തിരുവനന്തപുരം: കാട്ടാനയുടെ ആക്രമണത്തില് കൊല്ലപ്പെട്ട ബിജുവിന്റെ കുടുംബത്തിന് ഇന്ന് തന്നെ 10 ലക്ഷം നഷ്ടപരിഹാരത്തുക കൈമാറുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്. ബിജുവിന്റെ ആശ്രിതന് താല്ക്കാലിക ജോലി വനം വകുപ്പ് ഓഫീസില് നല്കും. സ്ഥിരനിയമനം വേണമെന്ന ആവശ്യം പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. ഞായറാഴ്ച പുലര്ച്ചെയാണ് പത്തനംതിട്ട തുലാപ്പള്ളി സ്വദേശി ബിജു (58) കാട്ടാന ആക്രമണത്തില് കൊല്ലപ്പെട്ടത്. തുടര്ന്ന് സംഭവത്തില് പതിഷേധിച്ച് തുലാപ്പള്ളിയില് നാട്ടുകാര് സംഘടിച്ചു. കണമല ഫോറസ്റ്റ് സ്റ്റേഷന് ഉപരോധിച്ചു. ഇതേ തുടര്ന്നാണ് അടിയന്തരമായി ധനസഹായം നല്കാന് സര്ക്കാര് തീരുമാനിച്ചത്.
ആന്റോ ആന്റണി എം പി വിഷയം രാഷ്ട്രീയവത്കരിക്കാന് ശ്രമിക്കുന്നുവെന്ന് മന്ത്രി ആരോപിച്ചു. അതിന്റെ ഭാഗമാണ് എം പി നടത്തുന്ന സമരം. തിരഞ്ഞെടുപ്പ് അടുക്കുമ്പോള് മാത്രം ഷോ കാണിച്ച് മുതലെടുക്കുകയാണ്. തന്നെ സുഖവാസത്തിന് അയക്കണമെന്ന് പറഞ്ഞ ആന്റോ ആന്റണിയെ ജനങ്ങള് വൈകാതെ സുഖവാസത്തിന് അയയ്ക്കും. ദേശീയ തലത്തില് തന്നെ ചര്ച്ച ചെയ്യേണ്ട വിഷയമാണിത്. അവിടെ സംസ്ഥാന സര്ക്കാരിനെ മാത്രം പ്രതിക്കൂട്ടിലാക്കുന്ന എം പിയുടെ നിലപാട് ജനങ്ങള്ക്ക് മനസിലാക്കും.
വന്യജീവി ആക്രമണത്തെ പ്രകൃതിദുരന്തമായി കാണുമെന്നും മന്ത്രി അറിയിച്ചു. സംഭവത്തില് ഫോറസ്റ്റ് ഡപ്യൂട്ടി റേയ്ഞ്ച് ഓഫീസറെ സ്ഥലം മാറ്റും. വിഷയത്തില് ഓഫീസര് ഫലപ്രദമായി ഇടപെട്ടില്ലെന്ന നാട്ടുകാരുടെ പരാതിയെ തുടര്ന്നാണ് സര്ക്കാര് തീരുമാനം. തങ്ങളുടെ ആവശ്യങ്ങള് ഭാഗികഗമായി അംഗീകരിച്ചതിനേത്തുടര്ന്നാണ് നാട്ടുകാര് താല്ക്കാലികമായി സമരം അവസാനിപ്പിച്ചത്.
തുലാപ്പള്ളിയിലെ കാട്ടാന ആക്രമണം; മരിച്ചയാളുടെ കുടുംബത്തിന് വനംവകുപ്പിന്റെ 10 ലക്ഷം ധനസഹായം