
പത്തനംതിട്ട: കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയില് പങ്കെടുത്തത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന പരാതിയില് വിശദീകരണവുമായി എല്ഡിഎഫ് സ്ഥാനാര്ഥി തോമസ് ഐസക്. ഔദ്യോഗിക പരിപാടിയാണെന്ന് അറിഞ്ഞല്ല കുടുംബശ്രീ പരിപാടിക്ക്പോയതെന്ന് ഐസക് തിരഞ്ഞെടുപ്പ് വരണാധികാരികൂടിയായ ജില്ല കലക്ടര്ക്ക് വിശദീകരണം നല്കിയിരുന്നു.
പ്രവര്ത്തകര് അവിടെ കൊണ്ട് പോയി, താന് പോയി. കുടുംബശ്രീ മിഷന്റെ പരിപാടിയിലല്ല താന് പങ്കെടുത്തത്. സിഡിഎസ് വിളിച്ച് ചേര്ത്ത പരിപാടിയിലാണ് പങ്കെടുത്തത്. പ്രവര്ത്തകര്ക്ക് ജാഗ്രതക്കുറവ് സംഭവിച്ചു. കലക്ടറുടെ നടപടി അംഗീകരിക്കുന്നുവെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തോമസ് ഐസക് കുടുംബശ്രീയെന്ന സര്ക്കാര് സംവിധാനത്തെ ദുരുപയോഗം ചെയ്തുവെന്നാണ് യുഡിഎഫ് ചെയര്മാന് വര്ഗീസ് മാമന് കലക്ടര്ക്ക് പരാതി നല്കിയത്. ഇതിനിടെ ഐസക് പങ്കെടുക്കുന്ന സിഡിഎസിന്റെ മുഖാമുഖം പരിപാടിയില് അംഗങ്ങള് നിര്ബന്ധമായും പങ്കെടുക്കണമെന്ന കുന്നന്താനം പഞ്ചായത്ത് സിഡിഎസ് ചെയര്പേഴ്സന്റെ ശബ്ദസന്ദേശം വിവാദമായിരുന്നു.