗന്ദര്യമുണ്ട്. ഇന്ദിരാഗാന്ധിയുടെ ചായയുണ്ട്. മൂക്ക് സമാനമാണ്. ബോബ് ചെയ്ത മുടി ഇന്ദിരയ്ക്ക് സമാനമാണ്. പക്ഷെ, ത്യാഗത്തിന്റേതാണ് മഹിമ. അസൗകര്യങ്ങളേറ്റുവാങ്ങാന്, പട്ടിണി കിടക്കാന്, നടന്നുപോകാന്, തല്ലുകൊള്ളാന്, ജയിലില് കിടക്കാന് ഇവര് ആര് തയ്യാറുണ്ട്.' എംഎന് കാരശ്ശേരി ചോദിച്ചു.
രാഹുല് ഗാന്ധി പ്രതീക്ഷയാണെന്ന് പറയാനാണ് തനിക്കിഷ്ടമെന്നും കാരശ്ശേരി അഭിപ്രായപ്പെട്ടു. നേതാവ് പ്രചോദിപ്പിക്കണം. രാഹുല് ഗാന്ധി രാഷ്ട്രീയത്തില് ഒരുപാട് മെച്ചപ്പെട്ടു. പത്ത് വര്ഷം മുമ്പ് കണ്ട രാഹുല് ഗാന്ധിയെയല്ല ഇപ്പോള് കാണാന് കഴിയുകയെന്നും കാരശ്ശേരി റിപ്പോര്ട്ടര് ടി വിയോട് പ്രതികരിച്ചു.
ഇന്ദിരാഗാന്ധിയോട് കൂടിയാണ് കോണ്ഗ്രസ് തകര്ന്നത്. ശാസ്ത്രി പ്രധാനമന്ത്രിയാവുമ്പോഴാണ് ഇന്ദിര വരുന്നത്. ശക്തയായിരുന്നു. പക്ഷെ ഇന്ദിരാഗാന്ധി പാര്ട്ടിയും അധികാരവും ഒന്നിച്ചു പിടിച്ചു. ഇന്ദിരാ സിന്ഡിക്കേറ്റ് ഉണ്ടാക്കി. ഇന്ദിരാഗാന്ധിയാണ് അടിസ്ഥാനപരമായ ജീര്ണ്ണതയ്ക്ക് കാരണമെന്നും കാരശ്ശേരി പറഞ്ഞു.