പാനൂര് ബോംബ് സ്ഫോടനം; കൂടുതല് ബോംബുകള് കണ്ടെത്തി

കഴിഞ്ഞ ദിവസം സ്ഫോടനം നടന്ന വീട്ടു പരിസരത്തുനിന്ന് കണ്ടെത്തിയത് ഏഴ് ബോംബുകള്

dot image

കണ്ണൂര്: പാനൂരില് കഴിഞ്ഞ ദിവസം ബോംബ് സ്ഫോടനം നടന്ന സ്ഥലത്ത് പൊലീസ് നടത്തിയ പരിശോധനയില് കൂടുതല് ബോംബുകള് പിടികൂടി. പ്രതികളുമായി നടത്തിയ തെളിവെടുപ്പിനിടെയാണ് കഴിഞ്ഞ ദിവസം സ്ഫോടനം നടന്ന വീട്ടുപരിസരത്തു നിന്ന ഏഴ് ബോംബുകള് കൂടി കണ്ടെടുത്തത്. കേസില് നാലു പേര് അറസ്റ്റിലായി. സ്ഫോടനം നടക്കുമ്പോള് സ്ഥലത്തുണ്ടായിരുന്ന ചെണ്ടയാട് സ്വദേശി കെ കെ അരുണ്, കുന്നോത്തുപറമ്പ് സ്വദേശി കെ അതുല്, ചെറുപറമ്പ് സ്വദേശി ഷിബിന് ലാല്, സായുജ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂരിലേക്ക് രക്ഷപ്പെടാന് ശ്രമിച്ച സായൂജിനെ പിടികൂടിയത് പാലക്കാട് വെച്ചാണെന്ന് പൊലീസ് അറിയിച്ചു. ബോംബ് നിര്മ്മാണ സമയത്ത് സ്ഥലത്തുണ്ടായിരുന്ന എല്ലാവരെയും തിരിച്ചറിഞ്ഞതായും പൊലീസ് അറിയിച്ചു.

പാനൂരില് നിര്മാണത്തിനിടെയാണ് ബോംബ് പൊട്ടിത്തെറിച്ച് ഒരാള് മരണപ്പെട്ടത്. സംഭവത്തില് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. കൂത്തുപറമ്പ് എസിപി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലാണ് പ്രത്യേക സംഘത്തെ രൂപീകരിച്ചത്. സംഭവ സ്ഥലത്തുനിന്നു കണ്ടെടുത്ത മുഴുവന് ബോംബുകളും നിര്വീര്യമാക്കിയതായി കണ്ണൂര് സിറ്റി പൊലീസ് കമീഷണര് അജിത്ത് കുമാര് പറഞ്ഞു. വെള്ളിയാഴ്ച പുലര്ച്ചെ രാത്രി ഒരു മണിക്കായിരുന്നു സ്ഫോടനം. പാനൂര് കൈവേലിക്കല് മുളിയാത്തോട് നിര്മാണത്തിലിരിക്കുന്ന വീടിന്റെ ടെറസില് നിന്ന് ബോംബ് നിര്മിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.

സംഭവത്തില് മുഖത്തു ഗുരതരമായി പരിക്കേറ്റ മൂളിയാത്തോട് കാട്ടിന്റവിട ഷെറിന് ആണ് (31) മരണപ്പെട്ടത്. നാല് പേര്ക്കായിരുന്നു പരിക്ക്. സ്ഫോടനത്തില് സിപിഎം ലോക്കല് കമ്മിറ്റി അംഗത്തിന്റെ മകന് കൂടിയായ മൂളിയാത്തോട് വലിയപറമ്പത്ത് വിനീഷിന്റെ ഇരുകൈകളും അറ്റുപോയിരുന്നു. വീനിഷ് കോഴിക്കോട്ടേ സ്വകാര്യ ആശുപത്രിയില് ചികിത്സയിലാണ്. സംഭവത്തില് സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം തന്നെ രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തലത്തിലാണ് അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us