ന്യൂഡല്ഹി: ഓണ്ലൈന് വാര്ത്താ പോര്ട്ടലായ ന്യൂസ് ക്ലിക്ക് സ്ഥാപകനും എഡിറ്റര് ഇന് ചീഫുമായ പ്രബീര് പുരകായസ്തയ്ക്കെതിരെ ആദ്യ കുറ്റപത്രം സമര്പ്പിച്ചു. 9,000 പേജുള്ള കുറ്റപത്രമാണ് ഡല്ഹി പൊലീസ് സ്പെഷ്യല് സെല് ഡല്ഹി പട്യാല കോടതിയില് സമര്പ്പിച്ചത്.
അമേരിക്കന് വ്യവസായിയും സാമൂഹിക പ്രവര്ത്തകനുമായ നെവില് റോയ് സിംഘത്തിൽ നിന്ന് ന്യൂസ് ക്ലിക്കിന് വേണ്ടി പണം വാങ്ങി എന്നാണ് പ്രബീര് പുരകാസ്തയ്ക്കെതിരെയുള്ള ആരോപണം. കഴിഞ്ഞ വര്ഷം ഓഗസ്റ്റിലായിരുന്നു കേസില് എഫ്ഐആര് രജിസ്റ്റര് ചെയ്തത്. പിന്നാലെ പുരകായസ്തയെ യുഎപിഎ നിയമപ്രകാരം അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഡല്ഹിയിലെ ന്യൂസ്ക്ലിക്കിന്റെ ഓഫീസും പൊലീസ് സീല് ചെയ്തിരുന്നു. വിവിധ ആരോപണങ്ങളാണ് പ്രബീര് പുരകായസ്തയ്ക്കെതിരെ എഫ്ഐആറില് പറയുന്നത്.
ജമ്മു കശ്മീരിനേയും അരുണാചല് പ്രദേശിനേയും ഇന്ത്യയുടെ ഭാഗമല്ലെന്ന് വരുത്തിതീര്ക്കാന് ശ്രമിച്ചു, ഇതിനായി വിദേശഫണ്ടിലൂടെ 115 കോടിയിലധികം രൂപ പ്രതിഫലമായി സ്വീകരിച്ചു, 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന് ശ്രമിച്ചു, ഭീമാ കൊറേഗാവ് കേസില് വിചാരണ നേരിടുന്ന ആക്ടിവിസ്റ്റ് ഗൗതം നവ്ലാഖയുമായി 1991 മുതല് സൗഹൃദമുണ്ടെന്ന കാര്യങ്ങളും എഫ്ഐആറില് പറയുന്നു.