പത്തനംതിട്ട: സംസ്ഥാനത്തിന് കേന്ദ്ര ഫണ്ട് നിഷേധിച്ച വിഷയത്തിൽ പരസ്പരം വാക്പോരുമായി പത്തനംതിട്ട ലോക്സഭാ മണ്ഡലം എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർത്ഥികൾ. കേന്ദ്ര സർക്കാർ കേരളത്തെ സാമ്പത്തികമായി ഞെരുക്കിയപ്പോൾ പ്രതികരിക്കാൻ ഒരു യുഡിഎഫ് നേതാവ് ഉണ്ടായിട്ടുണ്ടോ എന്ന തോമസ് ഐസക്കിൻ്റെ ഫേയ്സ് ബുക്ക് പോസ്റ്റിന് കേരളത്തിലെ യുഡിഎഫ് എംപിമാർ കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകുന്നതിൻ്റെ ഫോട്ടോ ഇട്ടാണ് ആൻ്റോ ആൻ്റണി മറുപടി നൽകിയത്. എൽഡിഎഫും യുഡിഎഫും വിഷയത്തിൽ ഒന്നിച്ച് നിൽക്കുന്നതിന് പകരം തങ്ങൾ വേറെ നിവേദനം കൊടുത്തോളാം എന്ന നിലപാടാണ് യുഡിഎഫിൻ്റേതെന്ന് ആന്റോ ആന്റണിക്ക് മറുപടിയുമായി തോമസ് ഐസക് വീണ്ടുമെത്തി.
കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് ഫണ്ട് നിഷേധിച്ചതിൽ കോൺഗ്രസ് എംപിമാർ കേന്ദ്രത്തിന് നൽകിയ നിവേദനം നാട്ടുകാർ അറിഞ്ഞില്ല എന്നായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. തോമസ് ഐസക്കിൻ്റെ പരിഹാസം. കോൺഗ്രസ് എംപിമാർ കേരളത്തിന് വേണ്ടി എന്തെങ്കിലും പരസ്യമായി പറഞ്ഞിട്ടുണ്ടോ എന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ തോമസ് ഐസക് ചോദിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം പദ്ധതികൾ മുടങ്ങുമ്പോൾ അത് എൽഡിഎഫിനെതിരായ ജനവികാരമായി തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും എന്നാണ് യുഡിഎഫ് കരുതിയതെന്നും ഇപ്പോൾ യുഡിഎഫ് പ്ലേറ്റ് മാറ്റിയതായും തോമസ് ഐസക് പറഞ്ഞു.
മണ്ഡലത്തിൽ നിർമ്മാണം പൂർത്തിയാകാത്ത പാലങ്ങൾ, മേൽപ്പാലങ്ങൾ എന്നിവ എൽഡിഎഫിനെതിരെ യുഡിഎഫ് പ്രചരണായുധമാക്കുന്നുണ്ട്. കേന്ദ്ര ഫണ്ട് ലഭ്യമാകാത്തത് കൊണ്ടാണ് പല പദ്ധതികളും പാതി വഴിയിൽ മുടങ്ങിക്കിടക്കുന്നതെന്നാണ് എൽഡിഎഫിന്റെ വാദം.