'വെറുപ്പിൻ്റെയും വിദ്വേഷത്തിൻ്റെയും ഉപാസകരെ തിരിച്ചറിയണം'; കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ

'സമ്മതിദാന അവകാശം ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാന് വിശ്വാസികള് അതീവ ജാഗ്രത പുലര്ത്തണം'

dot image

കോഴിക്കോട്: രാജ്യത്തിന്റെ ഭാസുര ഭാവി നിര്ണയിക്കാന് പര്യാപ്തരും പ്രാപ്തിയുള്ളവരെയുമാണ് ജനപ്രതിനിധികൾ ആക്കേണ്ടതെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. രാജ്യത്തിന്റെ ഭാവി നിര്ണയിക്കുന്ന സമയമാണെന്നും കൃത്യമായ രാഷ്ട്രീയബോധം ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം മഅദിന് അക്കാദമിയിലെ പ്രാര്ത്ഥനാ സമ്മേളനത്തിലായിരുന്നു കാന്തപുരത്തിന്റെ പ്രതികരണം.

സമ്മതിദാന അവകാശം ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാന് വിശ്വാസികള് അതീവ ജാഗ്രത പുലര്ത്തണം. സാമൂഹിക ഐക്യവും സഹവര്ത്തിത്വവും രാജ്യത്ത് എന്നെന്നും നിലനില്ക്കേണ്ടതുണ്ട്. വെറുപ്പിൻ്റെയും വിദ്വേഷത്തിൻ്റെയും ഉപാസകരെ തിരിച്ചറിയണം. അവരുടെ അപനിര്മാണങ്ങളിലൂടെ രാജ്യത്തെ ജനജീവിതരീതി അരക്ഷിതമാകാതിരിക്കാനുമുള്ള ഇടപെടലുകള് പ്രബുദ്ധ സമൂഹത്തില് നിന്ന് ഉണ്ടാകണമെന്നും കാന്തപുരം ആവശ്യപ്പെട്ടു. മമതയിലും മൈത്രിയിലുമൂന്നിയതാണ് രാജ്യത്തിൻ്റെ ജനജീവിത പാരമ്പര്യം. സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും കരുത്തുകൊണ്ട് വിഭാഗീയശ്രമങ്ങളെ ഉന്മൂലനം ചെയ്യാനാവണമെന്നും കാന്തപുരം പറഞ്ഞു.

നേരത്തെ കാന്തപുരത്തിൻ്റെ പേരിൽ സോഷ്യൽ മീഡിയയിൽ നടന്ന പ്രചരണങ്ങൾക്കെതിരെ അദ്ദേഹം രംഗത്ത് വന്നിരുന്നു. അതുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും പ്രചരണം വ്യാജമാണെന്നും വാര്ത്താക്കുറിപ്പിലൂടെ കാന്തപുരം അറിയിച്ചിരുന്നു. വ്യാജപ്രചരണത്തിനെതിരെ മർക്കസ് പബ്ലിക് റിലേഷൻസ് ജോയിന്റ് ഡയറക്ടർ പൊലീസിൽ പരാതി നൽകിയിരുന്നു. കോഴിക്കോട് കുന്ദമംഗലം പൊലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത് അന്വേഷണം ഊർജ്ജിതമാക്കിയത്.

സിപിഐഎം പ്രതിനിധികള് കേന്ദ്രത്തില് പോയി ഇന്ഡ്യ മുന്നണിക്ക് പിന്തുണ നല്കുമെന്ന് യാതൊരു ഉറപ്പുമില്ല, അതുകൊണ്ട് തങ്ങള് ഇത്തവണ യുഡിഎഫിന് പിന്തുണ നല്കുമെന്നുള്പ്പടെയുള്ള പ്രസ്താവനകളാണ് കാന്തപുരത്തിന്റെ പേരില് പ്രചരിച്ചത്. റിയാസ് മൗലവി വധക്കേസില് പ്രതികളെ വെറുതെവിട്ടതുമായി ബന്ധപ്പെട്ടും അദ്ദേഹത്തിന്റെ പേരില് വ്യാജപ്രചരണമുണ്ടായിരുന്നു. മർക്കസിൻ്റെ ലെറ്റർഹെഡ് വ്യാജമായി ഉണ്ടാക്കിയാണ് സോഷ്യൽ മീഡിയയിൽ പ്രചാരണം നടന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us