പാലക്കാട് : ആലത്തൂരിലെ ബിജെപി സ്ഥാനാര്ത്ഥി ടിഎന് സരസു നാമനിർദേശപത്രികയുടെ ഒപ്പം സമർപ്പിച്ച സ്വത്തുവിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. സ്ഥാനാർഥിയുടെ കൈവശമുള്ളത് ആകെ 30,000 രൂപയാണ്. വരുമാനം 14,95,650 രൂപയും. സ്പെഷൽ ഗ്രേഡ് കോളേജ് റിട്ട. പ്രിൻസിപ്പലായ സരസുവിന്റെ വിദ്യാഭ്യാസയോഗ്യത കൊച്ചിൻ യൂണിവേഴ്സിറ്റിയിൽനിന്നുള്ള പിഎച്ച്ഡി (മറൈൻ ഫിഷറീസ്) ആണ്. ഇപ്പോൾ പെൻഷനാണ് പ്രധാന വരുമാന സ്രോതസ്സ്.
ഭർത്താവ് പികെ അജയകുമാറിന് കൃഷിയാണ് വരുമാനമാർഗം. 23 പവൻ ആഭരണമാണ് സരസുവിന്റെ കൈവശമുളളത്. അതിന് 10,35,000 രൂപ മൂല്യമുളളതാണ്. ആകെ ആസ്തിമൂല്യം 97,23,675 രൂപയാണ്. ബാങ്കുകളിലും ഇൻഷുറൻസ് പോളിസികളിലുമായി 69,08,674 രൂപയുടെ നിക്ഷേപമുണ്ട്. 1,25,703 രൂപയുടെ കാർവായ്പയുണ്ട്. ഭർത്താവിന്റെ കൈവശം 20,000 രൂപയും അഞ്ചുപവന്റെ ആഭരണവുമാണുള്ളത്. ആകെ ആസ്തിമൂല്യം 9,48,745 രൂപ. ബാങ്കുനിക്ഷേപമായി 2,14,744 രൂപയുണ്ട്. പിന്തുടർച്ചയായി കിട്ടിയ 40,00,000 രൂപ മൂല്യമുള്ള ആസ്തിയുമുണ്ട്.
2009-ൽ 4,27,000 രൂപ മൂല്യമുള്ള കാർ വാങ്ങിയിരുന്നു. അജയകുമാറിന് പനങ്ങാട് വില്ലേജിലെ വിവിധയിടങ്ങിലായി 78 സെന്റ് കൃഷിഭൂമിയുണ്ട്. 45 ലക്ഷം രൂപ മൂല്യമുള്ളതാണിതിനുളളത്. സരസുവിന്റെ പേരിൽ തൃശ്ശൂർ പനങ്ങാട് വില്ലേജിലും പാലക്കാട് കൊടുമ്പിലുമായി പറമ്പും പാർപ്പിടാവശ്യത്തിനുള്ള കെട്ടിടവുമുണ്ട്. സ്ഥാനാർഥിയുടെപേരിൽ ക്രിമിനൽ കേസുകളില്ലെന്ന് സത്യവാങ്മൂലത്തിൽ ബോധിപ്പിച്ചിട്ടുണ്ട്.