കല്പറ്റ: ആനി രാജക്ക് നന്ദി പറയാന് സത്യമംഗലം കാടുകള് താണ്ടി വീരപ്പന് വേട്ടയിലെ ഇരകള് വയനാട്ടിലെത്തി. വീരപ്പനെ പിടികൂടാനായി കര്ണാടക- തമിഴ്നാട് സര്ക്കാറുകള് സംയുക്തമായി രൂപീകരിച്ച ജോയിന്റ് സ്പെഷ്യല് ടാസ്ക് ഫോഴ്സുകള് നടത്തിയ കിരാത പീഡനങ്ങള്ക്കെതിരെ സന്ധിയില്ലാതെ പോരാടി ഇരകള്ക്ക് നീതി വാങ്ങി കൊടുത്ത തങ്ങളുടെ അമ്മ ആനി രാജക്ക് വോട്ട് അഭ്യര്ഥിക്കാനാണ് സേലം ജില്ലയിലെ മേട്ടൂരില് നിന്ന് ക്രൂരപീഡനത്തിന് ഇരയായ ചിന്നമ്മാള്, മുരുകേശന്, ചിന്ന കൊളുന്ത്, നല്ലമ്മ, പൊന്നരശി, പെരിയതായി, സരസു എന്നിവര് വയനാട്ടില് എത്തിയത്. ഇതില് മൂന്ന് പേര് ടാസ്ക് ഫോഴിസിന്റെ ലൈംഗിക അതിക്രമത്തിന് ഇരയായവരാണ്.
ഇവരിൽ മൂന്ന് പേര് ഒന്പതര വര്ഷം ജയില് വാസം അനുഭവിച്ചവരാണ്. അതിക്രമത്തിൻ്റെ ഭാഗമായി പല സ്ത്രീകളുടേയും ഭര്ത്താക്കന്മാരെ വെടിവെടിവെച്ചു കൊന്നിരുന്നു. ഈ നിലയിൽ ഭരണകൂട ഭീകരതയുടെ ഇരകളായി ജീവിക്കുകയായിരുന്ന നൂറ് കണക്കിന് മനുഷ്യരുടെ അവകാശത്തിനായി പോരാട്ടം നടത്തിയത് ആനി രാജയുടെ നേതൃത്വത്തിലായിരുന്നു. 1993 സിപിഐ തമിഴ്നാട് സംസ്ഥാന കൗണ്സില് അംഗം വി പി ഗുണശേഖരന് വിഷയത്തില് ഇടപെട്ടു. ഇതോടെയാണ് ദേശീയ മഹിളാ ഫെഡറേഷന്റെ മധുരയില് നടന്ന സംസ്ഥാന സമ്മേളനത്തില് ആനി രാജയെ കാണാന് ഇവര് എത്തുന്നത്. തുടര്ന്ന് ഇവരെയും കൂട്ടി ആനി രാജ ഡല്ഹിയില് എത്തുന്നു. അവിടെ വെച്ച് പബ്ലിക് ഹിയറിങ്ങ് നടത്തുന്നു. ആനി രാജയുടെ സമ്മര്ദ്ദത്തിനൊടുവില് അസുഖ ബാധിതനായി വിശ്രമിക്കുകയായിരുന്ന അന്നത്തെ പ്രധാനമന്ത്രി മന്മോഹന് സിംങ് ഇരകളെ കാണാന് തയാറാകുന്നു. അവർ നേരിട്ട പീഡനത്തിന്റെ ക്രൂരത പ്രധാനമന്ത്രിക്ക് മനസിലാക്കി കൊടുക്കുന്നു. ശിവരാജ് പാട്ടീലായിരുന്നു അന്നത്തെ ആഭ്യന്തര മന്ത്രി.
എന്എച്ച്ആര്സിയിലായിരുന്നു കേസ് ഉണ്ടായിരുന്നത്. ഇരകളേയും കൂട്ടി ആനി രാജ മനുഷാവകാശ കമ്മീഷന് ചെയര്മാനെ കണ്ടു. ഓഫീസില് ഉണ്ടായിട്ടും ചെയര്മാന് കാണാനുളള സമയം അനുവദിച്ചില്ല. തുടര്ന്ന് ആനി രാജയുടെ നേതൃത്വത്തില് ചെയര്മാന് ജസ്റ്റിസ് എ എ ആനന്ദിനെ ഖരാവോ ചെയ്തു. പ്രക്ഷോഭത്തിന്റെ ഫലമായി അടുത്ത ആഴ്ച്ച തന്നെ കമ്മീഷന്റെ ഫുള് ബെഞ്ച് സിറ്റിംങ് നടന്നു. സദാശിവന് കമ്മീഷന് റിപ്പോര്ട്ട് അനുസരിച്ച് കര്ണാടക - തമിഴ്നാട് സര്ക്കാറുകള് പത്തു കോടി രൂപ നഷ്ട്ട പരിഹാരം കൊടുക്കാനും ഉത്തരവിറക്കി.
1994 മുതല് ആനി രാജയുടെ നേതൃത്വത്തില് നടത്തിയ നിയമ പോരാട്ടത്തിലൂടെ ആണ് ഇരകളായവര്ക്ക് നീതി കിട്ടിയതെന്നും, ആനി രാജ വിജയിച്ചാല് പാവങ്ങളോടും, നീതി നിഷേധിക്കുന്നവരോടൊപ്പവും ഉണ്ടാകുമെന്നും ജീവിത അനുഭവത്തില് നിന്നും അവര് സാക്ഷ്യപ്പെടുത്തുകയാണ്. നഷ്ട പരിഹാര തുകയായ പത്ത്കോടിയില് 2.80 കോടി സര്ക്കാര് നല്കുകയും ചെയ്തു. ബാക്കി തുക നല്കുന്നതില് സര്ക്കാറുകള് വീഴ്ച വരുത്തിയപ്പോള് ഇരകള് കോടതിയെ സമീപിക്കുകയും, 7.20 കോടി രൂപ ഏഴ് ആഴ്ച കൊണ്ടു നല്കണമെന്നും വിധിക്കുകയായിരുന്നു. ഈ പോരാട്ടങ്ങളെ മുന്നില് നിന്ന് നയിച്ച ആനി രാജയോട് നന്ദി പറയുന്നതിനും, നടത്തിയ പോരാട്ടങ്ങള് ജനങ്ങളുടെ മുന്നില് അവതരിപ്പിക്കുന്നതിനുമാണ് സത്യമംഗലത്തു നിന്നും അവര് എത്തിയത്.