എസ്ഡിപിഐ പിന്തുണ; കോൺഗ്രസിന്റേത് ആത്മാർത്ഥതയില്ലാത്ത നിലപാട്: പി കെ കൃഷ്ണദാസ്

മുസ്ലിം ലീഗിൻറെ പതാക പിടിക്കുന്നത് അപമാനകരമാണോയെന്നും ചോദിച്ചു

dot image

തിരുവനന്തപുരം: എസ്ഡിപിഐ പിന്തുണ വേണ്ടെന്ന കോൺഗ്രസിൻറെ നിലപാട് ആത്മാർത്ഥതയില്ലാത്തതെന്ന വിമർശനവുമായി ബിജെപി നേതാവ് പി കെ കൃഷ്ണദാസ്. ദേശീയതലത്തിൽ തിരിച്ചടി നേരിടുമെന്ന ഭയമാണ് കോൺഗ്രസിനുള്ളതെന്നും അദ്ദേഹം ആരോപിച്ചു. ചർച്ചകൾക്ക് ശേഷമാണ് എസ്ഡിപിഐ പരസ്യ പിന്തുണ പ്രഖ്യാപിച്ചത്. മൂന്ന് ദിവസം പ്രസ്താവനയെ തള്ളിപ്പറഞ്ഞില്ല. എസ്ഡിപിഐയെ ന്യായീകരിച്ചു കൊണ്ടുള്ള പ്രതികരണമാണ് കെ സുധാകരന്റെയും വി ഡി സതീശന്റെയും. തീവ്രവാദ സംഘടനകളുമായി കോൺഗ്രസിന് രാഷ്ട്രീയസഖ്യമുണ്ടെന്നും പി കെ കൃഷ്ണദാസ് ആരോപിച്ചു. മലബാർ മേഖലയിൽ എസ്ഡിപിഐയുടെ പിന്തുണ കോൺഗ്രസിന് ആവശ്യമാണ്. തെക്കേയറ്റത്ത് തള്ളിപ്പറയൽ വടക്കേയറ്റത്ത് ന്യായീകരിക്കൽ എന്നതാണ് നടക്കുന്നത്. അരങ്ങത്ത് തള്ളിപ്പറഞ്ഞെങ്കിലും അണിയറയിൽ സഖ്യം തുടരുകയാണ്.

അണിയറ രഹസ്യമാണ് എസ്ഡിപിഐ പ്രസ്താവനയിലൂടെ പുറത്തുവന്നത്. വടക്കും തെക്കും കോൺഗ്രസിന് വ്യത്യസ്ത നിലപാടുകളാണുള്ളത്. കേരളത്തിലും കോൺഗ്രസ് വൻ തിരിച്ചടി നേരിടും. രാഹുൽ ഗാന്ധിയുടെ റോഡ് ഷോയിൽ ലീഗ്-കോൺഗ്രസ് കൊടികൾ ഒഴിവാക്കിയത് സംബന്ധിച്ച വിവാദത്തിൽ പ്രതികരിച്ച കൃഷ്ണദാസ് മുസ്ലിം ലീഗിൻറെ പതാക പിടിക്കുന്നത് അപമാനകരമാണോയെന്നും ചോദിച്ചു.

'സുധാകരനും സതീശനും ഇത് വ്യക്തമാക്കണം. കഴിഞ്ഞ തിരഞ്ഞെടുപ്പിലുണ്ടായ വിവാദത്തെ തുടർന്നാണോ ഒഴിവാക്കിയത്? തലയിൽ മുണ്ടിട്ടു കൊണ്ടുള്ള സഖ്യത്തിനാണോ കോൺഗ്രസ് തയ്യാറാക്കുന്നത്? എസ്ഡിപിഐയുമായി സഖ്യം ഉണ്ടാക്കാൻ ചർച്ച നടത്തിയിട്ടുള്ള മുന്നണിയാണ് എൽഡിഎഫ്. സിഎഎ വിരുദ്ധ റാലികൾക്കെതിരായ കേസ് പിൻവലിക്കാനുള്ള കാരണം രാഷ്ട്രീയ അന്തർധാരയാണ്. മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ യാതൊരു അർത്ഥവുമില്ല. എസ്ഡിപിഐ പിന്തുണ വേണ്ടെന്ന വൈകിവന്ന കോൺഗ്രസ് നിലപാടിൽ യാതൊരാത്മാർത്ഥതയും ഇല്ല. കേന്ദ്രത്തിൽ തിരിച്ചടി നേരിടുമെന്ന ഭയമാണ് ഇതിന് പിന്നിൽ. നിരവധി വട്ടം എസ്ഡിപിയുമായി ചർച്ച നടത്തിയതിനുശേഷമാണ് എസ്ഡിപിഐ കോൺഗ്രസിന് പരസ്യ പിന്തുണ നൽകിയത്. പിന്തുണ നൽകി മൂന്ന് ദിവസം കഴിഞ്ഞിട്ടും അത് തള്ളി പറഞ്ഞിരുന്നില്ല. കെപിസിസി പ്രസിഡന്റ് അടക്കം ഇതിനെ പിന്തുണച്ചു. പിന്തുണ വേണ്ടെന്നു പറയില്ലെന്നും പറഞ്ഞു. എന്നാൽ കോൺഗ്രസ് ദേശീയതലത്തിൽ ഈ തീവ്രവാദസഖ്യം ചർച്ച ചെയ്യപ്പെട്ടതോടെയാണ് ഇത് പിൻവലിച്ചത്. മറ്റൊരു ധാരണയുടെ പുറത്താണ് ഇപ്പോൾ പിന്തുണ തള്ളി പറഞ്ഞത്. തെക്കൻ ജില്ലകളിൽ എസ്ഡിപിഐ പിന്തുണ ദോഷം ചെയ്യുമെന്ന ഭയമാണ് തള്ളിപ്പറയാൻ കാരണം. അരങ്ങത്ത് തള്ളിപ്പറയാൻ തയ്യാറായില്ലെങ്കിലും അണിയറയിൽ ഈ ബന്ധം തുടരും.വടക്കും തെക്കും വ്യത്യസ്തമായ തീരുമാനങ്ങളാണ് കോൺഗ്രസ് ഈ കാര്യത്തിൽ കൈക്കൊണ്ടിട്ടുള്ളത്. മുസ്ലിം ലീഗിന്റെ പതാക ഒഴിവാക്കാനാണ് എല്ലാ കൊടിയും ഒഴിവാക്കിയത്. മുസ്ലിംലീഗിന്റെ പതാക പിടിക്കുന്നത് ഇത്രയും അപമാനകരമാണെന്ന് സതീശനും സുധാകരനും ഒക്കെ പറയണം. മുസ്ലിം ലീഗിന്റെ പതാക ഒഴിവാക്കാൻ ആണോ എല്ലാ പതാകയും ഒഴിവാക്കിയത് എന്നവർ വ്യക്തമാക്കണം'', കൃഷ്ണദാസ് ആവശ്യപ്പെട്ടു.

എസ്ഡിപിഐ കോൺഗ്രസ് ബന്ധത്തിനെതിരെ മുഖ്യമന്ത്രി പ്രതികരിച്ചു. എന്നാൽ എസ്ഡിപിഐയുമായി സഖ്യം ചേരാൻ നിരവധി തവണ ചർച്ച നടത്തിയവരാണ് എൽഡിഎഫെന്നും അദ്ദേഹം ആരോപിച്ചു.

dot image
To advertise here,contact us
dot image