കടമെടുപ്പ് പരിധി; ഹർജി ഭരണഘടനാ ബെഞ്ചിന് വിട്ടത് പോസിറ്റീവ്, ചരിത്രത്തിൽ പ്രധാനപ്പെട്ടത്: ധനമന്ത്രി

പരാതി പിൻവലിച്ചാൽ പണം തരാമെന്ന് നിലപാടിലാണ് കേന്ദ്രം. ഇതിനെ സുപ്രീം കോടതി എതിർത്തുവെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ

dot image

കൊല്ലം: കടമെടുപ്പ് പരിധിയിൽ കേരളം നൽകിയ ഹർജി ഭരണഘടനാ ബെഞ്ചിന് വിട്ട വിധി വളരെ പ്രധാനപ്പെട്ടതാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. രാജ്യത്ത് ഇത്തരത്തിൽ വരുന്ന ആദ്യത്തെ കേസാണിത്. കേരളത്തിന്റെ അപേക്ഷ ഭരണഘടനാപരമായി പരിശോധിക്കേണ്ടതാണെന്ന് കോടതി വിലയിരുത്തി. ഭരണഘടന ബെഞ്ച് പരിശോധിക്കണം എന്ന വിധി പോസിറ്റിവാണ്. ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ പ്രധാനപ്പെട്ട ഒന്നാണിതെന്നും മന്ത്രി പറഞ്ഞു.

സാമ്പത്തിക കാര്യങ്ങളിൽ ഇത്തരത്തിൽ ഒന്ന് ആദ്യമായാണ്. പരാതി പിൻവലിച്ചാൽ പണം തരാമെന്ന് നിലപാടിലാണ് കേന്ദ്രം. ഇതിനെ സുപ്രീം കോടതി എതിർത്തുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. പരാതി പിൻവലിക്കണം എന്ന കേന്ദ്രത്തിന്റെ നിലപാട് മാറ്റിയാണ് 13,000 കോടി അനുവദിച്ചത്. വിധി രാജ്യത്തെ എല്ലാ സംസഥാനങ്ങൾക്കും സഹായമാവും. സംസ്ഥാനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി, അർഹമായ കാര്യങ്ങൾക്ക് വേണ്ടി എവിടെയും പോകാൻ സർക്കാർ തയ്യാർ ആണ്. പണത്തിന് വേണ്ടി കേന്ദ്രത്തിന് മുന്നിൽ ധനമന്ത്രി യാചിക്കാൻ പോയി എന്ന വി മുരളീധരന്റെ പരാമർശത്തിൽ ആണ് കെ എൻ ബാലഗോപാലിന്റെ മറുപടി. ഇന്ത്യൻ പാർലമെന്റിൽ ഈ വിഷയം നല്ല രീതിയിൽ അവതരിപ്പിക്കാൻ സാധിച്ചില്ല. പരാതി നൽകാൻ 18 യുഡിഎഫ് എംപിമാരും തയ്യാറായില്ലെന്നും ധനമന്ത്രി പറഞ്ഞു.

സുപ്രീം കോടതിയുടെ ഈ ഇടക്കാല വിധി കേരളം പോലെ സമാന അവസ്ഥ നേരിടുന്ന എല്ലാ സംസ്ഥാനങ്ങൾക്കും സഹായകരമാകും എന്നാണ് പ്രതീക്ഷ. ഇത്തരം കാര്യങ്ങൾ ന്യായമായ ആവശ്യങ്ങളായി കാണാൻ രാഷ്ട്രീയ തിമിരം ബാധിച്ച പ്രതിപക്ഷങ്ങൾ തയ്യാറാകുന്നില്ല. മുൻവർഷങ്ങളിലേക്കാൾ ഏറ്റവും കൂടുതൽ പണം ചെലവഴിച്ച വർഷമാണിത്. പണമുള്ളതുകൊണ്ടാണ് പണം ചെലവഴിച്ചത്. നിരന്തരമായി കേരളത്തിന് കിട്ടാനുള്ളതെല്ലാം വെട്ടിച്ചുരുക്കി കൊണ്ടിരിക്കുകയാണ്.

അടിയന്തര ആവശ്യമായി ആവശ്യപ്പെട്ട പതിനായിരം കോടി ലഭിച്ചിട്ടില്ല. അതിന്റേതായ ബുദ്ധിമുട്ടുകൾ കേരളം നേരിടുന്നുണ്ട്. കേരളത്തിലെ മുഖ്യമന്ത്രിയും മന്ത്രിമാരും ഡൽഹിയിൽ പോയി സമരം ചെയ്ത് കേരള ജനതയ്ക്ക് വേണ്ടിയാണ്. സമരം ചെയ്തത് അന്തസ്സായി കാണുന്നുവെന്നും കേരളം പൊരുതി മുന്നോട്ടു കൊണ്ടുവന്ന വിഷയത്തിൽ വി മുരളീധരൻ കേരള ജനതയ്ക്ക് എതിരായി സംസാരിക്കുന്നുവെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.

കടമെടുപ്പ് പരിധിയില് നിയമപരമായ റിവ്യൂ സാധ്യമാകുമോ എന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിശോധിക്കും. കേരളം ഉന്നയിച്ചത് ഭരണഘടനാ വിഷയമെന്ന് രണ്ടംഗ ബെഞ്ച് വിലയിരുത്തി. കേരളത്തിന് ഇടക്കാലാശ്വാസം നല്കിയെന്നും 13608 കോടി രൂപ ലഭിച്ചെന്നും സുപ്രീം കോടതി പറഞ്ഞു. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഹര്ജി ഭരണഘടനാ ബെഞ്ചിന് വിട്ടത്. കേരളത്തിന് കൂടുതൽ കടം എടുക്കാൻ നിലവിൽ അനുവാദമില്ല. തൽക്കാലം കടമെടുപ്പിന് കേന്ദ്രത്തിന്റെ നിബന്ധന പാലിക്കണം. ഒരു വർഷം അധികകടം എടുത്താൽ അടുത്ത വർഷത്തിൽ നിന്ന് അത് കുറയ്ക്കാൻ കേന്ദ്രത്തിന് അധികാരമുണ്ടെന്നും കോടതി നിരീക്ഷിച്ചു. 

കേരളത്തിന് കടമെടുക്കാൻ ഇനിയും കാത്തിരിക്കണം; ഹർജി ഭരണഘടനാ ബെഞ്ചിന് വിട്ടു
dot image
To advertise here,contact us
dot image