കൊല്ലം: ഇലക്ട്രല് ബോണ്ടില് ഉള്പ്പെട്ട കമ്പനികളില് നിന്ന് സിപിഐഎം പണം സ്വീകരിച്ചിട്ടുണ്ടെന്ന് ആര്എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്. സംഭാവനകള് സ്വീകരിച്ചത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് സിപിഐഎം നല്കിയ രേഖകള് ഷിബു ബേബി ജോണ് പുറത്തുവിട്ടു. ഇലക്ട്രല് ബോണ്ടില് സിപിഐഎമ്മിന് ഇരട്ടത്താപ്പ് ആണെന്നും അദ്ദേഹം ആരോപിച്ചു.
2017 മുതല് 2022 വരെയുള്ള കാലയളവില് സിപിഐഎം ഇലക്ഷന് കമ്മീഷന് നല്കിയ രേഖകളാണ് ഷിബു ബേബി ജോണ് പുറത്തുവിട്ടത്. മേഘ എന്ജിനീയറിങ്, നവയുഗ എന്ജിനീയറിങ്, കേരളത്തില് നിന്ന് യൂണിടെക് തുടങ്ങിയ കമ്പനികളെല്ലാം സിപിഐഎമ്മിന് പല തവണകളിലായി പണം നല്കിയിട്ടുണ്ട്. ഫാര്മ മേഖലയില് നിന്നുള്ള കമ്പനികളില് നിന്ന് വരെ സിപിഐഎം പണം സ്വീകരിച്ചിട്ടുണ്ടെന്നതാണ് ഇരട്ടത്താപ്പ് വ്യക്തമാക്കുന്നത്. കമ്പനികളില് നിന്ന് നേരിട്ട് പണം കൈപ്പറ്റുകയും ശേഷം ഇലക്ട്രല് ബോണ്ട് വഴി ഫണ്ട് സ്വീകരിക്കില്ലെന്നും പറയുന്നവര് ഇതിന് മറുപടി പറയണമെന്ന് ഷിബു ബേബി ജോണ് ആവശ്യപ്പെട്ടു.
എല്ലാ പാര്ട്ടികളും പ്രസ്ഥാനങ്ങളും പൊതുജനങ്ങളില് ജനങ്ങളില് നിന്നും കമ്പനികളില് നിന്നും സംഭാവന സ്വീകരിച്ചാണ് പ്രവര്ത്തിക്കുന്നത്. എന്നാല് ഇലക്ടറല് ബോണ്ട് വിഷയത്തിലെ സിപിഐഎം നിലപാട് കണ്ടാല് അവര് വിവാദ കമ്പനികളുമായി യാതൊരു ഇടപാടും നടത്തുന്നില്ലെന്നാണ് തോന്നുകയെന്നും ഷിബു ബേബി ജോണ് വിമര്ശിച്ചു.
സിപിഐഎം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരി 2017 ല് തിരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ റിപ്പോര്ട്ടില് ഇലക്ടറല് ബോണ്ട് നല്കിയ കമ്പനികളായ നവയുഗ എഞ്ചിനീയറിംഗില് നിന്നും 30 ലക്ഷവും ഹെറ്ററോ ഡ്രഗ്സില് നിന്നും 5 ലക്ഷം രൂപയും സംഭാവന സ്വീകരിച്ചതായി വ്യക്തമാക്കുന്നു. 2019 ല് നല്കിയ റിപ്പോര്ട്ടില് ഇലക്ടറല് ബോണ്ടില് ഉള്പ്പെട്ട നാറ്റ്കോ ഫാര്മ ലിമിറ്റഡില് നിന്ന് 20 ലക്ഷം രൂപ സംഭാവനയായി സ്വീകരിച്ചിട്ടുണ്ട്. 2021 ല് നല്കിയ റിപ്പോര്ട്ടില് നവയുഗ എഞ്ചിനീയറിംഗ് കമ്പനിയില് നിന്ന് 2 തവണയായി 50 ലക്ഷം രൂപ കൈപ്പറ്റി. 2022 ല് മേഘ ഇന്ഫ്രാസ്ട്രക്ചറില് നിന്നും 25 ലക്ഷം രൂപ, ഡോ. റെഡ്ഡിസ് ലബോറട്ടറിയില് നിന്നും അഞ്ച് ലക്ഷം, നാറ്റ്കോ ഫാര്മിയില് നിന്ന 25 ലക്ഷം, ഒറബിന്തോ ഫാര്മയില് നിന്നും 15 ലക്ഷവും വാങ്ങിയിട്ടുണ്ടെന്ന് രേഖകള് പുറത്തുവിട്ട് ഷിബു ബേബി ജോണ് പറഞ്ഞു.