ബി എ പൊളിറ്റിക്കൽ സയൻസിന് ശേഷം ജോലിയെന്ന ലക്ഷ്യത്തിലേയ്ക്ക് നീങ്ങുമ്പോഴാണ് കാഴ്ചയുടെ പരിമിതി ഗീത സലീഷിന് വിലങ്ങുതടിയായത്. ഉയർന്ന വിജയം കരസ്ഥമാക്കിയിട്ടും കാഴ്ചയില്ലാത്ത തനിക്ക് ജോലി നൽകാനാകില്ലെന്ന മാറ്റിനിർത്തലിൽ നിന്നുമാണ് ഗീതയെന്ന സംരംഭകയുടെ ഉദയം. ഗീതയെ ഇന്ന് 50 ലക്ഷം ടേൺ ഓവറുള്ള ഗീതാസ് ഹോം ടു ഹോമിന്റെ സംരംഭകയാക്കിയത് യഥാർഥ കാഴ്ച ഉൾക്കാഴ്ചയും ദീർഘവീക്ഷണവുമാണെന്ന തിരിച്ചറിവാണ്. 350 ൽ അധികം ആളുകൾക്ക് ജോലി നൽകി ഒരിക്കൽ അവഗണിച്ചവരോടുള്ള മറുപടികൂടിയാണ് ഗീതയുടെ അതിജീവനം.
12ാം വയസിൽ നഷ്ടമായി തുടങ്ങിയ കാഴ്ചയുടെ ലോകം 15ാം വയസിൽ ഗീതയെ പൂർണമായും ഇരുട്ടിലാക്കി. പഠിച്ചും ജീവിതത്തോട് പോരാടിയും അതിജീവിച്ച ഗീതയ്ക്ക് ആത്മവിശ്വാസമായിരുന്നു മൂലധനമായി ഉണ്ടായിരുന്നത്. സമൂഹത്തിന് വേണ്ടത് ആരോഗ്യകരമായ ഭക്ഷണമാണെന്ന ചിന്തയാണ് ആദ്യ സംരംഭമായ ഫ്ലോറാ ഓർഗാനിക്ക് റെസ്റ്റോറന്റ് എന്ന ആശയത്തിലേയ്ക്ക് എത്തിച്ചത്. 2011ൽ ഹെൽത്തിഫുഡ് നൽകുകയെന്ന ആശയത്തിൽ തുടങ്ങിയ റെസ്റ്റോറന്റ് രണ്ടര കൊല്ലത്തിന് ശേഷം നിർത്തേണ്ടതായി വന്നു. ആ പരാജയവും പിന്നീടുള്ള വിജയങ്ങൾക്ക് ചവിട്ടുപടിയാക്കിയ ഗീത എന്ത് തരം ഗുണമേന്മയുള്ള സാധനങ്ങൾ ജനങ്ങളിലേയ്ക്ക് എത്തിക്കും എന്ന് ചിന്തിച്ച് തുടങ്ങി .
അധികം ആരും ചിന്തിക്കാത്ത നല്ല ഗുണനിലവാരമുള്ള മഞ്ഞളും മഞ്ഞൾ ഉൽപ്പന്നങ്ങളും അവർ തന്റെ ബിസിനസിനായി തിരഞ്ഞെടുത്തു. അതിനായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് സ്പൈസസ് റിസർച്ച് (IISR) ന്റെ ലൈസൻസോടുകൂടി പ്രതിഭയെന്നയിനം മഞ്ഞൾ കൃഷിക്കായി തിരഞ്ഞെടുത്തു. ശ്രീകാര്യം കിഴങ്ങ് ഗവേഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം കൃഷിരീതികൾ പിൻതുടർന്നു. ഇന്ന് 54 ഏക്കറിൽ വ്യാപിച്ചു കിടക്കുകയാണ് ഗീതയുടെ കൃഷി സാമ്രാജ്യം. കുർക്ക് മീൽ, ഫസ്റ്റ് ഡ്രിങ്ക്, പ്രതിഭ ടർമർപൗഡർ എന്നിവയാണ് നിലവിൽ ഇവരുടെ ഉൽപന്നങ്ങൾ.
2019ൽ വാട്സാപ്പ് ആണ് ആദ്യ ബിസിനസ് പ്ലാറ്റ്ഫോമായി തിരഞ്ഞെടുത്തത്. അതിൽ നിന്ന് ഇപ്പോൾ സ്വന്തം വെബ്സൈറ്റ്, ഫ്ലിപ്പ്കാർട്ട് , ആമസോൺ, ലുലു എന്നിവിടങ്ങളിലൂടെയാണ് ബിസിനസ് സാധ്യകൾ കണ്ടെത്തുന്നത്. തന്റെ കൃഷിക്ക് പുറമെ കൃഷിചെയ്യാൻ താത്പര്യമുള്ളവർക്ക് ഈ വിത്തുകൾ നൽകുകയും അവർക്ക് നിശ്ചിത തുക നൽകി വിളവ് വാങ്ങുകയും ചെയ്യുന്നുണ്ട്.
കോളേജ് കാലഘട്ടം മുതൽ പിൻതുണയായ ഭർത്താവ് സലീഷ് കുമാറാണ് ഗീതയുടെ ശക്തിയും പ്രചോദനവും. ഒപ്പം ഗസൽ, ഗയ എന്ന 2 മക്കളും. വളരെ കുറഞ്ഞ മുതൽ മുടക്കിൽ തുടങ്ങിയ ഗീതാസ് ഹോം ടു ഹോം എന്ന സംരംഭത്തിന് ഇപ്പോൾ ഡൽഹിയിലും പുതിയ ഓഫീസ് തുടങ്ങാനുള്ള പദ്ധതിയിലാണ്. പരിമിതികളെ വിലങ്ങുതടിയായി കാണാതെ തന്റെ ലക്ഷ്യത്തിലേയ്ക്ക് എത്തിചേർന്ന ഗീത എന്നും എല്ലാവർക്കും പ്രേചോദനവും മാതൃകയുമാണ്. ഒരാൾ എന്തായി തീരണമെന്നത് സ്വന്തം തീരുമാനങ്ങളുടെ കരുത്തിലാണെന്ന് തെളിയിച്ചിരിക്കുകയാണ് ഗീത.