ആലപ്പുഴ: ആദായ നികുതി വകുപ്പിന്റെ നീക്കം രാജ്യത്തെ മറ്റ് പ്രതിപക്ഷ പാർട്ടികളെ തിരഞ്ഞെടുപ്പിൽ ഇല്ലാതാക്കാനെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. കോൺഗ്രസ് പാർട്ടിയുടെ അക്കൗണ്ടുകൾ മുഴുവൻ മരവിപ്പിച്ചിരുന്നു. 1076 കോടി അടയ്ക്കണമെന്ന് ആദായനികുതി വകുപ്പിന്റെ നോട്ടീസ് ഇപ്പോൾ വന്നു. 692 കോടി പലിശ മാത്രം അടയ്ക്കണം. എന്നാൽ ബിജെപിയും നികുതി അടച്ചതിന്റെ കണക്ക് വ്യക്തമാക്കിയിട്ടില്ലെന്നും കെ സി പറഞ്ഞു.
തിരഞ്ഞെടുപ്പ് അടുത്തതോടെ ബിജെപിക്ക് ഭയമാണ്. ഇന്നലെയാണ് നോട്ടിസ് വന്നത്. ആദായനികുതി വകുപ്പിന്റെ നീക്കത്തിനെതിരെ നാളെയും മറ്റന്നാളും രാജ്യവാപകമായി പ്രതിഷേധിക്കും. കോൺഗ്രസ് പാർട്ടിയെ സാമ്പത്തികമായി പാപ്പരാക്കുക എന്നതാണ് ലക്ഷ്യം. കൃത്യമായ കണക്ക് എഐസിസി ദേശീയ ട്രഷറർ ഉച്ചക്ക് വാർത്താ സമ്മേളനം നടത്തി പുറത്തുവിടുമെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.
കോൺഗ്രസിന് കുരുക്കുമുറുക്കി 1700 കോടി രൂപയുടെ നോട്ടീസാണ് ആദായനികുതി വകുപ്പ് അയച്ചിരിക്കുന്നത്. സാമ്പത്തിക വര്ഷം 2017-18 മുതല് 2020-21 വരെയുള്ള പിഴയും പലിശയും അടങ്ങുന്നതാണ് തുക. ആദായ നികുതി വകുപ്പിന്റെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് കോണ്ഗ്രസ് പ്രതികരിച്ചു. ആദായനികുതി പുനര്നിര്ണയത്തിലെ കോണ്ഗ്രസ് ഹര്ജി ഡല്ഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് പുതിയ നടപടി.
കോണ്ഗ്രസിന് വീണ്ടും കുരുക്ക്; 1700 കോടിയുടെ നോട്ടീസ് നല്കി ആദായ നികുതി വകുപ്പ്