കോഴിക്കോട്: ബിജെപിക്കാരനായതുകൊണ്ട് ബീഫ് കഴിക്കാൻ പാടില്ലെന്ന് നിയമമില്ലെന്ന് കോഴിക്കോട്ടെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എം ടി രമേശ്. ബീഫ് കഴിക്കുന്ന ബിജെപിക്കാരുണ്ടാകും. ഭക്ഷണം എന്ന് പറയുന്നത് അവനവന്റെ താല്പര്യമാണെന്നും റിപ്പോർട്ടർ ടിവിയുടെ ബ്രേക്ഫാസ്റ്റ് വിത്ത് എം ടി രമേശ് പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
രാവിലെ പുട്ടിനൊപ്പം ബീഫാക്കിയാൽ എങ്ങനെയുണ്ടാവും എന്ന ചോദ്യത്തിന് കഴിക്കുന്നവരാണെങ്കിൽ കുഴപ്പമില്ല എന്നായിരുന്നു എം ടി രമേശിന്റെ മറുപടി. 'ഇഷ്ടമുള്ളയാൾക്കാർക്ക് കുഴപ്പമില്ല, ഞാൻ കഴിക്കാറില്ല. ഞാൻ ബീഫ് കഴിക്കാറില്ല എന്നേയുള്ളു. കഴിക്കുന്ന ആൾക്കാരോട് ഒരു വിരോധവുമില്ല. കഴിക്കാൻ പാടില്ലാന്നുള്ള ഏർപ്പാടും എനിക്കില്ല. ബീഫ് ഇഷ്ടമുള്ള ബിജെപിക്കാർ കഴിക്കുമല്ലോ. ബിജെപിക്കാരായതു കൊണ്ട് ബീഫ് കഴിക്കാൻ പാടില്ലാന്ന് ആര് പറഞ്ഞു. ബീഫ് മലയാളികൾ കഴിക്കുന്ന വിഭവമാണ്. ഭക്ഷണമെന്നൊക്കെ പറയുന്നത് ഒരു സ്ഥലത്തിന്റെ ഇതാണ്. കേരളത്തിൽ പൊതുവേ എല്ലാരും ബീഫ് കഴിക്കാറുണ്ട്. ബീഫ് കഴിക്കുന്ന ബിജെപിക്കാരുണ്ടാകും. ഭക്ഷണം എന്ന് പറയുന്നത് അവനവന്റെ താല്പര്യമാണ്. ഓരോരുത്തരുടെയും വ്യക്തിപരമായ ഇഷ്ടമാണ്. എന്താണോ താല്പര്യം, അത് കഴിക്കാം. ബീഫ് എന്ന് പറയുന്നത് പശുവല്ല, അത് തെറ്റിദ്ധാരണയുളളതുകൊണ്ടാണ്. അതുകൊണ്ട് ബീഫ് കഴിക്കുന്നതിന് യാതൊരു പ്രശ്നവുമില്ല'. എം ടി രമേശ് പറഞ്ഞു.
ബിജെപി ഒരിക്കലും പ്രവർത്തകരോട് ബീഫ് കഴിക്കരുതെന്ന് പറഞ്ഞിട്ടില്ല. ബിജെപിയെക്കുറിച്ച് എതിരാളികൾ പറയുന്നത് പലതും ശരിയല്ലല്ലോ. ഭക്ഷണം ഓരോരുത്തർക്കും ഇഷ്ടമനുസരിച്ച് കഴിക്കാനുള്ളതാണ്, നോർത്ത് ഈസ്റ്റിലെ ഭക്ഷണം സമ്പൂർണമായിട്ടും മാംസാഹാരമാണ്. അത് മാത്രമല്ല നമുക്കൊരിക്കലും അംഗീകരിക്കാൻ പറ്റാത്ത മാംസാഹാരമാണ് അത്. അത് കേരളത്തിൽ കഴിക്കാൻ പറ്റില്ലല്ലോ. ഓരോ സ്ഥലത്തിനും അതിന്റേതായ അഭിരുചിയുണ്ട്, അതനുസരിച്ചാണ് കാര്യങ്ങളെന്നും എം ടി രമേശ് പറഞ്ഞു.