തിരുവനന്തപുരം: ബിജെപി ഓഫീസ് സെക്രട്ടറിയുടെ ശബ്ദ സംഭാഷണത്തിൽ പ്രതികരിച്ച് ബിജെപി നേതാവ് പി കെ കൃഷ്ണദാസ്. ആറ്റിങ്ങലിൽ ബിജെപി യുഡിഎഫ് സ്ഥാനാർത്ഥിയെ സഹായിച്ചു എന്നത് ശുദ്ധ അസംബന്ധമാണെന്നാണ് പ്രതികരണം. ആറ്റിങ്ങലിൽ 2014ല് കിട്ടിയത് 89,000 വോട്ടുകളാണെന്നും അത് 2,50,000ലേക്ക് ഉയർത്തിയത് തങ്ങളാണെന്നും പി കെ കൃഷ്ണദാസ് മാധ്യമങ്ങളോട് പറഞ്ഞു.
ഒരു വസ്തുതയും ഇല്ലാത്ത ആരോപണമാണ് ബിജെപി സംസ്ഥാന ഓഫീസ് സെക്രട്ടറി ജയരാജ് കൈമളിന്റേത്. റെക്കോർഡ് വോട്ടാണ് കഴിഞ്ഞ തവണ ആറ്റിങ്ങലിൽ എൻഡിഎയ്ക്ക് ലഭിച്ചത്. 2019ൽ ജയരാജ് തങ്ങളുടെ ഓഫീസ് സെക്രട്ടറി അല്ലായിരുന്നുവെന്നും 2018 മുതൽ 21 വരെ ഓഫീസ് സെക്രട്ടറി ഗിരീശൻ ആയിരുന്നുവെന്നും പറഞ്ഞ പി കെ കൃഷ്ണദാസ്, 2022 ലാണ് ജയരാജ് ഞങ്ങളുടെ ഓഫീസ് സെക്രട്ടറി ആയതെന്നും വ്യക്തമാക്കി.
2019ലെ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിനെ സഹായിച്ചെന്നാണ് ബിജെപി സംസ്ഥാന ഓഫീസ് സെക്രട്ടറി ജയരാജ് കൈമളിന്റെ വെളിപ്പെടുത്തൽ. ജയരാജ് കൈമളിന്റെ ശബ്ദ സംഭാഷണം റിപ്പോര്ട്ടറിന് ലഭിച്ചിരുന്നു. 2019ൽ ആറ്റിങ്ങലിൽ അടൂര് പ്രകാശിനെ ബിജെപി സഹായിച്ചിട്ടുണ്ട്. ആറ്റിങ്ങലിലെ ഇരട്ടവോട്ടുകള് കണ്ടെത്തിയത് താനാണ്. ഇരട്ട വോട്ടിന്റെ വിവരങ്ങള് അടൂര് പ്രകാശിന് കൈമാറി. ഇരട്ട വോട്ട് കണ്ടെത്തിയത് നിര്ണ്ണായകമായി. യുഡിഎഫ് പ്രചാരണത്തിന് തന്റെ സംഘം സഹായിച്ചെന്നും ജയരാജ് പറഞ്ഞിരുന്നു.
'ഒരു ജയരാജനെയേ അറിയൂ, അത് ഇപി ജയരാജനാണ്': ആരോപണം കെട്ടുകഥയെന്ന് അടൂര് പ്രകാശ്