കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഇത്തവണ മത്സരിക്കേണ്ടെന്ന് എസ്ഡിപിഐ തീരുമാനിച്ചു. യുഡിഎഫിന് പിന്തുണ നൽകാനാണ് ധാരണ. തിങ്കളാഴ്ച ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകും. മലബാറിൽ എസ്ഡിപിഐ വോട്ടുകൾ നിർണായകമാണ്. എസ്ഡിപിഐ വോട്ടുവേണ്ടെന്ന് ഇരുമുന്നണികളും പരസ്യമായി നിലപാട് പറയുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. എസ്ഡിപിഐയുമായി ഇരുമുന്നണികളും രഹസ്യ ചർച്ചകൾ നടത്തുന്നതായി അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോര്ട്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവശ്യമായി വരുന്ന ഭാരിച്ച തുക കണ്ടെത്താന് സംഘടനയ്ക്ക് ശേഷിയില്ലാത്ത സാഹചര്യത്തിലാണ് കേരളത്തില് മത്സരിക്കേണ്ടെന്ന തീരുമാനത്തിലേയ്ക്ക് ദേശീയ നേതൃത്വത്തെ എത്തിച്ചത്. കഴിഞ്ഞ ദിവസം കേന്ദ്ര നേതൃത്വമാണ് ഇത് സംബന്ധിച്ച നിര്ദ്ദേശം സംസ്ഥാന നേതൃത്വത്തിന് നല്കിയത്. നേരത്തെ ജില്ല കമ്മിറ്റികള് തയ്യാറാക്കിയ സ്ഥാനാര്ത്ഥി പട്ടിക സംസ്ഥാന സെക്രട്ടറിയേറ്റിന് അയച്ചിരുന്നു.
നിലവില് 60 സീറ്റുകളിലാണ് എസ്ഡിപിഐ മത്സരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. തമിഴ്നാട്ടില് എഐഎഡിഎംകെയുടെ പിന്തുണയോടെ ദിണ്ടിഗല് സീറ്റില് മത്സരിക്കുന്നുണ്ട്. സിപിഐഎമ്മാണ് ഇവിടെ എസ്ഡിപിഐയുടെ എതിരാളികള്.