തിരുവനന്തപുരം: സിപിഐഎമ്മിന്റെ ബോംബ് നിര്മ്മാണം ലോക്സഭ തിരഞ്ഞെടുപ്പിലെ പരാജയഭീതിയിലാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. തിരഞ്ഞെടുപ്പ് കാലത്ത് കലാപമുണ്ടാക്കാനാണ് സിപിഐഎമ്മിന്റെ ഗൂഢ നീക്കം. പാര്ട്ടിക്ക് ബന്ധമില്ലെങ്കില് കൊല്ലപ്പെട്ടയാളുടെ വീട്ടില് നേതാക്കള് പോയതെന്തിനാണ്. ടി പി ചന്ദ്രശേഖരന് കൊലക്കേസിലും സിപിഐഎം ഇതുതന്നെയാണ് ചെയ്തത്. തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ബോംബ് നിര്മ്മാണത്തിനിടെ കൊല്ലപ്പെട്ടയാള് സിപിഐഎം രക്തസാക്ഷിയാകും.
അണികള്ക്ക് ബോംബ് നിര്മ്മണ പരിശീലനം നല്കുന്ന സിപിഐഎമ്മും തീവ്രവാദ സംഘടനകളും തമ്മില് എന്ത് വ്യത്യാസമാണുള്ളത്. ആരായിരുന്നു ലക്ഷ്യമെന്ന് വ്യക്തമാക്കാന് സിപിഐഎം തയാറാകണം. യുഡിഎഫ്, കോണ്ഗ്രസ് നേതാക്കളാകാനാണ് സാധ്യതയെന്നാണ് ഞങ്ങള് കരുതുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില് ഒപ്പിട്ട ആര്എസ്എസ് -സിപിഐഎം കരാര് നിലനില്ക്കുന്ന സാഹചര്യത്തില് അങ്ങനെ സംശയിക്കണം. മറുപടി പറയാനുള്ള ബാധ്യത, ബോംബ് നിര്മ്മിച്ചയാള്ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത വടകരയിലെ എല്ഡിഎഫ് സ്ഥാനാര്ത്ഥി കെ കെ ശൈലജക്കുമുണ്ടെന്ന് സതീശന് ആരോപിച്ചു.