എസ്ഡിപിഐയുടെ പിന്തുണ; യുഡിഎഫ് നിലപാട് പറയാൻ വൈകിയതിൽ മുസ്ലിം സംഘടനകൾക്കിടയിലും അതൃപ്തി

എസ്ഡിപിഐയുടെ പിന്തുണ വിഷയത്തിൽ കോൺഗ്രസും, മുസ്ലിം ലീഗും ആദ്യ ഘട്ടത്തിൽ സ്വീകരിച്ച മൗനമാണ് സമസ്ത ഉൾപ്പെടെയുള്ള സംഘടനകളുടെ അമർഷത്തിനു കാരണം

dot image

കോഴിക്കോട്: എസ്ഡിപിഐയുടെ പിന്തുണ തേടുന്ന കാര്യത്തിൽ യുഡിഎഫ് നിലപാട് പറയാൻ വൈകിയതിൽ മുസ്ലിം സംഘടനകൾക്കിടയിലും അതൃപ്തി. എസ്ഡിപിഐയുടെ പിന്തുണ തേടുന്ന കാര്യത്തിൽ കോൺഗ്രസും മുസ്ലിം ലീഗും ആദ്യ ഘട്ടത്തിൽ സ്വീകരിച്ച മൗനമാണ് സമസ്ത ഉൾപ്പെടെയുള്ള സംഘടനകളുടെ അമർഷത്തിനു കാരണം. അതേസമയം തെരഞ്ഞെടുപ്പിൽ ബി ജെ പി വിരുദ്ധകക്ഷികൾ ഒരുമിക്കുന്നതിൽ തെറ്റില്ല എന്നതാണ് ഒരു വിഭാഗത്തിന്റെ നിലപാട്.

എസ്ഡിപിഐ ഏകപക്ഷീയമായി നൽകാൻ തീരുമാനിച്ച പിന്തുണ യുഡിഎഫിനെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. സമാനമായി മുസ്ലിം സമുദായ സംഘടനകളെയും ഞെട്ടിക്കുന്നതായിരുന്നു എസ്ഡിപിഐയുടെ പ്രഖ്യാപനം. പൊതുവിൽ കേരളത്തിൽ നിലനിൽക്കുന്ന യു ഡി എഫിന് അനുകൂലമായ രാഷ്ട്രീയസാഹചര്യം ഇല്ലാതാക്കുന്നതായിരിക്കും എസ്ഡിപിഐ പിന്തുണയെന്നാണ് മുസ്ലിം സംഘടനകളുടെ വിലയിരുത്തൽ.

വർഗീയ കക്ഷിയായി കണ്ടുതന്നെ എസ്ഡിപിഐഐയെ എല്ലാകാലത്തും മുസ്ലിം സംഘടനകൾ മാറ്റി നിർത്തിയിട്ടുണ്ട്. സമുദായതാൽപ്പര്യത്തിനുവേണ്ടിയല്ല എസ്ഡിപിഐ പ്രവർത്തിക്കുന്നതെന്ന വിമർശനവും ശക്തമാണ്. എസ്ഡിപിഐയുടെ പിന്തുണയിൽ യു ഡി എഫ് മത്സരിച്ചാൽ വിശ്വാസികൾക്കിടയിൽ അത് ആശയക്കുഴപ്പത്തിന് കാരണമാകുമെന്നും മുസ്ലിം സംഘടനകൾ മനസ്സിലാക്കുന്നു. ഇക്കാര്യത്തിൽ യുഡിഎഫ് നേതൃത്വം നിലപാട് പറയാൻ വൈകിയെന്നാണ് മുസ്ലിം സംഘടനകളുടെ വിമർശനം. എൽഡിഎഫ് അത് പ്രചരിപ്പിക്കുകയും ചെയ്തു. വിഷയത്തിൽ കോൺഗ്രസും, ലീഗും കരുതലോടെ നേരത്തെ തന്നെ നിലപാട് പറയണമായിരുന്നു എന്നാണ് മുസ്ലിം സംഘടനകളുടെ അഭിപ്രായം.

സമസ്ത ഇകെ, എപി വിഭാഗങ്ങളും, മുജാഹിദ് വിഭാഗങ്ങളും നേതാക്കളെ ഇക്കാര്യം അറിയിച്ചതായാണ് വിവരം. കോൺഗ്രസുമായോ, യുഡിഎഫുമായോ കൂടിയാലോചന നടത്താതെ ഏകപക്ഷീയമായാണ് എസ്ഡിപിഐ പിന്തുണ പ്രഖ്യാപിച്ചതെന്നാണ് നേതാക്കൾ മറുപടി പറഞ്ഞത്. അതേസമയം തെരഞ്ഞെടുപ്പിൽ ബി ജെ പി വിരുദ്ധകക്ഷികൾ ഒരുമിക്കുന്നതിൽ തെറ്റില്ല എന്നതാണ് ജമാഅത്ത് ഇസ്ലാമിയുടെ നിലപാട്. ബി ജെ പിവിരുദ്ധ ചേരിയിൽ നിൽക്കുന്ന എസ്ഡിപി ഐയുടെ പിന്തുണ യുഡിഎഫിന് നേട്ടമാകുമെന്നും ജമാഅത്ത് ഇസ്ലാമി ചൂണ്ടിക്കാട്ടുന്നു.

എസ്ഡിപിഐയുടെ പിന്തുണ ആവശ്യമില്ല; ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതകളെ യുഡിഎഫ് ഒരുപോലെ എതിർക്കും; വി ഡി സതീശൻ
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us