പത്രികയിൽ വ്യാജ ഒപ്പ്; കോട്ടയത്ത് ഫ്രാൻസിസ് ജോർജിൻ്റെ അപരൻമാരുടെ പത്രിക തള്ളി

പിന്താങ്ങിയവരുടെ ഒപ്പ് വ്യാജമെന്ന നിഗമനത്തിലാണ് പത്രിക തള്ളിയത്

dot image

പാലാ: കോട്ടയത്തെ അപരൻമാർക്ക് തിരിച്ചടി. ഫ്രാൻസിസ് ജോർജിൻ്റെ രണ്ട് അപരന്മാരുടെയും പത്രിക തള്ളി. പത്രികകളുമായി ബന്ധപ്പെട്ട യുഡിഎഫ് വാദങ്ങൾ വരണാധികാരി അംഗീകരിച്ചു. ഫ്രാൻസിസ് ജോർജ്, ഫ്രാൻസിസ് ഇ ജോർജ് എന്നിവരുടെ പത്രികകളാണ് തള്ളിയത്. പിന്താങ്ങിയവരുടെ ഒപ്പ് വ്യാജമെന്ന നിഗമനത്തിലാണ് പത്രിക തള്ളിയത്. ഇരുപത്രികകളിലും ഒപ്പിട്ടവരെ ഹാജരാക്കാൻ സ്ഥാനാർഥികൾക്ക് കഴിഞ്ഞില്ല. വ്യാജ രേഖ ചമച്ച് തിരഞ്ഞെടുപ്പ് കമ്മീഷനെ കബളിപ്പിക്കാൻ ശ്രമിച്ച ഇരുവർക്കുമെതിരെ കേസെടുക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു.

പാലക്കാട് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി എ വിജയരാഘവനും അപരഭീഷണിയിൽ നിന്ന് രക്ഷപ്പെട്ടു. പാലക്കാട് മണ്ഡലത്തിൽ എ വിജയരാഘവനെതിരെ പത്രിക നൽകിയ അപരസ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതാണ് വിജയരാഘവന് രക്ഷയായത്. സ്വതന്ത്രസ്ഥാനാർത്ഥിയായി പത്രിക നൽകിയ ചെർപ്പുളശ്ശേരി സ്വദേശി എ വിജയരാഘവൻ്റെ പത്രികയാണ് തള്ളിയത്. മണ്ഡലത്തിൽ ഡമ്മി സ്ഥാനാർത്ഥികൾ അടക്കം 11പേരുടെ നാമനിർദ്ദേശ പത്രിക അംഗീകരിച്ചു.

നേരത്തെ വടകരയിൽ എല്ഡിഎഫ് സ്ഥാനാര്ഥി കെ കെ ശൈലജക്കും യുഡിഎഫ് സ്ഥാനാര്ഥി ഷാഫി പറമ്പിലിനും എതിരെ അപരന്മാര് നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു. ശൈലജക്ക് മൂന്നും ഷാഫി പറമ്പിലിന് രണ്ടും അപരന്മാരാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരിക്കുന്നത്. കണ്ണൂരില് യുഡിഎഫ് സ്ഥാനാര്ഥി കെ സുധാകരന്, എല്ഡിഎഫ് സ്ഥാനാര്ഥി എം വി ജയരാജന് എന്നിവര്ക്കെതിരെയും അപരന്മാര് പത്രിക സമര്പ്പിച്ചു. രണ്ട് കെ സുധാകരന്മാരും ഒരു എം വി ജയരാജനുമാണ് സ്വതന്ത്രരായി പത്രിക സമര്പ്പിച്ചിട്ടുള്ളത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us