സ്വന്തമായി വീടോ വാഹനമോ ഇല്ല; എം കെ രാഘവന്റെ കൈവശമുള്ളത് 18,000 രൂപയും 24 ഗ്രാം സ്വർണവും

ഭാര്യ എം കെ ഉഷയുടെ കൈയിൽ 80 ഗ്രാം സ്വർണവും 5000 രൂപയുമാണുള്ളത്

dot image

കോഴിക്കോട്: യുഡിഎഫ് സ്ഥാനാർഥി എം കെ രാഘവന്റെ കൈയിലുള്ളത് 18,000 രൂപയും 24 ഗ്രാം സ്വർണവും. 5,26,181 രൂപയാണ് രാഘവന്റെ ആകെ ആസ്തി. ഭാര്യ എം കെ ഉഷയുടെ കൈയിൽ 80 ഗ്രാം സ്വർണവും 5000 രൂപയുമാണുള്ളത്. ഭാര്യക്ക് 37,10,594 രൂപയുടെ ആസ്തിയുണ്ട്. രാഘവന്റെ പേരിൽ നാല് ക്രിമിനൽ കേസുകളാണുള്ളത്. നാമനിർദേശപത്രികയ്ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിലാണ് ഈ വിവരങ്ങളുള്ളത്. കോഴിക്കോട് നടക്കാവ്, ടൗൺ പൊലീസ് സ്റ്റേഷനുകളിലും കണ്ണൂരിലുമായാണ് രാഘവന്റെ പേരിലുള്ള നാല് കേസുകൾ.

എം കെ രാഘവൻ ഡയറക്ടറായ അഗ്രീൻകോ സൊസൈറ്റി സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതിയെത്തുടർന്നുള്ളതാണ് ഇതിലൊന്ന്. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് പുറത്തുവന്ന ഒളിക്യാമറ ഓപ്പറേഷനുമായി ബന്ധപ്പെട്ടുള്ളതാണ് മറ്റൊന്ന്. ഇവയിൽ കുറ്റം ചുമത്തിയിട്ടില്ല. ആവിക്കൽ മലിനജന സംസ്കരണപ്ലാന്റിനെതിരായ സമരത്തിൽ പകർച്ചവ്യാധി നിയന്ത്രണനിയമം ലംഘിച്ചെന്നാണ് മറ്റു രണ്ടു കേസുകൾ. 44,600 രൂപ മതിക്കുന്ന എംആർപിഎല്ലിന്റെ 200 ഓഹരികൾ രാഘവനുണ്ട്. ജീവനക്കാരിയായ സമയത്ത് വാങ്ങിയ 7,95,172 രൂപയുടെ ഫെഡറൽ ബാങ്കിന്റെ 5310 ഓഹരികൾ ഭാര്യക്കുമുണ്ട്. ഇവരുടെ പേരിൽ മാരുതി സ്വിഫ്റ്റ് കാറുണ്ട്.

ഇല്ലക്കാട്, കുഞ്ഞിമംഗലം എന്നിവിടങ്ങളിലായി 66 സെന്റ് സ്ഥലവുമുണ്ട്. കുഞ്ഞിമംഗലത്ത് 20 സെന്റ് സ്ഥലത്ത് 1400 ചതുരശ്ര അടി വിസ്തീർണമുള്ള വീടും വേങ്ങേരി 13 സെന്റ് സ്ഥലത്ത് 3500 ചതുരശ്രയടിയുള്ള വീടുമുണ്ട്. 2,07,00,000 രൂപയാണ് ഭൂമിയുടെയും കെട്ടിടങ്ങളുടെയും നടപ്പ് കമ്പോളമൂല്യം. മരങ്ങാട്ടുപിള്ളി സർവീസ് സഹകരണബാങ്കിൽ 25,00,000 രൂപയും കല്ലായി എസ്ബിഐ ശാഖയിൽ 56,00,000 രൂപയും വായ്പയുണ്ട്. 1,26,00,000 രൂപയാണ് ഉഷയുടെ ബാധ്യത. രാഘവന്റെ പേരിൽ സ്വന്തമായി വീടോ വാഹനമോ സ്ഥലമോ സാമ്പത്തിക ബാധ്യതകളോ ഇല്ല. 2022-23 സാമ്പത്തികവർഷം ആദായനികുതി റിട്ടേണിൽ കാണിച്ച ആകെ വരുമാനം 12,00,000 രൂപയാണ്. 1979-ൽ മൈസൂർ സർവകലാശാലയിൽ നിന്നുള്ള ബിഎ ആണ് എംകെ രാഘവന്റെ വിദ്യാഭ്യാസ യോഗ്യത.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us