തിരുവനന്തപുരം: കണ്ടല ബാങ്കില് കോടികളുടെ വെട്ടിപ്പ് നടത്തിയ എന് ഭാസുരാംഗന് മില്മ അഡ്മിനിസ്ട്രേറ്ററായിരിക്കെ വേറെയും തട്ടിപ്പ് നടത്തിയതിന് തെളിവുകള്. ഭാസുരാംഗന് പ്രസിഡന്റായ മാറനെല്ലൂര് ക്ഷീര സംഘത്തിന് ക്ഷീര വികസന വകുപ്പ് നല്കിയ 20 ലക്ഷം രൂപയാണ് കണക്കില് കാണാത്തത്.
മില്മയില് നിന്ന് സാധനം എടുത്ത് വില്പ്പന നടത്താനാണ് എന് ഭാസുരാംഗന്റെ സംഘത്തിന് തുക അനുവദിച്ചത്. ക്ഷീരവികസന വകുപ്പ് സാധാരണ ഗതിയില് സംഘങ്ങള്ക്ക് പരമാവധി അഞ്ച് ലക്ഷം രൂപയാണ് വര്ഷങ്ങളുടെ ഇടവേളയില് സഹായ ധനമായി കൊടുക്കുന്നത്. എന്നാല് മില്മ അഡ്മിനിസ്ട്രേറ്റര് കൂടിയായ എന് ഭാസുരാംഗന് പ്രസിഡന്റായ മാറനെല്ലൂര് ക്ഷീരോത്പാദക സഹകരണ സംഘത്തിന് 20 ലക്ഷം രൂപയാണ് സര്ക്കാര് അനുവദിച്ചത്.
മില്മയില് നിന്ന് ഉത്പന്നങ്ങള് വാങ്ങി വിറ്റ് സംഘം മുന്നോട്ട് കൊണ്ടുപോകാനാണ് തുകയെന്നാണ് ഉത്തരവിലുള്ളത്. 20 ലക്ഷം രൂപ ക്ഷീര സംഘത്തിന്റെ അക്കൗണ്ടില് വന്നതോടെ മന്ത്രി ചിഞ്ചുറാണിയെ വിളിച്ചുവരുത്തി പേരിന് ഒരു ഉദ്ഘാടനം നടത്തി. നാലര ലക്ഷത്തിലധികം രൂപ വൈദ്യുതി കുടിശ്ശിക ഉള്ള സമയത്ത് വൈദ്യുതി ഇല്ലാതെയായിരുന്നു പൂട്ടിക്കിടക്കുന്ന ക്ഷീരയില് ഉദ്ഘാടനം നടത്തിയത്. ഐസ്ക്രീം അടക്കമുള്ള ഉത്പ്പന്നങ്ങള് വൈദ്യുതിയില്ലാത്തതിനാല് വില്ക്കാനുമായില്ല. ഉദ്ഘാടനത്തിന് പിന്നാലെ അതും അവസാനിച്ചു. മാത്രമല്ല ജിഎസ്ടി അടക്കാത്തത് കൊണ്ട് വന് തുക പിഴയടക്കാന് ജിഎസ്ടി വകുപ്പ് നോട്ടീസും നല്കി. കോടികളുടെ ക്രമക്കേട് നടത്തി ക്ഷീര വ്യവസായ സംഘം പ്ലാന്റ് പൂട്ടിച്ചത് പോലെ മില്മയില് രജിസ്റ്റര് ചെയ്ത മാറനെല്ലൂര് ക്ഷീരോത്പാദക സംഘവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണിപ്പോള്.