'രാഹുലിനെതിരായ കേസുകളിലൊന്ന് രാമക്ഷേത്രത്തിൽ കേറാൻ പോയ കേസാണോയെന്ന് പരിശോധിക്കണം'; മുഖ്യമന്ത്രി

തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി വയനാട് പാർലമെൻ്റ് മണ്ഡലത്തിൻ്റെ ഭാഗമായ നിലമ്പൂരിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ

dot image

മലപ്പുറം: രാഹുൽ ഗാന്ധിക്കെതിരായ കേസുകളിൽ ഒന്ന് രാമക്ഷേത്രത്തിൽ കേറാൻ പോയപ്പോൾ ഉണ്ടായ കേസ് ആണോ എന്ന് കോൺഗ്രസ് പരിശോധിക്കുന്നത് നന്നാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജൂഡ്യീഷറിയെ പോലും കേന്ദ്ര സർക്കാർ നോക്കുകുത്തിയാക്കുന്നുവെന്നും പിണറായി വിജയൻ ചൂണ്ടിക്കാണിച്ചു. നമ്മുടെ ഭരണഘടന നിയമത്തിനു മുന്നിൽ എല്ലാവർക്കും തുല്യ പരിരക്ഷ നൽകുന്നുണ്ട്. ഇന്ത്യയിൽ ജീവിക്കുന്ന എല്ലാവർക്കും തുല്യതയും പരിരക്ഷയുമുണ്ട്. ബിജെപി, ആർഎസ്എസിൻ്റെ അജണ്ട അനുസരിച്ച് കാര്യങ്ങൾ നീക്കുന്നുവെന്നും രാഷ്ട്രം തന്നെ അപകടത്തിലേക്ക് നീങ്ങുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി വയനാട് പാർലമെൻ്റ് മണ്ഡലത്തിൻ്റെ ഭാഗമായ നിലമ്പൂരിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

ഇന്ത്യ എല്ലാ കാലത്തും പലസ്തീന് ഒപ്പമായിരുന്നുവെന്ന് ഓർമ്മിപ്പിച്ച പിണറായി വിജയൻ ഇസ്രയേലിനെ അംഗീകരിക്കാൻ തുടങ്ങിയത് നരസിംഹ റാവുവിൻ്റെ കാലം മുതലാണെന്നും ചൂണ്ടിക്കാണിച്ചു. സംഘപരിവാറിനോടൊപ്പം നിൽക്കുന്ന നിലപാട് കോൺഗ്രസ് സ്വീകരിച്ചു. ജനങ്ങളുടെ കരുത്ത് ചെറുതല്ല. രാജ്യത്ത് ബിജെപിക്ക് അധികാരത്തിൽ വരാനുള്ള സൗകര്യം കോൺഗ്രസ് ഒരുക്കികൊടുക്കുന്നു. ഏകസിവിൽകോഡ് ഹിമാചൽ മന്ത്രി സ്വാഗതം ചെയ്തതും പിണറായി വിജയൻ ചൂണ്ടിക്കാണിച്ചു.

മണിപ്പൂർ വിഷയം വന്നപ്പോൾ ആനി രാജയ്ക്കെതിരെ രാജ്യ രക്ഷ കുറ്റം ചുമത്തിയത് ചൂണ്ടിക്കാണിച്ച മുഖ്യമന്ത്രി അത്തരം വിഷയങ്ങളിൽ ആനി രാജ ശക്തമായ നിലപാട് എടുത്തതും പ്രതിഷേധിച്ചതും അനുസ്മരിച്ചു. രാഹുൽ ഗാന്ധി ഇതിനെതിരെ പ്രതിഷേധിച്ച വ്യക്തി ആണെന്ന് കോൺഗ്രസിന് പറയാനുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു. ഏതെങ്കിലും കോൺഗ്രസ് നേതാവിന്റെ പേര് പറയാനുണ്ടോയെന്നും പിണറായി വിജയൻ ആവർത്തിച്ചു.

പൗരത്വ ഭേദഗതി ചട്ടം വന്നപ്പോഴും കോൺഗ്രസ് പ്രതികരിച്ചില്ല. ഒരു പാർട്ടി അല്ലെ കോൺഗ്രസ്. എത്ര ലോകരാഷ്ട്രങ്ങൾ പൗരത്വ ബില്ലിനെതിരെ രംഗത്ത് വന്നു? നിങ്ങൾ എവിടെ? മുഖ്യമന്ത്രി ചോദിച്ചു. പൗരത്വ ബില്ല് മുസ്ലിങ്ങൾക്ക് എതിരാണ്, ഭരണഘടന വിരുദ്ധമാണ്. ജനന സർട്ടിഫിക്കറ്റ് ഇല്ലാത്ത കോടാനുകോടി ജനങ്ങൾ ഇന്ത്യയിലുണ്ട്. കോൺഗ്രസ് പാർട്ടിക്ക് ശബ്ദമില്ല. കോൺഗ്രസ് പ്രസിഡന്റിനോട് പൗരത്വ ബില്ലിനെക്കുറിച്ച് മാധ്യമപ്രർത്തകർ ചോദിച്ചപ്പോൾ രാത്രി ആലോചിച്ചിട്ട് പറയാം എന്ന് പറഞ്ഞു. അപ്പോൾ സംഘടന ജനറൽ സെക്രട്ടറി അടുത്ത് നിന്ന് ചിരിക്കുന്നുവെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

ഇവിടെ ഭരണഘടന വിരുദ്ധമായ ഒരു കാര്യവും നടപ്പാക്കില്ലെന്ന് ആവർത്തിച്ച് പറയുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഏക സിവില്കോഡ് മുസ്ലിങ്ങളെ മാത്രം ബാധിക്കുന്ന വിഷയം അല്ലെന്ന് സത്യദീപം ചൂണ്ടിക്കാട്ടിയതിനെ മുഖ്യമന്ത്രി സ്വാഗതം ചെയ്തു. അതാണ് വസ്തുതയെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇക്കാര്യത്തിൽ കോൺഗ്രസിന് കൃത്യമായ നിലപാട് സ്വീകരിക്കാനായില്ലെന്നും വ്യക്തമാക്കി. കോൺഗ്രസ് ബിജെപിയെ സഹായിക്കുന്ന പാർട്ടിയാണെന്ന് കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി ഇപ്പോൾ ബിജെപിയിൽ 12 പഴയ കോൺഗ്രസ് മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും ഉള്ളതും ചൂണ്ടിക്കാണിച്ചു. വേണ്ടി വന്നാൽ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞ കോൺഗ്രസ് അധ്യക്ഷൻ ഉളള സ്ഥലമാണ് കേരളം. വിശ്വസിക്കാൻ പറ്റാത്ത വിഭാഗമാണ് കോൺഗ്രസെന്നും മുഖ്യമന്ത്രി വിമർശിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us