തിരുവനന്തപുരം: സംസ്ഥാനത്ത് റെക്കോര്ഡ് ചൂട് തുടരുന്നു. സംസ്ഥാനത്തെ ഈ വര്ഷത്തെ ഏറ്റവും ഉയര്ന്ന ചൂട് പാലക്കാട് രേഖപ്പെടുത്തി. 40.4 ഡിഗ്രി സെല്ഷ്യസ് ആണ് പാലക്കാട് രേഖപ്പെടുത്തിയ ചൂട്. തുടര്ച്ചയായി രണ്ടാമത്തെ ദിവസമാണ് പാലക്കാട് 40 മുകളില് രേഖപ്പെടുത്തുന്നത്. 2019ന് ശേഷം ആദ്യമായാണ് മാര്ച്ച് മാസത്തില് 40 ഡിഗ്രി സെല്ഷ്യസ് രേഖപ്പെടുത്തുന്നത്.
പുനലൂരില് ചൂട് 39 ഡിഗ്രി സെല്ഷ്യസും രേഖപ്പെടുത്തി. രാജ്യത്തെ ഏറ്റവും ഉയര്ന്ന ചൂട് 42.5 ഡിഗ്രി സെല്ഷ്യസ് മഹാരാഷ്ട്രയിലെ ജ്യൂറില് ആണ് രേഖപെടുത്തിയത്. 2024 മാര്ച്ച് 30 മുതല് ഏപ്രില് 03 വരെ കൊല്ലം, തൃശൂര്, പാലക്കാട് ജില്ലകളില് ഉയര്ന്ന താപനില 39 ഡിഗ്രി സെല്ഷ്യസ് വരെയും, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂര് ജില്ലകളില് ഉയര്ന്ന താപനില 37 ഡിഗ്രി സെല്ഷ്യസ് വരെയും, തിരുവനന്തപുരം ജില്ലയില് ഉയര്ന്ന താപനില 36 ഡിഗ്രി സെല്ഷ്യസ് വരെയും ഉയരാന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നുണ്ട്.
ഉയര്ന്ന താപനിലയും ഈര്പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്, മലയോര മേഖലകളിലൊഴികെ 2024 മാര്ച്ച് 30 മുതല് ഏപ്രില് 03 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.