കണ്ണൂർ: ആശയം ഉപേക്ഷിക്കാൻ തീരുമാനിച്ച് കാട്ടാന അക്രമണത്തിൽ പരിക്കേറ്റ മാവോയിസ്റ്റ്. ചിക്കമംഗ്ലൂർ സ്വദേശി സുരേഷ് ആണ് മാവോയിസ്റ്റ് ആശയങ്ങൾ ഉപേക്ഷിക്കുന്നതായി അറിയിച്ചത്. നേരത്തെ കണ്ണൂർ കാഞ്ഞിരക്കൊല്ലിയിൽ വെച്ച് സുരേഷിന് കാട്ടാന ആക്രമണത്തിൽ പരിക്കേറ്റിരുന്നു. മാവോയിസ്റ്റ് ആശയങ്ങൾക്ക് പ്രസക്തി ഇല്ലെന്ന് തിരിച്ചറിഞ്ഞാണ് ആശയം ഉപേക്ഷിക്കുന്നതെന്നും സുരേഷ് വ്യക്തമാക്കി. 23 വർഷം മാവോയിസ്റ്റായി പ്രവർത്തിച്ചിട്ടും ഒന്നും ചെയ്യാൻ സാധിച്ചില്ലെന്നും കീഴടങ്ങണമെന്ന് നേരത്തെ തന്നെ ആഗ്രഹിച്ചിരുന്നുവെന്നും സുരേഷ് പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് മാവോയിസ്റ്റ് പ്രവർത്തകനായിരുന്ന സുരേഷിന് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. കർണാടക വനത്തിൽ വെച്ചായിരുന്നു സംഭവം. പരിക്കേറ്റ മാവോയിസ്റ്റിനെ സഹപ്രവർത്തകർ കണ്ണൂർ കാഞ്ഞിരക്കൊല്ലി ചിറ്റാരി കോളനിയിലെത്തിക്കുകയായിരുന്നു. കാഞ്ഞിരക്കൊല്ലി ചിറ്റാരി കോളനിയിലെത്തിച്ച ഇയാളെ പിന്നീട് ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.
സായുധരായ അഞ്ചംഗ മാവോയിസ്റ്റ് സംഘം ഫെബ്രുവരി 16ന് വൈകിട്ട് ആറരയോടെ സുരേഷിനെ കേളനിയിലെ ചിപ്പിലി കൃഷ്ണൻ്റെ വീട്ടിലെത്തിക്കുകയായിരുന്നു. നെഞ്ചിനും ഇടതുകാലിനും പരിക്കേറ്റ നിലയിലായിരുന്നു സുരേഷ്. മരക്കമ്പുകളിൽ കമ്പിളി ചുറ്റിക്കെട്ടി അതിലിരുത്തിയായിരുന്നു സുരേഷിനെ ഇവിടെ എത്തിച്ചത്. സുരേഷിനെ കോളനിയിലെത്തിച്ച സംഘം ഇവിടെ നിന്നും അരിയും ഭക്ഷണസാധനങ്ങളും വാങ്ങി മടങ്ങിയിരുന്നു. വീട്ടുകാർ പഞ്ചായത്ത് പ്രസിഡൻ്റിനെ അറിയിച്ചതിനെ തുടർന്നെത്തിയ പൊലീസ് സംഘം സുരേഷിനെ കണ്ണൂർ മെഡിക്കൽ കോളേജിലെയ്ക്ക് മാറ്റുകയായിരുന്നു.