തൃശൂര്: സിപിഐഎമ്മിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായ നികുതി വകുപ്പ്. സിപിഐഎം തൃശൂര് ജില്ലാ കമ്മിറ്റിയുടെ പേരിലുള്ള ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടാണ് ആദായനികുതി വകുപ്പ് മരവിപ്പിച്ചത്. 1998 ല് ആരംഭിച്ച അക്കൗണ്ടില് ഇപ്പോള് അഞ്ച് കോടി പത്തുലക്ഷം രൂപയാണുള്ളത്. ഇതില് ഒരു കോടി ഫിക്സഡ് ഡിപ്പോസിറ്റാണ്.
ബാങ്കില് ഇന്നലെ ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. പാര്ട്ടി നല്കിയ ആദായ നികുതി റിട്ടേണില് ഈ അക്കൗണ്ട് കാണിച്ചിരുന്നില്ല. ഒരു കോടി ഫിക്സഡ് ഡിപ്പോസിറ്റാണ് ഈ അക്കൗണ്ടിലുള്ളത്. ഏപ്രില് മാസത്തില് സിപിഐഎം ജില്ലാ സെക്രട്ടറി ഒരു കോടി രൂപ പിന്വലിച്ചിരുന്നു. ഈ പണം ചെലവഴിക്കരുതെന്ന് ആദായനികുതി വകുപ്പ് നിര്ദേശം നല്കിയിട്ടുണ്ട്.
അതേസമയം തനിക്ക് ഇക്കാര്യത്തില് ഒന്നും ഒളിപ്പിക്കാനില്ലെന്ന് സിപിഐഎം തൃശൂര് ജില്ലാ സെക്രട്ടറി എംഎം വര്ഗീസ് പറഞ്ഞു. ബാങ്ക് ഓഫ് ഇന്ത്യയില് പാര്ട്ടിക്ക് അക്കൗണ്ട് ഉണ്ട്. നിയമം പാലിച്ചാണ് ബാങ്ക് ഇടപാടുകള്. തിരഞ്ഞെടുപ്പ് മുന്നില് കണ്ടാണ് ആദായ നികുതി വകുപ്പിന്റെയും എന്ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെയും നീക്കം. ചോദ്യം ചെയ്യലില് ഉദ്യോഗസ്ഥര് ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും എംഎം വര്ഗീസ് പറഞ്ഞു.
അതേസമയം കരുവന്നൂര് ബാങ്ക് തട്ടിപ്പ് കേസില് എംഎം വര്ഗീസിനെയും കൗണ്സിലര് ഷാജനെയും 9 മണിക്കൂര് ചോദ്യം ചെയ്താണ് ഇ ഡി വിട്ടയച്ചത്.